'സ്ഹൈൽ' കൊടിയിറങ്ങി
text_fieldsകതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽസുലൈതി (വലത്) സ്ഹൈൽ സന്ദർശിക്കാനെത്തിയവരോട് സംസാരിക്കുന്നു
ദോഹ: നാലാമത് രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനം സ്ഹൈൽ 2020 കൊടിയിറങ്ങി. 13 രാജ്യങ്ങളിൽനിന്നായി 140 കമ്പനികളാണ് ഇത്തവണ മേളയിൽ പങ്കെടുത്തത്. കോവിഡ്-19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഈ വർഷത്തെ മേള നടന്നതെങ്കിലും ആയിരങ്ങളാണ് അഞ്ച് ദിവസം നീണ്ടുനിന്ന മേളയിൽ സന്ദർശകരായെത്തിയത്. ബിൽഡിങ് 12ൽ പ്രത്യേകം ഉയർത്തിയ കാരവൻ പവലിയൻ സന്ദർശകരാൽ വീർപ്പുമുട്ടി. വിവിധ വലുപ്പത്തിലും വൈവിധ്യമാർന്നതുമായ ഖത്തരി നിർമിത കാരവനുകൾ സന്ദർശകരുടെ മനം കവർന്നു.
മേഖലയിലെ മുൻനിര സ്പോർട്സ് ടെക്ക് കമ്പനിയായ ഖത്തർ സ്പോർട്സ് ടെക്ക് (ക്യു.എസ്.ടി) ഇത്തവണ മേളയിൽ സാന്നിധ്യമറിയിച്ചു. സന്ദർശകർക്ക് മികച്ച സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിനുള്ള പ്രത്യേക മത്സരവും പവലിയൻ സംഘടിപ്പിച്ചു. 2018ലാണ് ക്യു.എസ്.ടി ലോഞ്ച് ചെയ്തത്. ക്യു.എസ്.ടിയുടെ ഏറ്റവും പുതിയ പ്രീ അക്ലറേറ്റ് േപ്രാഗ്രാമായ ഇൻതിലാഖ് ആയിരുന്നു പവലിയനിലെ ശ്രദ്ധേയം.
കതാറ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാർഷിക പരിപാടിയായ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനത്തിൽ ഖത്തറിന് പുറമേ, കുവൈത്ത്, പാകിസ്താൻ, അമേരിക്ക, ബ്രിട്ടൻ, തുർക്കി, സ്പെയിൻ, ബെൽജിയം, ലബനാൻ, പോർച്ചുഗൽ, റുമാനിയ, ഫ്രാൻസ്, ഹംഗറി എന്നീ രാജ്യങ്ങളാണ് ഇത്തവണ പങ്കെടുത്തത്.
മേഖലയിലെ തന്നെ ഏറ്റവും വലിയ ഫാൽക്കൺ, വേട്ട പ്രദർശനമായ സ്ഹൈലിൽ വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും ഫാൽക്കൺ ലേലം, ഫാൽക്കണുമായി ബന്ധപ്പെട്ട വസ്തുക്കൾ, സഫാരിക്കുള്ള വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും, കരകൗശല വസ്തുക്കൾ, ഭക്ഷ്യ സ്റ്റാളുകൾ എന്നിവയാണ് വിൽപനക്കും പ്രദർശനത്തിനുമായെത്തുന്നത്. 2017ലാണ് പ്രഥമ സ്ഹൈൽ മേളക്ക് തുടക്കം കുറിച്ചത്.
ഫാൽക്കണുകളും വേട്ടയുമായി ബന്ധപ്പെട്ട് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനവും ഹബ്ബുമായി സ്ഹൈൽ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക, ബോധവത്കരണ പരിപാടികളും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കണുകളാണ് ഫാൽക്കൺ വേട്ട മേളയിൽ ലേലത്തിനായി എത്തുന്നത്. വേട്ടക്കാലം ആഗതമായി എന്നറിയിക്കുന്നതിനായുള്ള സ്ഹൈൽ എന്ന നക്ഷത്രത്തിൽ നിന്നാണ് മേളക്ക് ആ പേര് ലഭിക്കുന്നത്. ആകാശത്ത് സ്ഹൈൽ നക്ഷത്രമുദിക്കുന്നതോടെ ആ വർഷത്തെ വേട്ടക്കാലം തുടങ്ങുകയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.