ആകാശ വിസ്മയം കാണാം
text_fieldsദോഹ: ഖത്തറിലെ താമസക്കാർക്ക് ലിയോനിഡ് ഉൽക്കവർഷം തിങ്കളാഴ്ച ദൃശ്യമാകും. തിങ്കളാഴ്ച രാത്രി മാനത്തേക്ക് കണ്ണും നീട്ടിയിരിക്കുന്നവർക്ക് ആകാശ വിസ്മയം ആസ്വദിക്കാം. തിങ്കളാഴ്ച വൈകീട്ട് പാരമ്യത്തിലെത്തുന്ന ലിയോനിഡ് ഉൽക്കവർഷം ചൊവ്വാഴ്ച പുലർച്ച വരെ തുടരുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി മുതൽ ദൂരദര്‍ശിനിയോ മറ്റ് പ്രത്യേകം ഉപകരണങ്ങളോ ഇല്ലാതെതന്നെ ഖത്തറിലെ താമസക്കാർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ജ്യോതിശാസ്ത്ര പ്രതിഭാസം കാണാൻ കഴിയുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ആസ്ട്രോണമർ ഡോ. ബഷീർ മർസൂഖ് പറഞ്ഞു. നവംബർ ആറു മുതൽ 30 വരെ വർഷം തോറും സജീവമാകുന്ന ഉൽക്കവർഷം, തിങ്കളാഴ്ച രാത്രി പാരമ്യത്തിലെത്തും. മണിക്കൂറിൽ ഏകദേശം 40 ഉൽക്കകൾ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെളിച്ചത്തിൽ നിന്നും പൊടിപടലങ്ങളിൽനിന്നും അകലെയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും മികച്ച ദൃശ്യം ലഭ്യമാകുക.
സൂര്യനെ വലം വെക്കുന്ന ടെമ്പൽ-ടട്ടിൽ എന്ന വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന് അരികിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ലിയോനിഡ് ഉല്‍ക്കവർഷം ഉണ്ടാകുന്നത്. സൂര്യനെ വലംവെക്കുന്ന ടെമ്പൽ ടട്ടിൽ ഭ്രമണപഥത്തില്‍ അവശേഷിപ്പിക്കുന്ന ചെറു കല്ലുകളും പാറക്കഷണങ്ങളുമാണ് ഉല്ക്കവർഷമായി ഭൂമിയിലേക്ക് പതിക്കുന്നത്. വെളിച്ചവും പാരിസ്ഥിതിക മലിനീകരണവുമില്ലാത്ത, വാസസ്ഥലങ്ങളിൽനിന്ന് അകന്ന ഇരുണ്ട പ്രദേശങ്ങളാണ് ലിയോനിഡ് ഉൽക്കാവർഷം കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ. ലിയോനിഡിന് ശേഷമുള്ള അടുത്ത പ്രധാന ഉൽക്കവർഷം, ജെമിനിഡ് ഉൽക്കവർഷമാണ്. ഇത് ഡിസംബറിലെ രണ്ടാം വാരം പാരമ്യത്തിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

