ഏഷ്യൻ ഒളിമ്പിക് കൗൺസിൽ; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി
text_fieldsശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി
ദോഹ: ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒ.സി.എ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി. നിലവിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും അസോസിയേഷൻ ഓഫ് നാഷനൽ ഒളിമ്പിക് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റുമാണ്. 2026 ജനുവരിയിൽ താഷ്കന്റ് നഗരത്തിൽ നടക്കുന്ന ജനറൽ അസംബ്ലിക്ക് മുന്നോടിയായി, ജൂലൈ 15ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശങ്ങൾ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. തുടർന്നാണ് ഈ പ്രഖ്യാപനം.
ഏഷ്യൻ കായികരംഗത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിലവിലെ പ്രസിഡന്റ് രാജാ രൺധീർ സിങ്ങിന്റെ മികച്ച സംഭാവനകൾക്കും നേതൃത്വത്തിനും ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ദീർഘകാല സേവനത്തിന് അംഗീകാരമായി രാജാ രൺധീർ സിങ്ങിനെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ഓണററി ലൈഫ് പ്രസിഡന്റായി നിയമിക്കാനുള്ള ഒ.സി.എ എക്സിക്യൂട്ടിവ് ബോർഡിന്റെ തീരുമാനത്തെ അദ്ദേഹം പിന്തുണച്ചു.കായികമേഖല ശക്തിപ്പെടുത്തി രാഷ്ട്രങ്ങൾക്കിടയിൽ ഐക്യവും വികസനവും വളർത്തുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ഭരണനിർവഹണം, സുസ്ഥിരത, അത്ലറ്റുകളുടെ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ഏഷ്യൻ കായികരംഗത്തിന്റെ സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. കായികരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും യുവജനങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ വേദികൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു.
1982ൽ സ്ഥാപിതമായ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ കുവൈത്ത് സിറ്റി ആസ്ഥാനമായി പ്രവർത്തുക്കുന്നു. 45 ദേശീയ ഒളിമ്പിക് കമ്മിറ്റികളെ ഒരുമിപ്പിക്കുന്ന ഒ.സി.എ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡ കായിക സംഘടനകളിൽ ഒന്നാണ്. പ്രാദേശിക കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വികസന സംരംഭങ്ങളെ പിന്തുണക്കുന്നതിനും സംഘടന സുപ്രധാന പങ്ക് വഹിക്കുന്നു. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ വിന്റർ ഗെയിംസ്, ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷൽ ആർട്സ് ഗെയിംസ്, ഏഷ്യൻ ബീച്ച് ഗെയിംസ്, ഏഷ്യൻ യൂത്ത് ഗെയിംസ് എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട മൾട്ടി സ്പോർട്സ് ഇവന്റുകളുടെ സംഘാടനത്തിനും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ മേൽനോട്ടം വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

