ഷി ക്യു എക്സലന്സ് അവാർഡ്: വിജയ കിരീടം ചൂടി പെൺതാരങ്ങൾ
text_fieldsഖത്തറിലെ പ്രവാസ ലോകം നെഞ്ചിലേറ്റിയ 30 പേർ. 27 വ്യക്തികളും മൂന്ന് സംഘടനകളും ഉൾപ്പെടെയുള്ള ഫൈനലിസ്റ്റുകൾ. അവരെല്ലാവരും തന്നെ ജേതാക്കളായിരുന്നു. പ്രതിഭയും പ്രവർത്തനവും കൊണ്ട് കൊടുമുടികൾ കീഴടക്കിയവർ. ഫൈനൽ റൗണ്ടിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തലനാരിഴ വ്യത്യാസത്തിൽ വിജയ കിരീടം ചൂടിയ പത്തുപേർ ഇവരാണ്...
ഫൈൻ ക്യൂ (ആർട്ട് ആൻഡ് കൾചർ)
‘ഊദ്’ എന്ന തന്റെ ആദ്യ നോവൽകൊണ്ടുതന്നെ മലയാള സാഹിത്യലോകത്തേക്ക് വരവറിയിച്ച പ്രവാസി എഴുത്തുകാരിയാണ് തൃശൂർ ഒരുമനയൂർ സ്വദേശിനിയായ ഷാമിന ഹിഷാം. ഉത്തരമലബാറിലെ മുസ്ലിം സമൂഹത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും, ഏകാന്തതയും, പ്രകൃതിയും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവുമെല്ലാം മനോഹരമായ ഭാഷയും, ഭാവനയും കരുത്താക്കിമാറ്റി കുറിച്ചിടുന്ന ‘ഊദ്’ ഇതിനകംതന്നെ വായനക്കാരുടെയും സാഹിത്യ വിമർശകരുടെയുമെല്ലാം പ്രശംസ പിടിച്ചുപറ്റിയ കൃതിയാണ്.
ആദ്യ നോവലിലൂടെ തന്നെ മലയാള സാഹിത്യലോകത്തെ ഭാവിയുള്ള പുതുമുഖ എഴുത്തുകാരിയെന്ന നിലയിൽ ഷാമിന ഹിഷാമിന്റെ അരങ്ങേറ്റമായി ‘ഊദി’നെ വിലയിരുത്തുന്നു. ഡി.സി നോവൽ മത്സരത്തിൽ തെരഞ്ഞെടുത്ത മൂന്ന് നോവലുകളിൽ ഒന്നായാണ് ‘ഊദ്’ വായനക്കാരിലേക്ക് എത്തിയത്. കവിതകളും കഥകളുമായി എഴുത്തിന്റെ ലോകത്ത് നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു ഇവർ. സാഹിത്യ അവലോകനങ്ങൾക്കൊപ്പം പുസ്തക വിശകലനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയമായി. വായിക്കുന്ന പുസ്തകങ്ങളുടെ മനോഹരമായ അവലോകനങ്ങളിലൂടെ പ്രവാസി സാഹിത്യ പ്രേമികൾക്കിടയിൽ അംഗീകാരവും നേടിയിരുന്നു.
ഫൈൻ ക്യൂ അവാർഡ് ഷാമിന ഹിഷാം ഏറ്റുവാങ്ങുന്നു
എജ്യു ക്യൂ അവാർഡ് ( വിദ്യാഭ്യാസ മേഖലയിലെ മികവ് )
നിരവധി സ്കൂളുകളും ആയിരത്തോളം അധ്യാപകരുമുള്ള ഖത്തറിലെ സമൂഹത്തിൽ നിന്നും മികച്ച അധ്യാപികക്കുള്ള ‘എജ്യൂ ക്യൂ’ അവാർഡ് തേടിയെത്തുന്നത് ഒരു സ്പെഷൽ സ്കൂൾ അധ്യാപികക്ക് ആണെന്നത് ആ മേഖലക്കുകൂടിയുള്ള അംഗീകാരമാണ്. ഖത്തറിലെ ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്പെഷൽ സ്കൂളായ ‘ഖിഷ്’ റീഹാബിലിറ്റേഷൻ സെന്ററിലെ അധ്യാപികയാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ ഷെർമി ഷാജഹാൻ.
