ശാന്തിനികേതൻ മദ്റസ സ്റ്റുഡന്റ്സ് കപ്പ് സമാപിച്ചു
text_fieldsവിജയികളായ ടീമിന് ഹാദിയ ഹഖീം ട്രോഫി വിതരണം ചെയ്യുന്നു
ദോഹ: വക്റ ശാന്തിനികേതൻ അൽമദ്റസ അൽ ഇസ്ലാമിയ്യയിൽ ഒരു മാസമായി നടന്നുവന്ന ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. ശാന്തിനികേതൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പത്ത് ‘എ’ ടീം വിജയികളായി. ഫൈനലിൽ ഒമ്പത് ‘ബി’ ടീമിനെയാണ് തോൽപിച്ചത്. സ്റ്റുഡന്റ്സ് കപ്പ് ട്രോഫികൾ ഫുട്ബാൾ ഫ്രീസ്റ്റൈലറും ശാന്തിനികേതൻ മദ്റസ പൂർവ വിദ്യാർഥിയുമായ ഹാദിയ ഹഖീം വിതരണം ചെയ്തു.
വിന്നേഴ്സ് ടീമിനുള്ള മെഡലുകൾ ശാന്തിനികേതൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്മദും റണ്ണർ അപ് ടീമിനുള്ള മെഡലുകൾ സി.ഐ.സി വിദ്യാഭ്യാസ വിഭാഗം പ്രസിഡന്റ് അർഷദും നൽകി. ബെസ്റ്റ് ഗോൾ കീപ്പറായി മുഹമ്മദ് ഫൈഹാൻ തിരഞ്ഞെടുക്കപ്പെട്ടു. ഷൂട്ടൗട്ട് ചാമ്പ്യൻഷിപ് മത്സരങ്ങളിലെ സമ്മാനങ്ങൾ പി.ടി.എ പ്രസിഡന്റ് അസ്ഹർ അലിയും ബദറുദ്ദീനും വിതരണം ചെയ്തു. ഫുട്ബാൾ ഫ്രീസ്റ്റൈലർ ഹാദിയ ഹഖീമിന്റെ പ്രകടനവും നടന്നു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റഷീദ് അഹ്മദ് സംസാരിച്ചു. പ്രിൻസിപ്പൽ എം.ടി. ആദം സ്വാഗതവും കായികവിഭാഗം കൺവീനർ പി. അബ്ദുല്ല നന്ദിയും പറഞ്ഞു. നബീൽ ഓമശ്ശേരി, സാലിഹ് ശിവപുരം, പി.വി. നിസാർ, ജമീൽ ഫലാഹി, ജസീർ സാഗർ, സുനീഷ് ബാബു, ശബ്ന ജവാദ്, മുഅ്മിന ശിയാസ്, റസീന റഷീദ് എന്നിവർ നേതൃത്വം നൽകി.

