തീരമൊരുങ്ങി; കടലാമ സീസണിന് തുടക്കം
text_fieldsദോഹ: ഖത്തറിന്റെ തീരത്തേക്ക് കടലാമകൾ കൂട്ടമായെത്തുന്ന പ്രജനന കാലത്തിന് തുടക്കമായി. അപൂർ ഇനം കടലാമകൾ മുട്ട ഇടുന്നതിനായി തീരമണയുന്ന സീസൺ ഏപ്രിൽ ഒന്നിന് ആരംഭിച്ചതായി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് ഒന്നു വരെ നാലു മാസമാണ് കടലാമകളുടെ മുട്ടയിടൽ സീസൺ നീണ്ടുനിൽക്കുന്നത്. ഇവക്കായി കൂടൊരുക്കിയും മുട്ടയിടുന്നതിനുള്ള ആവാസവ്യവസ്ഥ സൃഷ്ടിച്ചും അധികൃതരും സജ്ജമാകും.
പരിസ്ഥിതിയുടെയും വിവിധ ജീവിവർഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷണത്തിനും മുന്തിയ പരിഗണ നൽകുന്ന മന്ത്രാലയം വിപുലമായ സംവിധാനങ്ങളാണ് ഓരോ സീസണിലും കടലാമകളുടെ മുട്ടിയിടലിനും അവയുടെ സംരക്ഷണത്തിനുമായി ഒരുക്കുന്നത്. തണുപ്പുകാലം മാറി, അന്തരീക്ഷം പതുക്കെ ചൂടുപിടിച്ചു തുടങ്ങവെയാണ് കടലാഴങ്ങൾ നീന്തി അപൂർവയിനം ആമകൾ ഖത്തർ കടൽത്തീരത്തെത്തുന്നത്.
ഏപ്രിൽ മാസത്തോടെ തുടങ്ങുന്ന കടലാമകളുടെ പ്രജനന സീസണിന് മുന്നോടിയായി ഫുവൈരിത് ബീച്ചിൽ അവർക്കുള്ള കൂടൊരുക്കം ഉൾപ്പെടെ വിവിധ തയാറെടുപ്പുകളും അധികൃതർ നടത്താറുണ്ട്. തീരമേഖലകളുടെ ശുചീകരണ പ്രവർത്തനങ്ങളും നേരത്തേ പൂർത്തിയാക്കി.
വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളാണ് കൂട്ടമായെത്തുന്നത്. 2003 മുതലാണ് വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണ പദ്ധതിക്ക് ഖത്തർ തുടക്കംകുറിച്ചത്. ഖത്തറിലെ ഏറ്റവും വലിയ കടൽ ജീവജാല സംരക്ഷണ യത്നങ്ങളിലൊന്നുകൂടിയാണ് ഈ കടലാമകളുടെ പ്രജനനത്തിനുള്ള സൗകര്യങ്ങൾ.
ഖത്തറിന്റെ വടക്കൻ തീരമേഖലകളായ റാസ് ലഫാൻ, ഹുവൈല, അൽ ജസാസിയ, അൽ മറൂണ, ഫുവൈരിത്, അൽ ഗരിയ, അൽ മഫിയാർ എന്നിവക്കു പുറമെ ദ്വീപുകളായ ഉമ്മു തായിസ്, ശറാവ, ഹാലുൽ എന്നിവിടങ്ങളിലും കടലാമകൾ മുട്ടയിടുന്നതിനായി എത്താറുണ്ട്.
ഇവക്കായി വിപുലമായ ഒരുക്കങ്ങളാണ് മന്ത്രാലയം നടത്തുന്നത്. വേലിയേറ്റങ്ങളിലും തിരമാലകളിലുംപെട്ട് കടലാമക്കൂടുകൾ നശിക്കാതിരിക്കുന്നതിനായി ഇവ മാറ്റിസ്ഥാപിക്കുക, കൂടുകളുടെ താപനില നിരീക്ഷിക്കുക, കൂടുതൽ പഠനത്തിനായി ആമകളിൽ ട്രാക്കിങ് ഉപകരണങ്ങൾ സജ്ജീകരിക്കുക, ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുക എന്നിവയും മന്ത്രാലയം നേതൃത്വത്തിൽ നടക്കും.
കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ 70,000ത്തിലധികം ആമക്കുഞ്ഞുങ്ങളെയാണ് ഖത്തറിന്റെ തീരത്തുനിന്ന് കടലിലെ ആവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്. സാധാരണയായി ഓരോ സീസണിലും 70 മുതല്‍ 95 വരെ മുട്ടകളാണ് ഓരോ കൂട്ടിലും ഇടുന്നത്. 52 മുതല്‍ 62 വരെ ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