കഴിഞ്ഞ നാലുവർഷമായി ഖത്തറിലുള്ള ഇവർ ഒമ്പതു വർഷമായി സ്പെഷൽ സ്കൂൾ മേഖലയിൽ പ്രവർത്തിക്കുന്നു. സാധാരണ അധ്യാപകർ വിദ്യാർഥികളെ മികച്ച കരിയറുകളിലേക്കും മറ്റുമാണ് നയിക്കുന്നതെങ്കിൽ മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നു കൊച്ചുകുട്ടികൾക്ക് ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങൾ ക്ഷമാപൂർവം പകർന്നു നൽകുന്നവരാണ് ഈ വിഭാഗം അധ്യാപകർ. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് കൂടിയുള്ള അംഗീകാരമായാണ് ഷെർമി ഷാജഹാന്റെ പുരസ്കാരലബ്ധിയെ വിശേഷിപ്പിക്കുന്നത്.
ജീവിതത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലുമറിയാതെ സ്കൂളുകളിലെത്തുന്ന വിദ്യാർഥികൾക്ക് ദൈനംദിന വൃത്തികളിലേക്കും പ്രകൃതി-പരിസരങ്ങളിലേക്കുമെല്ലാം ഇറക്കുകയാണ് ഇവർ. വിദ്യാർഥികൾക്ക് മാത്രമല്ല, രക്ഷിതാക്കളുടെയും അധ്യാപകരായ സെപഷൽ സ്കൂൾ ജീവനക്കാർ മാറുന്നു. ഹെലൻ കെല്ലർ എന്ന അന്ധയായ വിദ്യാർഥിനിക്ക് ലോകത്തെ ഏറ്റവും വലിയ പ്രതിഭയായി മാറാൻ വെളിച്ചമായിനിന്ന ആനി സള്ളിവനാണ് തനിക്ക് പ്രചോദനമായതെന്ന് ഷെർമി സാക്ഷ്യപ്പെടുത്തുന്നു.
എജ്യൂ ക്യൂ അവാർഡ് ഷെർമി ഷാജഹാൻ ഏറ്റുവാങ്ങുന്നു
സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യൂ അവാർഡ് (കായിക,സാഹസിക മേഖല)
കുഞ്ഞുപ്രായത്തിൽതന്നെ മുതിർന്നവർപോലും പിന്തിരിയുന്ന സാഹസികതകൊണ്ട് അതിശയിപ്പിച്ച വ്യക്തിയായ 16കാരിയായ അൻവി അമിത് ജോഷി. ഒറിക്സ് ഇന്റർനാഷനൽ സ്കൂൾ 11ാം ക്ലാസ് വിദ്യാർഥിനി. പർവതാരോഹണത്തിലും സാഹസികയാത്രകളിലുമായി മികച്ച നേട്ടങ്ങൾ കൊയ്തു. കിളിമഞ്ചാരോ, കാങ് യാറ്റ്സെ കൊടുമുടികൾ കീഴടക്കി.
മാരത്തണുകളിലും മറ്റും പങ്കാളിത്തം. ഏഴാം വയസ്സിൽ ഹിമാലയൻ ട്രക്കിങ്ങിലൂടെ തുടങ്ങിയ സാഹസിക യാത്രകൾ ഏറ്റവും ഒടുവിൽ എത്തിനിൽക്കുന്നത് 6250 മീറ്റർ ഉയരെയുള്ള ഹിമാലയത്തിലെ കാങ് യാറ്റ്സെ കൊടുമുടിയുടെ ഉയരെ. കഴിഞ്ഞ വർഷം കിളിമഞ്ചാരോ കീഴടക്കിയ അൻവി, ഈ കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാങ് യാറ്റ്സേയുടെ ഉയരത്തിൽ മാതാപിതാക്കൾക്കൊപ്പമെത്തിയത്.
മാസങ്ങൾ നീണ്ട തയാറെടുപ്പിനും പരിശീലനത്തിനുമൊടുവിലായിരുന്നു കാങ് യാറ്റ്സേ കീഴടക്കിയത്. 12 കിലോ ഭാരമുള്ള ബാഗും വഹിച്ച് മണിക്കൂറുകൾ നീണ്ട മലകയറ്റം, മൈനസ് ഡിഗ്രിയിൽ, 75 ഡ്രിഗ്രിവരെ ചെങ്കുത്തായ മലയിടുക്കുകൾ താണ്ടിയുള്ള സാഹസിക യാത്ര പൂർത്തിയാക്കിയാണ് ഇവർ തിരികെയെത്തിയത്. അടുത്തത് യൂറോപ്പിലെ വലിയ കൊടുമുടിയായ മൗണ്ട് എൽബ്രസും പിന്നെ എല്ലാറ്റിനുമൊടുവിലായി എവറസ്റ്റും കീഴടക്കാനുള്ള സ്വപ്നത്തിലാണ് കൗമാരക്കാരി.
