സുരക്ഷാ സഹകരണം: ജി.സി.സി പ്രതിനിധി സംഘം ഖത്തറിൽ
text_fieldsസുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട് ഖത്തറിൽ ജി.സി.സി പ്രതിനിധി സംഘം എത്തിയപ്പോൾ
ദോഹ: ഗൾഫ് സഹകരണം ശക്തിപ്പെടുത്തുന്നതിനും വൈദഗ്ധ്യ കൈമാറ്റവും ലക്ഷ്യമിട്ട്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘവും ജി.സി.സി എമർജൻസി മാനേജ്‌മെന്റ് സെന്ററിലെ അംഗങ്ങളും ഖത്തറിലെ വിവിധ സുരക്ഷാ സ്ഥാപനങ്ങൾ സന്ദർശിച്ചു.
പൊലീസ് അക്കാദമി, റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളജ്, നാഷണൽ കമാൻഡ് സെന്റർ എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.സുരക്ഷാ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനും സംയുക്ത ശേഷി വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ തുടർച്ചയായാണ് സന്ദർശനം നടത്തിയത്. പൊലീസ് അക്കാദമിയിലും റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളജിലും എത്തിയ സംഘത്തെ പൊലീസ് അക്കാദമി പ്രസിഡന്റ് മേജർ ജനറൽ അബ്ദുറഹ്മാൻ മജീദ് അൽ സുലൈതി സ്വീകരിച്ചു. നാഷണൽ കമാൻഡ് സെന്ററിൽ എത്തിയ പ്രതിനിധി സംഘത്തെ ബ്രിഗേഡിയർ അലി മുഹമ്മദ് അൽ മുഹന്നദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സന്ദർശന വേളയിൽ, നിലവിലെ പ്രവർത്തന സംവിധാനങ്ങൾ, അതത് സ്ഥാപനങ്ങളുടെ ചുമതലകൾ, പൊലീസ് വിദ്യാഭ്യാസ -ട്രെയിനിങ് കരിക്കുലം എന്നിവയെക്കുറിച്ച് സംഘം വിശദമായി മനസ്സിലാക്കി. കമാൻഡ് ആൻഡ് കൺട്രോൾ മേഖലയിലെ ആധുനിക സുരക്ഷാ സാങ്കേതിക വിദ്യകൾ, അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള നൂതന പ്രോഗ്രാമുകൾ എന്നിവയും സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ജി.സി.സി സുരക്ഷാ ഏജൻസികളുടെ യോഗം കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്നിരുന്നു.
സംയുക്ത അഭ്യാസപ്രകടനങ്ങളുടെ അവസാനഘട്ട തയാറെടുപ്പുകൾ യോഗത്തിൽ പ്രതിനിധികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

