സിദ്റ അക്കാദമി അടുത്ത വർഷം പൂർത്തിയാകും
text_fieldsസിദ്റ അക്കാദമിയുടെ ഡിജിറ്റലായി സൃഷ്ടിച്ച ആകാശക്കാഴ്ച മാതൃക
ദോഹ: ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച് എജുക്കേഷൻ സിറ്റിയിൽ സിദ്റ ഫൗണ്ടേഷൻ പദ്ധതി നിർമാണ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) തുടക്കം കുറിച്ചു. 74,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 33,000 ചതുരശ്രമീറ്റർ ബിൽറ്റ് അപ് ഏരിയയിൽ നിർമിക്കുന്ന അക്കാദമിയിൽ 60 ക്ലാസ് മുറികളിലായി 1800 വിദ്യാർഥികളെ ഉൾക്കൊള്ളാൻ സാധിക്കും.
ക്ലാസ് മുറികൾക്ക് പുറമേ, ലെക്ചർ ഹാളുകൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, വിദ്യാർഥികൾക്കും സന്ദർശകർക്കുമുള്ള സ്വീകരണ മുറികൾ എന്നിവ ഉൾപ്പെടുന്ന രണ്ടു നിലയിലുള്ള പ്രധാന കെട്ടിടവും ഇതോടൊപ്പം നിർമിക്കും. അടുത്ത വർഷം രണ്ടാം പാദത്തോടെ സിദ്റ ഫൗണ്ടേഷൻ നിർമാണ പദ്ധതി പൂർത്തിയാകുമെന്നും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അഷ്ഗാൽ പബ്ലിക് പ്രോജക്ട്സ് വിഭാഗം മേധാവി അഹ്മദ് അൽ മഹ്മീദ് പറഞ്ഞു.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. സ്റ്റീൽ, ഇരുമ്പ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉപകരണങ്ങൾ, ഗ്ലാസ്, അലുമിനിയം തുടങ്ങി നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ വസ്തുക്കളുടെ 60 ശതമാനവും പ്രാദേശികമായി ഉൽപാദിപ്പിച്ചവയാണെന്നും അൽ മഹ്മീദ് ചൂണ്ടിക്കാട്ടി.
ആരോഗ്യം, സുരക്ഷ, ഗുണനിലവാരം, സാങ്കേതികവിദ്യ എന്നിവയിൽ ഏറ്റവും ഉയർന്ന പ്രാദേശിക, അന്തർദേശീയ മാനദണ്ഡങ്ങളാണ് പദ്ധതിക്ക് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിരത മാനദണ്ഡങ്ങൾക്കനുസൃതമായി ആഗോള ജി.എസ്.എ.എസ് സംവിധാനവുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് സിദ്റ ഫൗണ്ടേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്.
ഊർജ, ജല സംരക്ഷണത്തിനായുള്ള ആധുനിക സാങ്കേതികവിദ്യകൾ, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ ഉയർന്ന നിലവാരം എന്നിവ പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനകത്തും പുറത്തും ജല ഉപഭോഗം കുറക്കുന്നതിനുള്ള സംവിധാനങ്ങൾ, നിർമാണ സമയത്തെ പരിസ്ഥിതി സംരക്ഷണം, വൈദ്യുത സെൻസറുകൾ, മീറ്ററുകൾ തുടങ്ങിയ ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും നിർമാണത്തിലുൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

