ദോഹ: പ്രമുഖ മൊബൈൽ സേവന ദാതാക്കളായ ഉരീദു, മാലദ്വീപ് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കടൽ ആംബുലൻസ് കൈമാറി.
ഇസ്സുദ്ദീൻ ജെട്ടി ഏരിയയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ആംബുലൻസ് കൈമാറിയത്. മാല ദ്വീപിലെ ആരോഗ്യമേഖലയുടെ വളർച്ച ലക്ഷ്യം വെച്ച് സർക്കാറിനുള്ള പിന്തുണയുടെ ഭാഗമായാണ് ഉരീദു ആംബുലൻസ് കൈമാറിയത്.
വിവിധ ദ്വീപുകളിലായി ജീവിക്കുന്ന ജനങ്ങളുടെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കാൻ ