Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈഖ് അബ്ദുല്ല...

ശൈഖ് അബ്ദുല്ല അദ്ദബ്ബാഗ് അന്തരിച്ചു

text_fields
bookmark_border
ശൈഖ് അബ്ദുല്ല അദ്ദബ്ബാഗ് അന്തരിച്ചു
cancel

ദോഹ: ഇസ്‍ലാമിക പണ്ഡിതനും ഖത്തർ ചാരിറ്റി സ്ഥാപകരിൽ പ്രധാനിയുമായ ശൈഖ്‌ അബ്ദുല്ല ബിൻ മുഹമ്മദ്‌ ബിൻ അബ്ദുല്ല അദ്ദബ്ബാഗ് അന്തരിച്ചു. 75 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ദോഹയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യ ഉൾപ്പെടെ അനേകം ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വൻകരകളിലുമായി പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഖത്തർ ചാരിറ്റിയുടെ സ്ഥാപകൻ എന്ന നിലയിലാണ് ശൈഖ് അബ്ദുല്ല അദബ്ബാഗിനെ അറബ് ലോകം സ്മരിക്കുന്നത്.

1948ൽ ദോഹയിൽ ജനിച്ച ഇദ്ദേഹം, 1984ൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഖത്തറിൽ പൊതു സമൂഹത്തിൽ സ്വീകാര്യനായി മാറുന്നത്. ഖത്തർ ചാരിറ്റിയുടെ ആദ്യകാല രൂപമായ ‘ലജ്നതു ഖത്തർ ലി മഷ്റൂഇ കാഫിൽ യതീമി​’ന്റെ സ്ഥാപകനായി അനാഥകളുടെയും അഗതികളുടെയും ക്ഷേമങ്ങൾക്കായി രംഗത്തിറങ്ങി. 1992ലാണ് ഈ സംവിധാനം ഖത്തർ ചാരിറ്റിയായി മാറുന്നത്. അന്ന് ജനറൽ സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഖത്തറിൽ വിദ്യഭ്യാസം പൂർത്തിയാക്കിയ ശേഷം, വിദ്യഭ്യാസ മ​ന്ത്രാലയത്തിലൂടെയായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഇസ്‍ലാമിക മതകാര്യ മന്ത്രാലയം ഡയറക്ടർ പദവിയും വഹിച്ചു.

ദേശാതിർത്തികൾ കടന്ന് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്ന ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ വ്യക്തി ആയാണ് ശൈഖ് അബ്ദുല്ല ദബ്ബാഗിനെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിൽ ഉൾപ്പെടെ നിരവധി അഗതി- അനാഥ മന്ദിരങ്ങൾ, ആശുപത്രികൾ, പള്ളികൾ, വിദ്യാലയങ്ങൾ, കാർഷിക ജലസേചന പദ്ധതികൾ എന്നിവയ്ക്ക് ഖത്തർ ചാരിറ്റിയിലൂടെ അദ്ദേഹം സഹായമെത്തിച്ചു.

ഔഖാഫ് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ വിഭാഗത്തിലും ഖത്തർ ചാരിറ്റിയിലും നേതൃത്വം നൽകുന്ന വേളയിൽ കേരളത്തിലടക്കം നിരവധി മാനുഷിക സേവന സാരംഭങ്ങൾക്ക് ഉദാര പിന്തുണ നൽകി. ‘ഗൾഫ് മാധ്യമം’ പത്രത്തിൻറെ ഖത്തറിലെ വിതരണം ഏറ്റെടുത്ത് നടത്തിയത് അദ്ദേഹത്തിന്റെ സ്ഥാപനമായ അൽ ഹറമൈൻ ലൈബ്രറിയായിരുന്നു. അഗതി അനാഥ സംരക്ഷണത്തിൽ തുടക്കം കുറിച്ച ഖത്തർ ചാരിറ്റി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സഘടനകളിൽ ഒന്നാണ്. ദീർഘകാലം സംഘടനയുടെ നേതൃത്വത്തിൽ നിറഞ്ഞു നിന്ന ശൈഖ് അബ്ദുല്ല ദബ്ബാഗിനെ 1999-2001 കാലയളവിൽ ഡയറക്ടർ ബോർഡ് മേധാവിയായി തെരഞ്ഞെടുത്തിരുന്നു. സ്തുത്യർഹ സേവനങ്ങൾക്ക് 2013ൽ ഇദ്ദേഹ​ത്തെ ആദരിക്കുകയും ചെയ്തു.

അരനൂറ്റാണ്ടുകാലം ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ​ശൈഖ് അബ്ദുല്ല ദബ്ബാഗിന് അന്ത്യയാത്രയയക്കാൻ ബുധനാഴ്ച വൈകുന്നേരം സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വലിയ സമൂഹം എത്തി. അസർ നമസ്ക്കാരത്തിന് ശേഷം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്ക്കാരത്തിന് വൻ ജനാവലിയാണ് സംബന്ധിച്ചത്. തുടർന്ന് മുറൈഖ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awayqatarSheikh Abdullah Addabbag
News Summary - Sheikh Abdullah Addabbag passed away
Next Story