സ്പോർട്സ് ആൻറ് അഡ്വഞ്ചർ ക്യൂ അവാർഡ് അൻവി അമിത് ജോഷി ഏറ്റുവാങ്ങുന്നു
ബിസ് ക്യു അവാർഡ് ( പ്രവാസി സംരംഭകർ)
ഷി ക്യു എക്സലൻസ് പുരസ്കാരത്തിൽ ‘സംരംഭക’ മേഖലയിലെ ശ്രദ്ധേയമായ ഇടപെടലിനുള്ള അംഗീകാരമായാണ് റസിയ അനീസിനെ തേടി പുരസ്കാരമെത്തുന്നത്. നാലു വർഷമായി ഖത്തർ പ്രവാസിയായ റസിയ അനീസ്, ആർകിടെക്ടും ഇന്റീരിയർ ഡിസൈനറുമായാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യയിലും ഖത്തറിലുമായി ഇന്റീരിയർ ഡിസൈനർ മേഖലയിൽ പ്രവർത്തിക്കുന്ന റസിയ, സ്വന്തമായി സ്റ്റുഡിയോയുമായി ഈ മേഖലയിൽ ശ്രദ്ധേയയായി വളരുന്ന സംരംഭകയാണ്. ഖത്തറിൽ ലെഗോ സെന്റർ, ഷെഫ് പിള്ളൈ റസ്റ്റാറന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ രൂപകൽപനയും മറ്റുമായി ഈ മേഖലയിൽ നൂതന കാഴ്ചപ്പാടുകൾ അവതരിപ്പിച്ചാണ് റസിയ അനീസ് ശ്രദ്ധേയയായി മാറുന്നത്.
ബിസ് ക്യു അവാർഡ് റസിയ അനിസ് ഏറ്റുവാങ്ങുന്നു
നാച്വർ ക്യൂ അവാർഡ് (പരിസ്ഥിതി പ്രവർത്തനം)
പുതിയ കാല പരിസ്ഥിതി വെല്ലുവിളികൾക്കെതിരായ പോരാട്ടത്തെ നയിക്കുന്ന വ്യക്തിയാണ് ലക്ഷ്മി സൂര്യൻ. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ, കാർബൺ ബഹിർഗമനം, സുസ്ഥിര പദ്ധതികൾ തുടങ്ങിയ മേഖലകളിൽ വിദഗ്ധ. കാർബൺ മാനേജ്മെന്റിൽ എഡിൻബറോ യൂനിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്തര ബിരുദവും, മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്നും ആർകിടെക്ചർ ബിരുദവും നേടി ഉന്നത യോഗ്യത.
കഴിഞ്ഞ 26 വർഷമായി ഖത്തറിൽ പ്രവാസിയായി ഇവർ പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയ മാർഗങ്ങൾക്ക് നേതൃത്വം നൽകുന്ന തലമുറയുടെ പ്രതിനിധി കൂടിയാണ്. ലോകകപ്പ് ഫുട്ബാളിൽ പരിസ്ഥിതി സംരക്ഷണവും, കാർബൺ ബഹിർഗമനം കുറക്കലുമെല്ലാം പ്രധാന അജണ്ടയാക്കി മാറ്റിയ ഖത്തറിന്റെ പദ്ധതികൾക്കൊപ്പവും പരിസ്ഥിതി വിഗദ്ധ എന്ന നിലയിൽ ലക്ഷ്മി സൂര്യൻ പ്രവർത്തിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുക എന്ന ലക്ഷ്യവുമായാണ് ലോകകപ്പിനൊപ്പം ഇവർ പ്രവർത്തിച്ചത്.
ഖത്തറിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ-സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കാനായി പ്രവർത്തിക്കുന്ന ക്ലീൻ ഗ്ലോബ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഇവർ. കടൽത്തീരങ്ങളുടെ ശുചീകരണം, പരിസ്ഥിതി ബോധവത്കരണം, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള സ്കൂളുകൾ കേന്ദ്രീകരിച്ച് സെമിനാർ ഉൾപ്പെടെ കാർബൺ ബഹിർഗമനം കുറക്കാനുള്ള പദ്ധതികൾ എന്നിവയുമായെല്ലാം സജീവമാണ് ഇവർ.
