സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഐ.സി.സി മൊബൈൽ ആപ് ലോഞ്ച് ചെയ്തു
text_fieldsഐ.സി.സി മൊബൈൽ ആപ്ലിക്കേഷൻ ദോഹയിൽ ഇന്ത്യൻ അംബാസഡർ വിപുൽ ലോഞ്ച് ചെയ്യുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സേവനങ്ങളും വിവരങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് സേവനങ്ങൾ ഉറപ്പാക്കുക, മറ്റ് വിവരങ്ങൾ കൃത്യമായി അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് നിർമിച്ചത്.
പ്രവാസികൾക്ക് ഉപകാരപ്രദമായ നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.സി.സിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ, അറിയിപ്പുകൾ, പരിപാടികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. സോഷ്യൽ വെൽഫെയർ സ്കീമുകൾ, വർക്ക്ഷോപ്പുകൾ, കമ്മ്യൂണിറ്റി അസിസ്റ്റൻസ് പ്രോഗ്രാമുകൾ തുടങ്ങിയവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ആപ്പിലൂടെ വേഗത്തിൽ അറിയാം.
തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ ജോബ് പോർട്ടൽ ആപ്പിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിലൂടെ പ്രൊഫൈലുകൾ നിർമിക്കാനും റെസ്യൂമുകൾ അപ്ലോഡ് ചെയ്യാനും ജോലി ഒഴിവുകൾ കണ്ടെത്താനും സാധിക്കും.
പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന 'ഐ.സി.സി എലൈറ്റ് ക്ലബ്' പ്രീമിയം മെമ്പർഷിപ്പ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകൾ, സാംസ്കാരിക പരിപാടികളിൽ പ്രത്യേക ക്ഷണം, മറ്റ് സേവനങ്ങൾ എന്നിവ എലൈറ്റ് ക്ലബ് അംഗങ്ങൾക്ക് ലഭ്യമാകും.
ഐ.സി.സിക്ക് കീഴിലുള്ള വിവിധ ഫോറങ്ങൾ, ക്ലബുകൾ, അസോസിയേറ്റ് സംഘടനകൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ഐ.സി.സിയുടെ സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കാനും ആപ്ലിക്കേഷൻ സഹായിക്കുമെന്ന് ഐ.സി.സി ഭാരവാഹികൾ അറിയിച്ചു. ഐ.സി.സിയുടെ വിവിധ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ആപ്ലിക്കേഷൻ ആൻഡ്രോയിഡ്, ആപ്പ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കൺസുലാർ) ഡോ. വൈഭവ് എ. ടണ്ടാലെ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബുരാജൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

