Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകളിയെ കാര്യമാക്കിയ...

കളിയെ കാര്യമാക്കിയ ഭരണാധികാരി; ഏഷ്യൻ ഗെയിംസ് മുതൽ ലോകകപ്പ് വരെ, സ്​പോർട്സിനെ വികസന മുദ്രയാക്കിയ രാഷ്ട്രനായകൻ

text_fields
bookmark_border
https://www.madhyamam.com/tags/sheikh-hamad-bin-khalifa-al-thani
cancel
camera_alt

2022 ലോകകപ്പിന് ഖത്തറിനെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സൂറിചിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിൽ നിന്നും അന്നത്തെ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും പത്നി ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദും ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ 

2022ൽ ഖത്തർ ലോകകപ്പ് ഫുട്ബാളിന് വേദിയായ കാലം. രണ്ടു പതിറ്റാണ്ടുമുമ്പ് ഖത്തറിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഒരു പ്രവാസി മലയാളിയെ ഇതിനിടയിലാണ് കാണാനിടയായത്. തനിക്കും കുടുംബത്തിനും അന്നം തന്ന നാട്ടിൽ, മഹാമേള നടക്കുന്നതറിഞ്ഞ് ചെറുമക്കൾക്കൊപ്പം കൂടാൻ വന്നതാണ് 75കാരനായ അദ്ദേഹം.

2000ത്തിന്റെ പ്രാരംഭകാലത്ത് പ്രവാസം അവസാനിപ്പിച്ചു മടങ്ങിയ ശേഷം, ആദ്യമായാണ് വീണ്ടും ആ മണ്ണിലെത്തിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ വക്റയിലെ മകന്റെ വീട്ടിലേക്കുള്ള യാത്രയിൽ ആ മനുഷ്യൻ രണ്ടു പതിറ്റാണ്ടിനിടെ അടിമുടി മാറിയ ദോഹയെയും ഖത്തറിനെയും അറിഞ്ഞു.

റൗണ്ട് എബൗട്ടുകളുടെ കുരുക്കിൽ നിന്നും ആകാശപ്പാതകളിലേക്ക് ദോഹ മാറിയത് അവിശ്വസനീയതോടെ അനുഭവിച്ചറിഞ്ഞു. വാഹനങ്ങൾ തിങ്ങിനിറഞ്ഞ റോഡുകളുടെ ശ്വാസംമുട്ടിക്കുന്ന റൗണ്ട് എബൗട്ടുകൾ കാണാനേയില്ല. നഗരത്തിരക്ക് അറിയാതെ, ഭൂമിക്കടിയിലൂടെ കുതിച്ചുപായുന്ന ദോഹ മെട്രോകൾ, ഒരു ഖലീഫ സ്റ്റേഡിയം മാത്രം നിന്ന സ്ഥാനത്ത് ലോകോത്തരമായ കളിമുറ്റങ്ങൾ, ഷെറാട്ടൺ ഹോട്ടലും ഏതാനും ബഹുനില കെട്ടിടങ്ങളുമുള്ള ദോഹ കോർണിഷ് വൻകിട തീരനഗരം പോലെ തലയുയർത്തി നിൽക്കുന്നു. അങ്ങനെ, രണ്ടു പതിറ്റാണ്ട് മുമ്പ് കണ്ട ദോഹയും ഖത്തറും അടിമുടി മാറി, പുതിയ കാലത്തിനൊപ്പം കുതിച്ചുപായുന്നത് കൺ നിറയെ കണ്ടതിന്റെ അതിശയം അയാൾ പങ്കുവെച്ചു.

ഖത്തർ എന്ന അറേബ്യൻ പെനിൻസുലയിലെ കുഞ്ഞു രാജ്യത്തെ ലോകത്തോളം വളർത്തിയ ഒരു ദീർഘദർശിയായ ഭരണാധികാരിയുടെ മിടുക്ക് സാധാരണക്കാരനായ പ്രവാസിയുടെ വാക്കുകളിലുണ്ടായിരുന്നു.

