റസ്റ്റാറന്റുകളിൽ ഷീഷ: വ്യവസ്ഥകളുമായി ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: റസ്റ്റാറന്റുകളിലെ പുകവലിക്കും ഷീഷക്കും പുതിയ വ്യവസ്ഥകളുമായി ആരോഗ്യ മന്ത്രാലയം. ഭക്ഷണ പാനീയങ്ങളും പുകയില അനുബന്ധ ഉൽപന്നങ്ങളും ഷീഷയും വിൽപന നടത്തുന്ന കടകൾക്ക് അനുമതി നൽകുന്നതിന് പുതിയ വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം നമ്പർ 16ലെ ആർട്ടിക്കിൾ ആറ് പ്രകാരം നിർദേശിച്ചു.
കടയുടെ ആകെ വിസ്തൃതി 300 ചതുരശ്രമീറ്ററിൽ കുറയാൻ പാടില്ല. കടയുടെ പുറത്തായിരിക്കണം പുകവലിക്കും പുകയില ഉൽപന്നങ്ങൾ നൽകാനുമുള്ള സൗകര്യമൊരുക്കേണ്ടത്. കടയുടെ പ്രധാന കവാടം നേരിട്ട് റസ്റ്റാറന്റിലേക്കോ പുകവലിക്കാത്തവർക്ക് പാനീയങ്ങൾ നൽകുന്ന സ്ഥലത്തേക്കോ ആയിരിക്കണം നിർണയിക്കേണ്ടത്.
ഷീഷ, പുകവലി ആവശ്യങ്ങൾക്കുള്ള സ്ഥലം കടയുടെ വിസ്തൃതിയുടെ പകുതിയിൽ കൂടുതൽ കവിയാൻ പാടില്ല. ഈ ഭാഗത്ത് പ്രധാന പ്രവേശന കവാടം, സ്റ്റോർ റൂമുകൾ, വിശ്രമ മുറികൾ, മറ്റു സേവനങ്ങൾ എന്നിവ ഉണ്ടായിരിക്കരുതെന്നും നിർദേശമുണ്ട്. കടയുടെ പിറകിലോ പ്രധാന കവാടത്തിൽനിന്ന് അഞ്ച് മീറ്ററിൽ കുറയാത്ത അകലത്തിലോ ഷീഷയോ പുകവലിയോ നൽകുന്നതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലം ശീതീകരിക്കുന്നതിനും വെന്റിലേഷനുമുള്ള വ്യവസ്ഥകളും പാലിച്ചിരിക്കണം. 18 വയസ്സിന് താഴെയുള്ളവർക്ക് ഷീഷ നൽകാനോ, അവരെ പുകവലിക്കുന്ന സ്ഥലത്ത് പ്രവേശിക്കാനോ അനുവദിക്കരുത്. കുടുംബാംഗങ്ങൾക്ക് ഒപ്പമാണെങ്കിലും അവരെ അനുവദിക്കരുത്. ഇത് വ്യക്തമാക്കുന്ന ബോർഡ് പ്രവേശന കവാടത്തിൽ നിർബന്ധമായും കടയുടമകൾ പതിച്ചിരിക്കണമെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

