ഇസ്രായേലിന്റെ നിയമലംഘനങ്ങൾക്കെതിരെ ഏകീകൃത നിലപാട് സ്വീകരിക്കണം -ശൂറാ കൗൺസിൽ
text_fieldsഖത്തർ ശൂറാ കൗൺസിൽ യോഗത്തിൽനിന്ന്
ദോഹ: ഇസ്രായേലിന്റെ നിയമലംഘനങ്ങൾക്കെതിരെ ഏകീകൃത നിലപാട് സ്വീകരിക്കണമെന്ന് ഖത്തർ ശൂറാ കൗൺസിൽ. അധിനിവേശ വെസ്റ്റ് ബാങ്കിലും നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളിലും ഇസ്രായേലി പരമാധികാരം അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് കരട് നിയമങ്ങൾക്ക് ഇസ്രായേൽ നെസെറ്റ് അംഗീകാരം നൽകിയതിനെയും ഖത്തർ ശൂറാ കൗൺസിൽ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമസാധുതയെയും സമാധാന ശ്രമങ്ങളെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം.
1967ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ആവർത്തിച്ച ശൂറാ കൗൺസിൽ കുടിയേറ്റ വ്യാപനം നിർത്തണമെന്നും ആവശ്യപ്പെട്ടു. ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ശൂറാ കൗൺസിൽ യോഗം ചേർന്നത്. യോഗത്തിൽ സെക്രട്ടറി ജനറൽ നായിഫ് ബിൻ മുഹമ്മദ് അൽ മഹ്മൂദ് അജണ്ട അവതരിപ്പിച്ചു. കൂടാതെ, ആറ് പ്രധാന കമ്മിറ്റികൾക്കും രൂപം നൽകി.
പുതിയ ആറ് കമ്മിറ്റികളും അവയുടെ അധ്യക്ഷന്മാരും-ലീഗൽ ആൻഡ് ലെജിസ്ലേറ്റിവ് അഫയേഴ്സ് (ഖാലിദ് ബിൻ ഗനീം അൽ അലി), ആഭ്യന്തര, വിദേശ കാര്യങ്ങൾക്കുള്ള കമ്മിറ്റി (യൂസഫ് ബിൻ അലി അൽ ഖാതിർ), സാമ്പത്തിക, ധനകാര്യ വിഭാഗങ്ങൾക്കുള്ള കമ്മിറ്റി (മുഹമ്മദ് ബിൻ യൂസഫ് അൽമനാ), ആരോഗ്യം, പൊതുസേവനം, പരിസ്ഥിതി വിഭാഗങ്ങളുടെ കമ്മിറ്റി (അബ്ദുല്ല ബിൻ നാസർ ബിൻ തുർക്കി അൽ സുബഈ), വിദ്യാഭ്യാസ-സംസ്കാരം, കായികം, ഐ.ടി വിഭാഗങ്ങൾക്കുള്ള കമ്മിറ്റി (ഖാലിദ് ബിൻ അഹമ്മദ് അൽ ഉബൈദാൻ), സാമൂഹിക, തൊഴിൽ, ഭവനം എന്നിവക്കുള്ള കമ്മിറ്റി (ഡോ. സുൽത്താൻ ബിൻ ഹസ്സൻ അൽ ദൂസരി).
ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ സഹായമെത്തിച്ച് ഖത്തർ
ദോഹ: ഇസ്രായേൽ ആക്രമണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഗസ്സയിൽ സഹായവിതരണം ഊർജിതമാക്കി ഖത്തർ. സന്നദ്ധ സംഘടനയായ ഖത്തർ എയ്ഡ് ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്തു. അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളുമായി ചേർന്നാണ് ഖത്തർ എയ്ഡ് പ്രവർത്തനം നടത്തുന്നത്. ഈജിപ്ത് അതിർത്തി വഴി ഗസ്സയിലെത്തിച്ച നൂറുകണക്കിന് ടൺ സഹായവസ്തുക്കളാണ് ഖത്തർ എയ്ഡ് ഫലസ്തീനി ടെന്റുകളിൽ വിതരണം ചെയ്തത്. മരുന്നുകൾ, പുതപ്പുകൾ, ഭക്ഷണം, മറ്റു അവശ്യസേവന വസ്തുക്കൾ എന്നിവയാണ് ടെന്റുകളിൽ എത്തിച്ചു നൽകിയത്. ഗസ്സ പുനർനിർമാണ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സഹായത്തിന് ഖത്തറിനും ഖത്തർ അമീറിനും ഫലസ്തീനികൾ നന്ദി അറിയിച്ചു.
യുദ്ധം മൂലം തകർന്ന ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതായി ശതകോടികളുടെ സഹായമാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്. ഖത്തറിന്റെ മേൽനോട്ടത്തിൽ പ്രദേശത്തെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും കോൺക്രീറ്റ് മാലിന്യങ്ങളും നീക്കി റോഡുകൾ നിർമിക്കാനുള്ള ജോലിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. വീടുകൾ തകർന്ന പ്രദേശവാസികൾക്കായി 87,754 താമസ ക്യാമ്പുകൾ സജ്ജമാക്കി. 4.36 ലക്ഷം പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. സഹായവിതരണത്തിനായി മാത്രം ഈജിപ്ത്, ജോർഡൻ വഴി ലാൻഡ് എയ്ഡ് ബ്രിഡ്ജും ഈജിപ്ത് വഴി മാരിടൈം എയ്ഡ് ബ്രിഡ്ജും ഖത്തർ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