സ്പോർട്സിലൂടെ വികസനം

ലോകത്തെ പ്രകൃതി വാതക ഹബ്ബായി വളർച്ചയിലേക്ക് കുതിച്ച ഖത്തറിന് ലോകോത്തര പദവിക്കൊത്ത അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ ഭരണാധികാരിയായ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി സ്വീകരിച്ചത് ആരും സഞ്ചരിക്കാത്ത വഴിയായിരുന്നു. വൻ നിക്ഷേപങ്ങളുമായി പാലങ്ങളും റോഡുകളും സ്റ്റേഡിയങ്ങളും മെട്രോയും നിർമിക്കുന്നതിനു പകരം, അന്താരാഷ്ട്ര മേളകളെത്തിച്ച് അടിസ്ഥാന സൗകര്യവികസനം ലോകോത്തരമാക്കി വളർത്തുകയെന്ന സ്വപ്നം. ഫുട്ബാളും ടെന്നീസും കുതിരയോട്ടവും ജീവതശ്വാസമാക്കി സ്പോർട്സിനെ പ്രിയപ്പെട്ടതായി സ്വീകരിക്കുന്ന ജനതയിലേക്ക് വികസനത്തിനും അമീർ അതു തന്നെ സ്വീകരിച്ചു.

അങ്ങനെയാണ് 2006ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലേക്ക് ആദ്യമായെത്തുന്നത്. സഹസ്രാബ്ദത്തിന്റെ തുടക്കമായ 2000ത്തിലായിരുന്നു ദോഹയെ ഏഷ്യൻ വൻകരകളുടെ കായിക പോരാട്ടത്തിന്റെ വേദിയായി തെരഞ്ഞെടുത്തത്. ഒരു അറബ് രാജ്യം ആദ്യമായി ഏഷ്യൻ ഗെയിംസിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നെറ്റിചുളിച്ചവരുമുണ്ടായിരുന്നു. എന്നാൽ, മഹാമേളയെ മുന്നിൽ നിർത്തി ഖത്തർ റോഡുകളുടെയും പാലങ്ങളുടെയും നിർമാണം മുതൽ രാജ്യത്തിന്റെ കളിമുറ്റമായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയ പുനർനിർമാണം വരെ ആരംഭിച്ചു. സ്പോർട്സ് സിറ്റിയിൽ ആസ്പയർ സോണിനും ഏഷ്യൻ ഗെയിംസിന് മുമ്പായി തറക്കല്ലിട്ടു. ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ കായിക അക്കാദമിയായി ആസ്പയർ തലയുയർത്തി നിൽക്കുമ്പോൾ സ്പോർട്സിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യമാണ്.

2006 ഡിസംബറിൽ നടന്ന ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ അവിസ്മരണീയ കായിക മേളയായി അവസാനിച്ചതിനു പിന്നാലെയാണ് ഖത്തർ തുടർന്നുള്ള കുതിപ്പിനും കച്ചമുറുക്കി തുടങ്ങുന്നത്.

ഏഷ്യൻ ഗെയിംസിന്റെ വിജയം ഏറ്റവും വലിയ സ്വപ്നത്തിലേക്ക് വഴിവെട്ടാൻ ഖത്തറിനും ഭരണാധികാരിക്കും ഊർജമായി. അങ്ങനെയാണ് ഫിഫ ലോകകപ്പ് ഫുട്ബാളിനെ ഖത്തറിലൂടെ ആദ്യമായി അറബ് രാജ്യത്ത് എത്തിക്കുകയെന്ന പദ്ധതിക്ക് നിലമൊരുക്കുന്നത്. വലിയ നേട്ടങ്ങളോ, ലോക ഫുട്ബാളിൽ ശ്രദ്ധേയ മേൽവിലാസമോ ഇല്ലാത്ത ചെറിയ നാടിന്റെ സ്വപ്നം യൂറോപ്പിലെയും തെക്കനമേരിക്കൻ രാജ്യങ്ങളിലെയും ഫുട്ബാൾ സംഘാടകർക്ക് ആദ്യം തമാശയായിരുന്നു. എന്നാൽ, 2006 അവസാനത്തിൽ തന്നെ ലോകകപ്പ് ബിഡിനുള്ള പ്രാരംഭ നടപടികളിലേക്ക് ഖത്തർ ശ്രമം ആരംഭിച്ചു. ചൂട് കാലാവസ്ഥ, ചെറിയ രാജ്യം, ആവശ്യമായ സ്റ്റേഡിയങ്ങളുടെ അഭാവം തുടങ്ങി ഖത്തറിന്റെ സ്വപ്നങ്ങൾക്ക് വിലക്കിടാൻ കാരണങ്ങളേറെയുണ്ടായിരുന്നു.

