ശൈഖ് ജുആൻ ഇനി ഏഷ്യൻ ഒളിമ്പിക്സ് കൗൺസിൽ അമരത്ത്
text_fieldsശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി
ദോഹ: ഏഷ്യൻ ഒളിമ്പിക്സ് കൗൺസിൽ പ്രസിഡന്റായി ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയെ തെരഞ്ഞെടുത്തു. ഉസ്ബകിസ്താനിലെ താഷ്കെന്റിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ 46ാം ജനറൽ അസംബ്ലി യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഒരു പതിറ്റാണ്ടായി ഖത്തറിനെ ലോക കായിക ഭൂപടത്തിലെ കരുത്തുറ്റ ശക്തിയായി വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, നിലവിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റാണ്. 45 ഏഷ്യൻ നാഷനൽ ഒളിമ്പിക് കമ്മിറ്റികൾ പങ്കെടുത്ത യോഗത്തിൽ ഐകകണ്ഠ്യേനയാണ് ശൈഖ് ജുആനെ 22ാം ഒ.സി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ മുൻ ഒ.സി.എ പ്രസിഡന്റ് രൺധീർ സിങ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ശേഷിക്കുന്ന കാലയളവിലേക്ക് മത്സരം നടത്തിയത്. 2015ൽ ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മുതൽ ഖത്തർ കായികരംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2020ലെ ടോക്യോ ഒളിമ്പിക്സിൽ ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയതിൽ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി നേതൃപരമായ പങ്കുവഹിച്ചു. ഹൈജമ്പിൽ മുതാസ് ബർഷിമും വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഫാരസ് ഇബ്രാഹിമും സ്വർണവും, ബീച്ച് വോളിബാൾ ടീം വെങ്കലവും നേടി മികച്ച പ്രകടനം നടത്തി.ഫിഫ വേൾഡ് കപ്പ് (2022), ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് (2019), ഹാൻഡ്ബാൾ വേൾഡ് ചാമ്പ്യൻഷിപ് (2015), അക്വാട്ടിക്സ് വേൾഡ് ചാമ്പ്യൻഷിപ് (2024) തുടങ്ങി നിരവധി ആഗോള കായിക മാമാങ്കങ്ങൾക്ക് ഇക്കാലയളവിൽ ഖത്തർ ആതിഥേയത്വം വഹിച്ചു.
കൂടാതെ രാജ്യത്തെ കായിക മുന്നേറ്റത്തിന് കരുത്തായി 2030ലെ ഏഷ്യൻ ഗെയിംസിന് ദോഹ ആതിഥേയത്വം വഹിക്കും. കൂടാതെ, മേഖലയിൽ ആദ്യമായി നടക്കുന്ന 2027 ഫിബ ബാസ്കറ്റ്ബാൾ വേൾഡ് കപ്പിനും ദോഹ വേദിയാകും.ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ 2026ലെ കലണ്ടറിൽ 83 അന്താരാഷ്ട്ര, പ്രാദേശിക മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വേൾഡ് യൂനിവേഴ്സിറ്റി വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്, ഏഷ്യൻ അണ്ടർ -18 ബാസ്കറ്റ്ബാൾ എന്നിവ പ്രധാനമാണ്.ഒളിമ്പിക് കുടുംബത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണവുമായ ഭൂഖണ്ഡമാണ് ഏഷ്യ. ഈ വൈവിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
ഏഷ്യയുടെ കായിക പ്രവർത്തനങ്ങൾക്കായി ഒരുമിച്ച് മുന്നേറാമെന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ശൈഖ് ജുആൻ പറഞ്ഞു. മുൻ പ്രസിഡന്റ് രാജ രൺധീർ സിങ്ങിന്റെ നേതൃത്വത്തിനും, അക്ഷീണ പരിശ്രമത്തിനും നന്ദി അറിയിക്കുന്നതായും ശൈഖ് ജുആൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