നാച്വർ ക്യൂ അവാർഡ് ലക്ഷ്മി സൂര്യൻ ഏറ്റുവാങ്ങുന്നു
കെയർ ക്യൂ (നഴ്സിങ്, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ)
ഖത്തറിലെ നഴ്സിങ് സമൂഹത്തിൽ മുഖവുരകളില്ലാത്ത വ്യക്തിത്വമാണ് സീനിയർ നഴ്സ് കൂടിയായ ലില്ലിക്കുട്ടി ജോസഫ്. 36 വർഷത്തിലേറെയായി നഴ്സിങ് പരിചയ സമ്പത്തുള്ള ഇവർ, കഴിഞ്ഞ 31 വർഷമായി ഖത്തറിന്റെ ആരോഗ്യ രംഗത്തെ നയിക്കുന്ന ഹമദ് മെഡിക്കൽ കോർപറേഷന്റെ ഭാഗമായുണ്ട്.
വിവിധ മേഖലകളിൽ പ്രവർത്തിച്ച്, ഇപ്പോൾ അൽ വക്റ അൽ മഹ സെന്ററിൽ ഹെഡ് നഴ്സായി ജോലിചെയ്യുന്നു. തൊഴിൽ രംഗത്തും, ഒപ്പം സാമൂഹിക സേവന മേഖലകളിൽ നിശ്ശബ്ദ സാന്നിധ്യമായും സജീവമാണ് ഇവർ. ആശുപത്രി വാസത്തിനിടയിലും ചികിത്സവേളയിലുമെല്ലാം ലില്ലിക്കുട്ടി നഴ്സിന്റെ പരിചരണം ഏറ്റുവാങ്ങിയവർക്ക് അവരെ ഓർക്കാൻ നൂറു കാര്യങ്ങളുണ്ടാകാറുണ്ട്. രോഗികളുടെ വിശേഷ ദിവസങ്ങൾ ആഘോഷമാക്കി അവർക്ക് സന്തോഷം പകരുന്നവർ, പുറത്തേക്കുള്ള യാത്രകളും, വീട്ടു സന്ദർശനങ്ങളുമെല്ലാം നടത്തി വേദനകൾക്കിടയിലും അവർക്ക് സന്തോഷം പകരുന്ന അനുഭവങ്ങൾ. ഖത്തറിലെ നഴ്സിങ് കൂട്ടായ്മയായ ‘യുനീക്’ നഴ്സസിന്റെ സജീവപ്രവർത്തക കൂടിയാണ് ഇവർ.
കെയർ ക്യു അവാർഡ് ലില്ലികുട്ടി ജോസഫ് ഏറ്റുവാങ്ങുന്നു
ഹീൽ ക്യൂ അവാർഡ് (ആതുര സേവനം)
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ഏറെ സ്വീകാര്യതയുള്ള ആരോഗ്യ വിദഗ്ധയാണ് ഡോ. ഖുദ്സിയ ബീഗം. സ്വകാര്യമേഖലയിലെ ശ്രദ്ധേയമായ ഗൈനക്കോളജിസ്റ്റ്. 30 വർഷമായി ഖത്തർ പ്രവാസിയായ ഡോക്ടറുടെ ക്ലിനിക്ക് സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വലിയൊരു വിഭാഗത്തിന്റെ ചികിത്സ കേന്ദ്രം കൂടിയാണ്. ഡോക്ടറായ പിതാവിന്റെ വഴി തിരഞ്ഞെടുത്തായിരുന്നു ഡോ. ഖുദ്സിയയും ആതുര സേവന രംഗത്തേക്ക് പ്രവേശിക്കുന്നത്.
മെഡിക്കൽ പഠനത്തിൽ ഗൈനക്കോളജിതന്നെ സ്പെഷലൈസ് ചെയ്ത് തന്റെ പ്രവർത്തന തട്ടകം ഖത്തറിലേക്ക് മാറ്റിയ ഇവർ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രവാസി ഡോക്ടർ എന്നനിലയിൽ ശ്രദ്ധനേടി. പ്രസവം, ഗർഭധാരണം ഉൾപ്പെടെ ചികിത്സകളിലും മറ്റു സ്ത്രീ രോഗ ചികിത്സകളിലും വിദഗ്ധയായ ഡോക്ടർ എന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റി.
