പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത; ഭക്ഷ്യസുരക്ഷ രംഗത്ത് മുന്നേറ്റം
text_fieldsഖത്തറിലെ ഫാമുകളിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ സന്ദർശനം നടത്തിയപ്പോൾ
ദോഹ: ഭക്ഷ്യസുരക്ഷാ രംഗത്ത് ഖത്തർ മുന്നേറ്റം കൈവരിച്ചതായും പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയതായും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ. രാജ്യത്തെ ഭക്ഷ്യ ഉൽപാദനക്ഷമതയും വിതരണ ശൃംഖലയും സ്ഥിരതയുള്ളതും ശക്തവുമാണ്. പച്ചക്കറികളുടെ കാര്യത്തിൽ 100 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായും ഫ്രഷ് ചിക്കൻ ഉൽപാദനത്തിൽ ഇത് 99 ശതമാനത്തിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം വിലയിരുത്തുന്നതിനും പ്രാദേശിക ഉൽപാദനം പരിശോധിക്കുന്നതിനുമായി വിവിധ ഖത്തരി ഫാമുകളിൽ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഖത്തറിലെ ഫാമുകളിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ സന്ദർശനം നടത്തിയപ്പോൾ
മുനിസിപ്പാലിറ്റി മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ അലി ബിൻ മുഹമ്മദ് അൽ അലി, കൃഷി -ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ ഫഹദ് മുഹമ്മദ് അൽ ഖഹ്താനി എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന നയങ്ങളും പൊതു -സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെയും ഫലമായാണ് പ്രാദേശിക ഉൽപാദനത്തിൽ പുരോഗതി കൈവരിക്കാനായത്.
പദ്ധതികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നത്. കാർഷിക -മൃഗസംരക്ഷണ മേഖലകളിൽ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളും അദ്ദേഹം വിലയിരുത്തി. ഉയർന്ന ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് രാജ്യത്തെ കാർഷിക മേഖല പൂർണ്ണ സജ്ജമാണ്. ഇത് ഖത്തറിലെ വിപണി സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

