ഉപരോധം നാലാം വർഷത്തിലേക്ക്: അയൽരാജ്യങ്ങളുടെ ഉപരോധം മേഖലയുടെ സുരക്ഷക്ക് ഭീഷണി–ഖത്തർ
text_fieldsദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ അന്യായമായ ഉപരോധം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണെന്നും ആവർത്തിച്ച് ഖത്തർ. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഫലമാണ് ഖത്തറിനെതിരായ ഉപരോധമെന്നും ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി വ്യക്തമാക്കി.
സായുധ സംഘർഷങ്ങളിൽ പൗരന്മാരുടെ സുരക്ഷ എന്ന തലക്കെട്ടിൽ ഐക്യരാഷ്ട്രരക്ഷാ സമിതി സംഘടിപ്പിച്ച വിർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഖത്തറിനെതിരായ അന്യായമായ ഉപരോധം തുടർച്ചയായ നാലാം വർഷത്തിലേക്കാണ് പ്രവേശിക്കുന്നത്. മേഖലയുടെ സുരക്ഷ സംബന്ധിച്ച് ഒട്ടും ആശങ്കയില്ലാതെ തീർത്തും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണ് ഖത്തറിനെതിരായ ഉപരോധമെന്നും നിലവിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് അറബ് മേഖല കടന്ന് പോകുന്നതെന്നും ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി ചൂണ്ടിക്കാട്ടി.
പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും തീർപ്പാക്കുന്നതിനും പകരം ഉപരോധ രാജ്യങ്ങൾ അന്താരാഷ്ട്രനിയമങ്ങൾ ലംഘിക്കുന്നത് തുടരുന്ന പ്രവണതയാണെന്നും ശൈഖ ആൽഥാനി സൂചിപ്പിച്ചു. സംഘർഷ മേഖലകളിലെ സിവിലിയൻമാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അവർക്കാവശ്യമായ അടിയന്തര സഹായമെത്തിക്കുന്നതിനും ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഖത്തറിന് അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.