ഇമാറാത്തിന്‍റെ ദുഖത്തിൽ പങ്കുചേരാൻ ഖത്തർ അമീർ അബുദബിയിലെത്തി
text_fieldsദോഹ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എ.ഇയിലെത്തി. ഞായറാഴ്ചയാണ് അമീർ യു.എ.ഇയുടെ പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സന്ദർശിച്ച് അനുശോചനം അറിയിച്ചത്. അബുദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ അമീറും ഉന്നത സംഘവും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടികാഴ്ച നടത്തി ആൽ നഹ്യാൻ കുടുംബത്തിന്‍റെയും ഇമാറാത്തി ജനതയുടെയും ദുഖത്തിൽ പങ്കുചേർന്നു.
ഹ്രസ്വ സന്ദർശനത്തിനു ശേഷം മടങ്ങിയ അമീറിനെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യാത്രയയക്കാനായി പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരിട്ട് എത്തിയിരുന്നു.
ശനിയാഴ്ച അമീറിന്‍റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും യു.എ.ഇയിലെത്തി അനുശോചനം അറിയിച്ചു. ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി എന്നിവരും ശനിയാഴ്ച പ്രത്യേക പ്രതിനിധികൊപ്പം ദുഖത്തിൽ പങ്കുചേരാനായി അബുദബി സന്ദർശിച്ചു.
2017ൽ നാല് രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനു ശേഷം ആദ്യമായാണ് അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി യു.എ.ഇ സന്ദർശിക്കുന്നത്.