ഫാമുകൾക്ക് സബ്സിഡി നിരക്കിൽ വിത്തും വളവും
text_fieldsപ്രാദേശിക ഫാമുകളിലെ കൃഷി
ദോഹ: ഫാമുകൾക്ക് സബ്സിഡി നിരക്കിൽ വിത്തും രാസ-ജൈവവളങ്ങളും കീടനാശിനികളും ലഭ്യമാക്കിയതിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് നന്ദി അറിയിച്ച് പ്രാദേശിക കർഷകർ. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ കാർഷിക വിഭാഗമാണ് രാജ്യത്തെ കർഷകർക്ക് വിത്തും വളവും കീടനാശിനികളും വിതരണം ചെയ്യുന്നത്.
തക്കാളി, കുക്കുമ്പർ, വഴുതന, കാപ്സിക്കം തുടങ്ങിയവയുടെ വിത്തുകളാണ് കർഷകർക്ക് എത്തിച്ചു നൽകിയത്. അതേസമയം, പ്രത്യേകം നിശ്ചയിക്കപ്പെട്ട ഫാമുകൾക്ക് മാത്രമേ സബ്സിഡികൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് കാർഷിക വകുപ്പ് അറിയിച്ചു.
തങ്ങൾക്ക് ലഭിക്കുന്നത് ആവശ്യങ്ങൾ മുഴുവനായി നിറവേറ്റാൻ കഴിയാത്തതിനാലും മറ്റ് വിതരണക്കാരിൽ നിന്നും ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടിവരുന്നതിനാലും അധികൃതർ തങ്ങൾക്ക് നൽകുന്ന വിത്തിന്റെ അളവ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാം ഉടമകൾ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു. മറ്റ് വിതരണക്കാരിൽ നിന്നും ഉയർന്നവിലയിൽ വിത്തുകൾ വാങ്ങുന്നത് ആത്യന്തികമായി ഉൽപാദനച്ചെലവ് വർധിക്കുന്നതിന് പ്രധാന കാരണമാകുന്നു.
എല്ലാ ഫാമുകളുടെയും ന്യായമായ ആവശ്യങ്ങൾ അധികൃതർ പരിശോധിക്കണമെന്നും ഫാമുകളുടെ ശേഷിക്കനുസൃതമായി അവർക്കുള്ള പിന്തുണ വർധിപ്പിക്കണമെന്നും ഫാം ഉടമകൾ ആവശ്യപ്പെട്ടു. ഇതുവഴി കർഷകർക്ക് സാധ്യമായ നഷ്ടങ്ങളിൽനിന്ന് രക്ഷ നേടാനും അവരുടെ വ്യാപാരത്തുടർച്ച നിലനിർത്താനും കഴിയുന്ന ന്യായമായ ലാഭം നേടാൻ സാധിക്കുമെന്നും കർഷകർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