അൽ വാബ് സ്ട്രീറ്റിലെ ഡോ. ഖുദ്സിയ ബീഗം ക്ലിനിക് ഇന്ന് ഖത്തറിലെ ആരോഗ്യ പരിചരണ രംഗത്തെ പ്രധാന കേന്ദ്രം കൂടിയാണ്. വിദഗ്ധയായ ഡോക്ടർ എന്നതിനൊപ്പം, രോഗികൾക്ക് നൽകുന്ന സ്നേഹ പരിചരണവും കരുതലും അവരെ കൂടുതൽ ജനകീയമാക്കി മാറ്റുന്നു. അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ എന്നിവയിലും പങ്കാളിത്തം.
ഹീൽ ക്യൂ അവാർഡ് ഡോ. ഖുദ്സിയ ബീഗം പാർവതി തിരുവോത്തിൽ നിന്നും ഏറ്റുവാങ്ങുന്നു
കൈൻഡ് ക്യൂ അവാർഡ് (പ്രവാസി സാമൂഹിക സേവനം)
പഞ്ചാബ് സ്വദേശിയായ കുൽദീപ് കൗർ ഖത്തറിലെ സജീവ പൊതു പ്രവർത്തക എന്ന നിലയിൽ ശ്രദ്ധേയയാണ്. കഴിഞ്ഞ 15 വർഷമായി ഖത്തർ പ്രവാസിയായ ഇവർ നിലവിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) മാനേജിങ് കമ്മിറ്റി അംഗമാണ്. ഏത് സമയവും വിളിപ്പുറത്ത് ലഭ്യമാവുന്ന പൊതു പ്രവർത്തക എന്നാണ് കുൽദീപ് കൗറിനെ സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്നത്.
ഖത്തറിലെ ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾ, വീട്ടമ്മമാരുടെ വിഷയങ്ങൾ തുടങ്ങിയവയിലെല്ലാം എപ്പോഴും ഉപദേശവും സഹായവുമായി ഇവരുണ്ടാകും. ഒന്നര പതിറ്റാണ്ടിലേറെ കാലമായി പൊതു പ്രവർത്തനങ്ങളിൽ നേതൃപരമായ ഇവർ വഹിക്കുന്ന ചുമതലകളാണ് ഖത്തറിലെ പൊതു രംഗത്തും സ്വീകാര്യമാക്കിയത്. എംബസി അപെക്സ് സംഘടനകളുമായി ചേർന്ന് വീട്ടമ്മമാർക്കും, മറ്റുമായി വിവിധ കൈത്തൊഴിൽ പരിശീലന പരിപാടികൾക്കും കുൽദീപ് കൗർ നേതൃത്വം നൽകുന്നു.
എപ്പോഴും അവശരായവർക്കും ദുരിതമനുഭവിക്കുന്നവർക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുന്ന ഈ പ്രവാസി വനിത, എന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായാണ് ഓടി നടക്കുന്നതും. വാരാന്ത്യങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും എംബസിയിലും, ഖത്തറിന്റെ വിദൂര ദിക്കുകളിലെ ക്യാമ്പുകളിലും, ജയിൽ സന്ദർശനങ്ങളിലും തുടങ്ങി എല്ലായിടത്തുമായി വേദന അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുകയാണ് ദൗത്യമെന്നുറപ്പിച്ച് ഓടിനടക്കുന്ന ഈ പ്രവാസി വനിതക്ക് അർഹതക്കുള്ള അംഗീകാരമായാണ് ‘ഷി ക്യൂ’ പുരസ്കാരമെത്തുന്നത്.
കൈൻഡ് ക്യൂ അവാർഡ് കുൽദീപ് കൗർ ഏറ്റുവാങ്ങുന്നു
ഷി ഇംപാക്ട് അവാർഡ് (പ്രവാസി വനിത കൂട്ടായ്മ)
ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് മുഖവുര ആവശ്യമില്ലാത്തൊരു കൂട്ടായ്മയാണ് നടുമുറ്റം. കഴിഞ്ഞ ഏഴു വർഷം കൊണ്ട് ഖത്തറിലെ പൊതു രംഗത്ത് സജീവ സാന്നിധ്യമായി മാറിയ കൂട്ടായ്മ. വീട്ടമ്മമാരും, പ്രഫഷനൽസും മുതൽ കുട്ടികൾ വരെ ഈ വനിതാ കൂട്ടായ്മയുടെ ഭാഗമായുണ്ട്. സജീവ സാമൂഹിക-സാംസ്കാരിക പ്രവർത്തനത്തിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിടുന്ന നടുമുറ്റം നിരവധി ശ്രദ്ധേയ പ്രവർത്തനങ്ങളിലൂടെ ഇതിനകം തന്നെ അനിഷേധ്യ സാന്നിധ്യമായി മാറി.