എന്നാൽ, ലോകകപ്പിന്റെ ഒരുക്കങ്ങളിലൂടെ രാജ്യം ലോകോത്തരമാക്കി മാറ്റാനുള്ള ദീർഘവീക്ഷണമായിരുന്നു ഭരണാധികാരികൾക്ക്. പുതിയ സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളും നിർമിച്ചും, ദോഹ മെട്രോ, വലിയ പാർക്കുകൾ, ഉന്നത നിലവാരത്തിലുള്ള റോഡുകൾ അങ്ങനെ പുതിയ നിർമാണവുമായി ലോകകപ്പിനെ വരവേൽക്കാനുള്ള ദൃഢനിശ്ചയവുമായി ഖത്തർ മുന്നോട്ട് പോയി. ബിഡ് കമ്മിറ്റിയുടെ ചുക്കാൻ പിടിക്കാൻ മകൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയെ ചുമതലപ്പെടുത്തി. 2010ലെ വേദി പ്രഖ്യാപനത്തിനും വർഷങ്ങൾക്ക് മുമ്പ് തന്നെ ഖത്തർ തങ്ങളുടെ ലോകകപ്പ് സ്വപ്നത്തിനായി ജോലികൾ തുടങ്ങി. അറേബ്യൻ മണ്ണിന്റെ ആദ്യ ലോകകപ്പ് എന്ന ആശയവുമായി ലോകമെങ്ങും സഞ്ചരിച്ച് പിന്തുണ ഉറപ്പിച്ചു. തെക്കനമേരിക്ക, ആഫ്രിക്ക, ഏഷ്യൻ, യൂറോപ്പ് രാജ്യങ്ങളുടെയും ഫിഫയുടെയും പിന്തുണ ഉറപ്പാക്കി. ഒടുവിൽ, 2010 ഡിസംബറിൽ നടന്ന വോട്ടെടുപ്പിൽ അമേരിക്ക, ദക്ഷിണ കൊറിയ രാജ്യങ്ങളുടെ ലോകകപ്പ് മോഹങ്ങളെ പിന്തള്ളി ഖത്തർ 2022 ലോകകപ്പിന്റെ ആതിഥേയ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു.

സുറിചിലെ പ്രഖ്യാപന വേദിയിൽ, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിൽ നിന്നും ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങികൊണ്ട് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഖത്തറിന്റെ മാത്രമല്ല, അറേബ്യൻ ജനതയുടെയും സ്വപ്നങ്ങളുടെ നായകനായി മാറി. ശേഷമുള്ള പതിറ്റാണ്ടിൽ ലോകം കണ്ടത് സമാനതകളില്ലാത്ത തയ്യാറെടുപ്പിന്റെ കാലം. ലുസൈൽ സ്റ്റേഡിയം മതൽ അൽ ഖോറിലെ അൽബെയ്ത് സ്റ്റേഡിയം വരെ അത്യാധുനികമായി എട്ട് കളിമുറ്റങ്ങൾ. ലോകകപ്പിനെത്തുന്ന ജനലക്ഷങ്ങൾക്ക് അനായാസം സ്റ്റേഡിയങ്ങളിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് സഞ്ചരിക്കാൻ ദോഹ മെട്രോ, ആകാശപാതകൾ നിറഞ്ഞ റോഡുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലോകത്തിന്റെ ആകാശ യാത്രാ ഹബ്ബായി മാറിയ ഹമദ് വിമാനത്താവളവും ദോഹ തുറമുഖവും... അങ്ങനെ ലോകകപ്പ് 2022 എന്ന സ്വപ്നത്തിനൊപ്പം ലോകത്തോളം തന്നെ ഖത്തറും വളർന്നു.

ലോകകപ്പിലേക്കുള്ള യാത്രക്കിടെ ഖത്തറിന്റെ മണ്ണിൽ കായിക സംസ്കാരം കുത്തി നിറക്കാനും സാധിച്ചു. ഏഷ്യൻ കപ്പ് ഫുട്ബാളുകൾ, ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്, ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ്, ഫോർമുല വൺ ഗ്രാൻഡ്പ്രി, ഖത്തർ ഓപൺ ടെന്നീസ്, ഫിഫ അറബ് കപ്പ്, ഫിഫ അണ്ടർ 17 ലോകകപ്പുകൾ എന്നിങ്ങനെ നീണ്ടു കിടക്കുന്ന രാജ്യം വേദിയായ കായിക പോരാട്ടങ്ങൾ. ലോകകപ്പിലേക്കുള്ള യാത്രക്കിടെയാണ് അമീർ പദവി മകനും കിരീടാവകാശിയുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിലേക്ക് കൈമാറി ആ ദീർഘദർശിയായ ഭരണാധികാരി വിശ്രജീവിതത്തിലേക്ക് നീങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar NewsSheikh Hamad bin Khalifa Al Thani
News Summary - Sheikh Hamad bin Khalifa Al Thani
Next Story