ദോഹ: സമുദ്ര സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്ന നിരീക്ഷണക്കപ്പലുകൾ ഗതാഗത വാർത്തവിനിമയ മന്ത്രാലയം പേൾ ഖത്തറിൽ പുറത്തിറക്കി. മോണിറ്ററിങ് വെസൽസ് പ്രോജക്ടിെൻറ ഭാഗമായാണിത്. രാജ്യത്തിെൻറ സമുദ്ര പര്യവേക്ഷണങ്ങളുടെ സുരക്ഷയും സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താൻ നിരീക്ഷണക്കപ്പലുകൾ സമുദ്ര മേഖലകളിലും തുറമുഖങ്ങളിലും വിന്യസിക്കും.
സമുദ്ര സുരക്ഷ ഉറപ്പാക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. കടലിലെ അപകടങ്ങൾ അന്വേഷിക്കലും ഖത്തർ കടലിലൂടെ നീങ്ങുന്ന കപ്പലുകളുടെ നിരീക്ഷണവും സുരക്ഷയും ഇനി ഇവയുടെ ചുമതലയായിരിക്കും.ഖത്തർ സമുദ്രത്തിൽ നങ്കൂരമിടുന്ന വിദേശ കപ്പലുകളുടെ നിരീക്ഷണവും സാധ്യമാകും. സമുദ്ര നിയമവും അന്താരാഷ്ട്ര കൺവെൻഷനുകളും അനുശാസിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഇവ ഉറപ്പാക്കും. സമുദ്ര മലിനീകരണം കണ്ടെത്തുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതും ഈ നിരീക്ഷണക്കപ്പലുകളായിരിക്കും.
ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷെൻറ നിയമ നിർദേശങ്ങൾക്കുള്ളിൽനിന്ന് സമുദ്ര ഗതാഗതമേഖലയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും ഏറ്റവും പുതിയ സംവിധാനങ്ങളാണ് കപ്പലുകളിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയത്തിലെ മാരിടൈം ട്രാൻസ്പോർട്ട് അസി. അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ ഫിതൈസ് അൽ മർരി പറഞ്ഞു.