സുരക്ഷ സഹകരണം; ഖത്തർ -ഇറ്റലി ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റഡോസിയുമായുള്ള കൂടിക്കാഴ്ചക്കിടെ
ദോഹ: സുരക്ഷ രംഗത്തെ ഉഭയകക്ഷി സഹകരണ സാധ്യതകൾ ചർച്ചചെയ്ത് ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റഡോസിയുമായി കൂടിക്കാഴ്ച നടത്തി.
ഔദ്യോഗിക സന്ദർശനത്തിനായി ഇറ്റലിയിലെത്തിയതായിരുന്നു ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി. കൂടിക്കാഴ്ചയിൽ പൊതുവായ താൽപര്യമുള്ള വിഷയങ്ങളും മറ്റു കാര്യങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
മിലാൻ കോർട്ടിന വിന്റർ ഒളിമ്പിക്സിന് ഖത്തറി സുരക്ഷാ സേന പ്രധാന പങ്കുവഹിച്ച പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന വൻകിട പരിപാടികൾക്ക് സുരക്ഷയൊരുക്കുന്നതിലും പൊലീസ് മേഖലയിലെ പരിശീലനവും വൈദഗ്ധ്യവും പങ്കുവെക്കുന്നതിലും ചർച്ചകൾ നടന്നു. അന്താരാഷ്ട്ര കായിക മേളകൾക്ക് സുരക്ഷാ പ്ലാനുകൾ തയാറാക്കുന്നതിനും നടപ്പാക്കുന്നതിനും മികച്ച രീതിയിലുള്ള ഏകോപനവും അനുഭവങ്ങൾ കൈമാറുന്നതും തുടരണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും യോഗം വിലയിരുത്തി.
അതേസമയം, കഴിഞ്ഞ ആഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളിൽ സഹകരണ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തിരുന്നു. തുടർന്ന് മിലാൻ കോർട്ടിന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

