മേഖല സുരക്ഷാ വെല്ലുവിളി നേരിടുന്നു - പ്രധാനമന്ത്രി
text_fieldsഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി സംസാരിക്കുന്നു
ദോഹ: ലോകത്തെ വിവിധ ഭാഗങ്ങളിലെ ശക്തരായ രാജ്യങ്ങൾക്കിടയിൽ വർധിച്ചുവരുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങൾ ആണവായുധ വ്യാപനത്തിന്റെയും യുദ്ധങ്ങളിലും കലാശിക്കുന്നതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ദേശീയ-പ്രാദേശിക അതിർത്തികളെ മറികടന്ന് സൈബർ ഇടങ്ങളിലെത്തുന്നതായും ശൈഖ് മുഹമ്മദ് ആൽഥാനി പറഞ്ഞു.
വൻ ശക്തികൾ തമ്മിലെ സംഘട്ടനങ്ങളും പരമ്പരാഗത യുദ്ധങ്ങളും അന്താരാഷ്ട്ര വ്യവസ്ഥയെ അപകടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ആറാമത് ആഗോള സുരക്ഷാ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകം കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണെന്നും പ്രതിസന്ധികളും സംഘർഷങ്ങളും കൂണുപോലെ മുളച്ചുപൊങ്ങുകയും ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും കൂട്ടപ്പലായനവുമാണ് ഇവയുടെയെല്ലാം അനന്തരഫലങ്ങളെന്നും സൂചിപ്പിച്ചു.മേഖല ഒന്നിലധികം സുരക്ഷാ ആശങ്കകൾ നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 30,000ത്തിലേറെ ജീവനാണ് ഗസ്സയിൽ പൊലിഞ്ഞതെന്നും ഓരോ ദിവസവും മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം പ്രതിസന്ധികൾ ഭാവിയെക്കുറിച്ച് നിരാശ നൽകുന്നതോടൊപ്പം പ്രതീക്ഷകൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ചെങ്കടലിലേക്കും യുദ്ധം വ്യാപിച്ചതായും അദ്ദേഹം ഓർമിപ്പിച്ചു.വിവിധ അന്താരാഷ്ട്ര സുരക്ഷ വിഷയങ്ങൾ ചർച്ചയായ ഗ്ലോബൽ സെക്യൂരിറ്റി ഫോറം ബുധനാഴ്ച സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

