ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷ: അടിയന്തരയോഗം വിളിച്ചുചേർക്കാൻ നിർദേശം
text_fieldsദോഹ: ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരയോഗം വിളിച്ചുചേർക്കാൻ സംയുക്ത പ്രതിരോധ കൗൺസിലിന് നിർദേശം നൽകി ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) സുപ്രീം കൗൺസിൽ അസാധാരണ യോഗം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിക്ക് ശേഷമായിരുന്നു ജി.സി.സി സുപ്രീം കൗൺസിൽ ചേർന്നത്.
ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ആക്രമണത്തിൽ സുരക്ഷാ സേനാംഗമായ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസാരി രക്തസാക്ഷിയാകുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവധ സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളും നഴ്സറികളും പ്രവർത്തിക്കുന്ന ജനസാന്ദ്രതയുള്ള പ്രദേശത്തായിരുന്നു ആക്രമണം.
ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനും ബന്ദികളെയും തടവുകാരെയും വിട്ടയക്കാനും ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങളെ തുരങ്കംവെക്കുന്നതും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണിതെന്നും ജി.സി.സി യോഗം അഭിപ്രായപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ജി.സി.സി സുപ്രീം കൗൺസിൽ ചർച്ച ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഒമാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ മന്ത്രിയുമായ ഷിഹാബ് ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇസ്രായേൽ ആക്രമണത്തെ സുപ്രീം കൗൺസിൽ ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണ്. ആക്രമണത്തിനെതിരെ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി രാഷ്ട്രങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജി.സി.സി രാഷ്ട്രങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും, അതിലൊരു രാഷ്ട്രത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും കൗൺസിൽ ഊന്നിപ്പറഞ്ഞു.
ജി.സി.സി തത്വങ്ങളുടെ അടിസ്ഥാനത്തിൽ അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരയോഗം വിളിച്ചുചേർക്കാൻ ജി.സി.സി സംയുക്ത പ്രതിരോധ കൗൺസിലിന് നിർദേശം നൽകി. ഇതിന് മുന്നോടിയായി ഉന്നത സൈനിക സമിതിയുടെ യോഗവും ചേരും. ഖത്തറിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങളുടെ പ്രതിരോധ നിലപാടുകളും ഭീഷണികളും വിലയിരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. സംയുക്ത പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംയുക്ത സൈനിക കമാൻഡിനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

