പാട്ടുംപാടി മീൻപിടിച്ച് സെൻയാർ ഉത്സവം
text_fieldsസെൻയാർ ഫെസ്റ്റിന്റെ ഭാഗമായി സീലൈൻ കടലിൽ നടന്ന ഹദ്ദാഖ് മത്സ്യബന്ധന മത്സരത്തിൽ പങ്കെടുക്കുന്ന ബോട്ടുകൾ
ദോഹ: പഴമക്കാർ പാടിപഠിപ്പിച്ച കടൽ പാട്ടുകൾ ഉറക്കെ പാടി, കടലിലെ അടിയിളക്കങ്ങളെ സൂക്ഷമായി നിരീക്ഷിച്ച് അവർ ചൂണ്ടകൾ എറിയും. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ചൂണ്ടക്കയറിലെ ഇളക്കത്തിന് പിന്നാലെ കടലിൽ ആടിയുലയുന്ന ബോട്ടിൽ ആഘോഷപ്പാട്ടുകൾ കൂടുതൽ ഉച്ചത്തിൽ ഉയരും. കൊളുത്തിൽ കുരുങ്ങി ജീവനായി മല്ലിടുന്ന അരയറ്റംവരെ വലിപ്പമുള്ള മീനിനെ, കുത്തിപ്പിടിച്ച് ബോട്ടിലേക്ക് വലിച്ചുകയറ്റുന്ന ആഹ്ലാദത്തിന്റെ നിമിഷങ്ങൾ... അങ്ങനെ നാലുനാളുകളായി കടലിൽ ഭാഗ്യവും പരിചയവും മത്സരാവേശവും പകർന്ന പൈതൃകത്തിന്റെ ഉത്സവമായി സെൻയാർ ഫെസ്റ്റിന് വെള്ളിയാഴ്ച കൊടിയിറങ്ങി.
കടലിൽ ചൂണ്ടയെറിഞ്ഞ് കാത്തിരിക്കുന്നവർ
കാറ്റും കോളും നിറഞ്ഞ് നിഗൂഢതയിൽ പൊതിഞ്ഞ കടലിലേക്ക് ഒരുമിച്ച് പോകുക എന്നാണ് ‘സെൻയാർ’ എന്ന അറബി പദത്തിന് അർഥം. ഖത്തറും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന അറബ് നാടിന്റെ പൈതൃകത്തിലേക്ക് വേരാഴ്ന്നിയ മത്സ്യബന്ധനത്തിന്റെ ഓർമകളിലേക്ക് പുതുതലമുറയെ ക്ഷണിക്കുന്ന സെൻയാർ ഫെസ്റ്റിവൽ ഈ നാടിന്റെ തന്നെ ഉത്സവക്കാഴ്ചകളിലൊന്നാണ്. ഏപ്രിൽ മാസത്തിലെ രണ്ടാം വാരത്തിൽ തുടങ്ങി സംഗീത പരിപാടികൾ, നൃത്ത കലാ പ്രകടനങ്ങൾ, പ്രദർശനങ്ങൾ, കടൽ ഭക്ഷ്യ വിഭവങ്ങളുടെ മേള, കരകൗശല പ്രദർശനം, കടൽ ജീവിതവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ എന്നിവയുമായി സജീവമായ സെൻയാറിന്റെ ഏറ്റവും ആകർഷകമായ മീൻപിടിത്ത മത്സരങ്ങളായിരുന്നു കഴിഞ്ഞ ദിവവസങ്ങളിൽ പൂർത്തിയായത്.
ഏപ്രിൽ രണ്ടാം വാരം തുടങ്ങിയ സെൻയാറിലെ മീൻപിടിത്ത മത്സരങ്ങൾ പ്രതികൂല കാലാവസ്ഥയെതുടർന്ന് അന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് അൽ ഹദാഖ്, അൽ ലഫാഹ് ചാമ്പ്യൻഷിപ്പുകൾ തിങ്കളാഴ്ച തുടക്കം കുറിച്ചു.പരമ്പരാഗത മാർഗങ്ങളിലൂടെയുള്ള മിൻപിടിത്തങ്ങളാണ് സെൻയാറിലെ ഹദാഖ്, അൽ ലഫാഹ് മത്സരങ്ങളുടെ പ്രത്യേകത. ഇത്തവണ ഖത്തറിലെയും വിവിധ ജി.സി.സി രാജ്യങ്ങളിലേതുമായി 27 ടീമുകളാണ് വിവിധ ഘട്ടങ്ങളിലായി മാറ്റുരച്ചത്.
