സുരക്ഷ സഹകരണം; ഖത്തറും യു.കെയും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, യു.കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദുമായുള്ള കൂടിക്കാഴ്ചക്കിടെ
ദോഹ: സുരക്ഷ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഖത്തറും യു.കെയും. ഇതുസംബന്ധിച്ച നിർണായക കരാറുകളിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു.
ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, യു.കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കരാറിൽ ഒപ്പുവെച്ചത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയപ്പോഴാണ് ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി കൂടിക്കാഴ്ച നടത്തിയത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
കൂടാതെ, ഖത്തർ ആഭ്യന്തര മന്ത്രാലയവും ലഖ്വിയയും യു.കെ ആഭ്യന്തര മന്ത്രാലയവും തമ്മിൽ രണ്ട് പ്രധാന ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും സംയുക്തമായി പ്രവർത്തിക്കുക, പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിലും വലിയ കായിക -സാംസ്കാരിക പരിപാടികൾക്ക് പരസ്പര സുരക്ഷയും സഹകരണവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കൂടാതെ ഇരു രാജ്യങ്ങളിലെയും സുരക്ഷ സ്ഥാപനങ്ങൾ തമ്മിലുള്ള വിവര കൈമാറ്റം, വിദഗ്ധ പരിശീലനം, സാങ്കേതികവിദ്യ പങ്കുവെക്കൽ എന്നിവ ശക്തമാക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഇരുരാജ്യങ്ങളും കൈകോർക്കും.
ഖത്തറും ബ്രിട്ടനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് ഈ പുതിയ നീക്കം. പൊതുവായ താൽപര്യമുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

