ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബർ രണ്ടിന്
text_fieldsഅന്തിമ വോട്ടർപട്ടിക ഉടൻ; സ്ഥാനാർഥി രജിസ്ട്രേഷൻ ആരംഭിച്ചു
ദോഹ: ഖത്തറിൻെറയും ഗൾഫ് രാജ്യങ്ങളുടെയും ചരിത്രത്തിലെ നിർണായകമായ ശൂറാ കൗൺസിൽ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ രണ്ടിനായിരിക്കും കൗൺസിലിലെ 30 അംഗങ്ങളെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ വോട്ടെടുപ്പ്. ഞായറാഴ്ച പ്രത്യേക വിജ്ഞാപനത്തിലൂടെ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പിലെ സ്ഥാനാർഥി രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിച്ചു. വ്യാഴാഴ്ച വരെ അഞ്ചു ദിവസമാണ് സ്ഥാനാർഥികളുടെ രജിസ്ട്രേഷനുള്ള സമയം. ഈ സമയ പരിധിക്കുള്ളിൽ നാമനിർദേശം സമർപ്പിക്കുന്നവരിൽനിന്നും, സൂക്ഷ പരിശോധനക്കൊടുവിൽ അംഗീകാരം നേടുന്നവരാവും ഒക്ടോബറിലെ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ.
ആദ്യ ഘട്ട നടപടിയായ വോട്ട് ചേർക്കൽ ആഗസ്റ്റ് ആദ്യവാരം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിച്ചു. വൈകാതെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കും.ജനാധിപത്യ വോട്ടവകാശത്തിലൂടെ ആദ്യമായാണ് ശൂറാകൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 45 അംഗ കൗൺസിലിലെ 30 അംഗങ്ങളെയാണ് ജനങ്ങൾ വോട്ട് ചെയ്ത് നേരിട്ട് തെരഞ്ഞെടുക്കുന്നത്. ഇതിനായി 30 ഇലക്ടറൽ ജില്ലകളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശേഷിച്ച 15 പേരെ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി നേരിട്ട് നാമനിർദേശത്തിലൂടെ തെരഞ്ഞെടുക്കും.