എല്ലാവർഷവും തൊഴിലാളികൾക്കായി ഭക്ഷണങ്ങൾ എത്തിക്കൽ, കൃഷിയും വിത്തുവിതരണവും പരിസ്ഥിതി പ്രവർത്തനങ്ങൾ, വിദ്യാർഥികൾക്കായി പുസ്തക ശേഖരണവും വിതരണവും, പരിശീലന പരിപാടികൾ, വേനലവധി ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ നിരവധി പരിപാടികളുമായി കലണ്ടർ വർഷം മുഴുവനും സജീവമാണ് നടുമുറ്റം. വിദ്യാർഥികളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്ന ‘ബുക്സ്വാപ്’ പദ്ധതി ഓരോ വർഷവും 5000ത്തോളം പേർക്ക് ആശ്രയമായി മാറുന്നു. സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക പരിപാടികളിലൂടെ വലിയൊരു സമൂഹം വനിതകൾക്ക് പൊതു രംഗത്ത് ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള അവസരം കൂടിയാണ് നടുമുറ്റം ഒരുക്കുന്നത്.
ഫാർമ ക്യൂ അവാർഡ്
ആരോഗ്യ സേവന മേഖലയിൽ ശ്രദ്ധേയമായ ദൗത്യം നിർവഹിക്കുന്ന വിഭാഗമാണ് ഫാർമസിസ്റ്റുകൾ. ഡോക്ടറെയും നഴ്സിനെയും പോലെ, രാവിലും പകലിലുമായി സേവനനിരതരാവുന്നവർ. അവർക്കുള്ള അംഗീകാരമായാണ് ‘ഫാർമ ക്യൂ പുരസ്കാരം’ പ്രഖ്യാപിക്കുന്നത്. ഫാർമസി മേഖലയിൽ 27 വർഷത്തെ പരിചയസമ്പത്തുള്ള ലീന മഞ്ജലി 19 വർഷത്തോളമായി ഖത്തറിൽ പ്രവർത്തിക്കുന്നു. നിലവിൽ വെൽകെയർ ഗ്രൂപ്പിനു കീഴിൽ ഫാർമസിസ്റ്റായാണ് ജോലി ചെയ്യുന്നത്.
ഫാർമസിസ്റ്റ് എന്നതിനൊപ്പം, ഈ മേഖലയിലെ ട്രെയിനർകൂടിയായും പ്രവർത്തിക്കുന്നു. പുതു തലമുറയിൽനിന്നും ഫാർമസിസ്റ്റുകളായി പുറത്തിറങ്ങുന്ന വിദ്യാർഥികളുടെ പരിശീലനകയായി പത്തു വർഷത്തോളമായി ജോലി ചെയ്യുന്നു. ഖത്തർ യൂനിവേഴ്സിറ്റിയുടെയും സി.എൻ.എ.ക്യൂവിലെയും ഫാർമസി കോളജുകളിൽനിന്നു പഠനം പൂർത്തിയാക്കുന്ന നൂറോളം പേരെയാണ് ഓരോ വർഷവുമായി ഇവരുടെ നേതൃത്വത്തിലുള്ള ടീം പരിശീലനം നൽകി മികച്ച പ്രഫഷനലുകളാക്കി മാറ്റുന്നത്. ഡോക്ടർ കുറിക്കുന്ന മരുന്നുകൾ രോഗിക്ക് കൃത്യമായി നൽകുന്ന ഫാർമസിസ്റ്റുകൾ എന്നതിനപ്പുറം, ചികിത്സ തേടാതെ മരുന്നു തേടിയെത്തുന്ന രോഗികളുടെ ആരോഗ്യാവസ്ഥ തിരിച്ചറിഞ്ഞ് അവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞ പല അനുഭവങ്ങളും ഇവർക്കുണ്ട്.
ഫാർമ ക്യൂ അവാർഡ് ലീന മഞ്ജലി ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