ചൂണ്ടയിൽ കുരുങ്ങിയ മത്സ്യത്തെ ബോട്ടിലേക്ക് മാറ്റുന്നു
കടലാഴങ്ങളിലെ മത്സ്യ സാന്നിധ്യം തിരിച്ചറിയുന്ന ആധുനിക സംവിധാനങ്ങളൊന്നും ഉപയോഗപ്പെടുത്താൻ അനുവദിക്കാതെ, പാരമ്പര്യമായി കൈമാറി കിട്ടിയ അറിവുകളും പരിചയവും ഉപയോഗിച്ച് മികച്ച ഇനം മത്സരങ്ങളെ പിടികൂടുന്നതാണ് മത്സരം. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾ ഏറ്റവും ആഘോഷപൂർവമായിരുന്നു വെള്ളിയാഴ്ച സമാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സീലൈൻ കടലിൽ വിവിധ മേഖലകളിലായി പ്രത്യേകമായി നിർദേശിച്ചു നൽകിയ സ്ഥലങ്ങളിലായിരുന്നു ഓരോ സംഘവും തങ്ങളും ഭാഗ്യ പരീക്ഷണത്തിലേക്ക് ചൂണ്ടയെറിഞ്ഞത്.
പിടികൂടിയ മത്സ്യവുമായി
മത്സ്യബന്ധനത്തിനായി ആഴ്ചകൾ നീണ്ടുനിൽക്കുന്ന യാത്രക്കായി പുറപ്പെടുന്ന പഴമക്കാർ താളത്തിൽ പാടുന്ന പാട്ടുകൾ ഉറക്കെ പാടിയും, പരമ്പരാഗതമായ വെള്ള വസ്ത്രങ്ങൾ ധരിച്ചുമായിരുന്നു മത്സരാർഥികൾ മരത്തിൽ തീർത്ത പായ്വഞ്ചിയിൽ കടലിലിറങ്ങിയത്. മത്സ്യ സാന്നിധ്യം തിരിച്ചറിഞ്ഞശേഷം ചൂണ്ട എറിഞ്ഞാണ് ഇവയെ കുരുക്കിലാക്കുന്നത്. പിടിക്കാൻ അനുവാദമുള്ള മത്സ്യ ഇനവും, വലിപ്പവുമെല്ലാം നിഷ്കർഷിക്കും.
സെൻയാർ ഫെസ്റ്റിന്റെ ഭാഗമായി സീലൈൻ കടലിൽ നടന്ന ഹദ്ദാഖ് മത്സ്യബന്ധന മത്സരത്തിൽ പങ്കെടുക്കുന്ന ബോട്ടുകൾ
വൈകുന്നേരം വരെയാണ് മീൻപിടിക്കാൻ സമയം അനുവദിക്കുന്നത്. കടലിൽ റോന്ത് ചുറ്റുന്ന പ്രത്യേക പരിശോധനാ സംഘവും ടെക്നികൽ-ജഡ്ജിങ് ടീമും മത്സരാർഥികളെ നിരീക്ഷിക്കും. വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ മത്സരങ്ങളെല്ലാം പൂർത്തിയായിരുന്നു. പിടികൂടിയ മത്സ്യത്തിന്റെ വലിപ്പവും ആകെ തൂക്കവും കണക്കാക്കി വെള്ളിയാഴ്ച കതാറയിൽ നടന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചത്. കതാറയിൽ നൂറുകണക്കിന് സ്വദേശികളും വിവിധ ജി.സി.സി രാജ്യക്കാരും പങ്കെടുത്ത ഉത്സവാന്തരീക്ഷത്തിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്. വൻതുകയാണ് സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

