അവധിയുടെ തിരക്കിൽ സീലൈൻ ബീച്ച്
text_fieldsപെരുന്നാൾ അവധിക്കാലത്ത് സീലൈൻ ബീച്ചിലെത്തിയ സന്ദർശകർ
ദോഹ: പെരുന്നാളായാലും വാരാന്ത്യ അവധിയായാലും കുടുംബ സന്ദർശനമായാലും ഖത്തറിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഇഷ്ടം സീലൈൻ ബീച്ചാണ്. ആ പതിവിന് ഈ പെരുന്നാളിലും മാറ്റമില്ല. ഒരാഴ്ചയിലേറെ നീണ്ടുനിന്ന പെരുന്നാൾ അവധിക്കാലത്ത് കൂടുതൽ സന്ദർശകർ എത്തിയ വിനോദകേന്ദ്രം മരുഭൂമിയും കടലും ഒന്നിച്ചുചേരുന്ന സീലൈൻ ബീച്ചായിരിക്കും. പെരുന്നാളിന്റെ ഒന്നാം ദിനം മുതൽ ആഭ്യന്തര, അന്താരാഷ്ട്ര സന്ദർശകരാൽ ബീച്ചിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
സീലൈനിൽ ബീച്ചിലെ ഒട്ടക സഫാരി
അവധിക്കാലത്ത് നീന്താനും ഫുട്ബാൾ ഉൾപ്പെടെയുള്ള വിനോദങ്ങളിലേർപ്പെടാനും സീലൈനിലെത്തിയവരുണ്ട്. അതോടൊപ്പം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാനും വിശ്രമവേള ചെലവഴിക്കാനും ചിലർ ബീച്ചിലെത്തുമ്പോൾ സുന്ദരമായ മണൽക്കൂനകളിലൂടെയുള്ള സാഹസിക സഫാരിയും ഒട്ടക സവാരിയും തിരഞ്ഞെടുത്തവരുമുണ്ട്. കടലും മരുഭൂമിയും ഒരുമിക്കുന്ന ലോകത്തെ അപൂർവ സ്ഥലങ്ങളിലൊന്നായ ഇൻലൻഡ് സീ സന്ദർശിക്കാനും സീലൈനിലെത്തിയവർ ഏറെയാണ്. വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും നേരത്തേ തയാറാക്കിയ ഭക്ഷണം കൊണ്ടുവന്നോ അല്ലെങ്കിൽ സ്ഥലത്ത് പാകം ചെയ്തോ രാത്രി മുഴുവൻ ചെലവഴിക്കുന്നവരും നിരവധി പേരാണ്.
അതേസമയം, കടൽത്തീരവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം ഊർജിതമാക്കിയിട്ടുണ്ട്. ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ജീവനക്കാരും ശുചീകരണ തൊഴിലാളികളും സജീവമായി രംഗത്തുണ്ട്.
സീലൈൻ ബീച്ചിലെത്തിയ സന്ദർശകർ ഫാൽക്കൺ പക്ഷിയുമായി
ഒട്ടക സവാരി, മരുഭൂ സഫാരി, ഭക്ഷണം എന്നിവ ഉൾപ്പെടുന്ന പാക്കേജുകളുമായി സന്ദർശകരെ ആകർഷിക്കാൻ രാജ്യത്തെ ടൂറിസം ഏജൻസികളും രംഗത്തുണ്ട്. 170 റിയാൽ മുതലാണ് ഈ പാക്കേജുകൾ ആരംഭിക്കുന്നത്. അതേസമയം, 700 റിയാൽ മുതൽ റിസോർട്ടുകളും ടെന്റുകളും വിവിധ പാക്കേജുകളുമായി രംഗത്തുണ്ട്.
(ചിത്രങ്ങൾ കടപ്പാട്: ഗൾഫ് ടൈംസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

