'സ്ഹൈൽ'ഫാൽക്കൺ മേള സെപ്റ്റംബറിൽ; ഇത്തവണ ഇ-പവിലിയനും
text_fieldsസ്ഹൈൽ ഫാൺക്കൺ പ്രദർശനത്തിൽ നിന്ന് (ഫയൽ ചിത്രം)
ദോഹ: ഫാൽക്കൺ പ്രേമികളുടെ ഉല്ലാസകാലമായ സ്ഹൈൽ രാജ്യാന്തര പ്രദർശനത്തിന് സെപ്റ്റംബർ അഞ്ച് മുതൽ 10 വരെ കതാറ വേദിയാവും. മേഖലയിലെയും യൂറോപ്യൻ-ഏഷ്യൻ രാജ്യങ്ങളിലെയും സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ സ്ഹൈൽ പ്രദർശനത്തിന്‍റെ ആറാമത്തെ പതിപ്പിനാണ് കതാറ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം ഇത്തവണ സ്ഹൈലിനെ കൂടുതൽ സജീവമാക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫാൽക്കൺ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും ഫാൽക്കൺ പക്ഷികൾക്ക് ആവശ്യമായ വസ്തുക്കളുടെയും പ്രദർശനവും വിൽപനയുമുണ്ടാകും. മേളയുടെ ഒരുക്കം സജീവമാവുന്നതായി അധികൃതർ സമൂഹമാധ്യമങ്ങൾ വഴി വ്യക്തമാക്കി.
കൂടുതൽ പുതുമകളോടെയാവും ഇത്തവണ ഫാൽക്കൺ എക്സിബിഷൻ. ഇ-പവിലിയൻ സംവിധാനമാണ് അതിൽ പ്രധാനം. വിദേശ കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഇ-പവിലിയനിൽ പ്രദർശിപ്പിക്കാൻ അവസരം നൽകും. 2017ൽ ആരംഭിച്ച സ്ഹൈൽ പ്രദർശനത്തിന്‍റെ ആറാമത്തെ പതിപ്പാണ് ഇത്തവണ. കോവിഡ് വ്യാപനത്തിനിടയിലും മുടങ്ങാതെ 'സ്ഹൈൽ'നടന്നിരുന്നു. കഴിഞ്ഞ സീസണിൽ 19 രാജ്യങ്ങളിൽ നിന്ന് 160 പ്രദർശന, വിൽപന കമ്പനികളാണ് പങ്കെടുത്തത്.
സൗദി അറേബ്യ, സുഡാൻ, കുവൈത്ത്, ജർമനി, ബ്രിട്ടൻ, അമേരിക്ക, സ്പെയിൻ, ഇറ്റലി, പാകിസ്താൻ, ബെൽജിയം, പോളണ്ട്, തുർക്കിയ, റഷ്യ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ലെബനാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കാളികളായി. ഫാൽക്കൺ പക്ഷികളുടെ പ്രദർശനം, ലേലം, വേട്ടക്കുള്ള ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെയും പ്രദർശനവും വിൽപനയുമുണ്ടാവും. ഫാൽക്കൺ പക്ഷികളുടെ ചികിത്സക്കുള്ള ആശുപത്രി, സഫാരി ട്രിപ്പ് വാഹനങ്ങൾ എന്നിവയും പ്രത്യേകതയാണ്. വേട്ടക്കാലം ആഗതമായി എന്നറിയിക്കുന്ന 'സ്ഹൈൽ'നക്ഷത്രത്തിൽ നിന്നാണ് മേളയുടെ പേര് വരുന്നത്. ആകാശത്ത് സ്ഹൈൽ നക്ഷത്രമുദിക്കുന്നതോടെ ആ വർഷത്തെ വേട്ടക്കാലം തുടങ്ങുകയായി എന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

