വികസന അജണ്ട: കേന്ദ്രബിന്ദു വിദ്യാഭ്യാസമാകണം –ശൈഖ മൗസ
text_fieldsദോഹ: മാനവിക വികസന അജണ്ടയുടെ കേന്ദ്രബിന്ദുവായി വിദ്യാഭ്യാസത്തെ മുന്നോട്ട് വെക്കണമെന്ന് എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സണും യു.എൻ സുസ്ഥിര വികസന ലക്ഷ്യ ഉപദേശകയുമായ ശൈഖ മൗസ ബിൻത് നാസർ സർക്കാർ, വ്യവസായ നേതാക്കളോടാവശ്യപ്പെട്ടു.
‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ വിദ്യാഭ്യാസത്തിെൻറ പങ്ക്’ എന്ന പ്രമേയത്തിൽ യുനെസ്കോയുമായി സഹകരിച്ച് എജ്യുക്കേഷൻ എബൗവ് ഓൾ പാരിസിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഓരോ കുട്ടിക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ എല്ലാ സർക്കാറുകളും ആദരിക്കണമെന്നും സമാധാനാന്തരീക്ഷത്തിലും സംഘർഷ സാഹചര്യത്തിലും വിദ്യാഭ്യാസത്തെ രാഷ്ട്രീയവുമായി ചേർത്തുള്ള കളി നിർത്തണമെന്നും ശൈഖ മൗസ ആവശ്യപ്പെട്ടു. 15 വർഷങ്ങൾക്ക് മുമ്പ് എല്ലാ സ്ഥലത്തെയും കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച് യു.എന്നുമായി ആശയം പങ്കുവെച്ചിരുന്നുവെന്നും എന്നാൽ ഇന്നത് യാഥാർഥ്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ വിശദീകരിച്ചു.
63 ദശലക്ഷം കുട്ടികൾ ഇന്ന് വിദ്യാലയത്തിെൻറ പടിക്ക് പുറത്താണെന്നും എന്തുകൊണ്ട് പ്രതിബന്ധങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നില്ലായെന്നും പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അവർ ചോദിച്ചു. എന്നാൽ ഈ മേഖലയിൽ വിജയം വരിച്ചവരുടെ ചരിത്രങ്ങൾ കൈവശമുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ തടസ്സങ്ങൾ നീക്കാൻ സാധിക്കുന്നവയാണെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനായിരിക്കണം നമ്മുടെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ പരിഗണന. എല്ലാവർക്കും സമാധാനവും ഐശ്വര്യവും നാം ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാവർക്കും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെന്നത് നാം ആദ്യം ഉറപ്പുവരുത്തണമെന്നും അവർ സൂചിപ്പിച്ചു.
വിദ്യാഭ്യാസം ലഭിക്കുകയെന്നത് മനുഷ്യാവകാശങ്ങളിൽ പെട്ടതാണെന്ന കാര്യത്തിൽ നാം യോജിക്കുന്നു.അതിനാൽ തന്നെ എല്ലാ കാര്യത്തിനും മുകളിൽ പ്രത്യേകിച്ചും രാഷ്ട്രീയത്തിനും മുകളിൽ വിദ്യാഭ്യാസത്തിന് നാം പരിഗണനയും പ്രത്യേക ശ്രദ്ധയും നൽകണം. എന്നാൽ പലപ്പോഴും ഇത് സംഭവിക്കുന്നില്ലെന്നത് ദുഖകരമാണ്. ഖത്തറിനെതിരെ നിലവിലുള്ള ഉപരോധത്താൽ നിരവധി വിദ്യാർഥികൾക്കാണ് തങ്ങളുടെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നത്. ഉപരോധരാജ്യങ്ങൾ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സ്വീകരിച്ചിട്ടില്ല. ശൈഖ മൗസ ചൂണ്ടിക്കാട്ടി. യുനെസ്കോ ഡയറക്ടർ ജനറൽ ഒൗേഡ്ര അസൂലേ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു. വർധിച്ചു വരുന്ന വിദ്യാഭ്യാസ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.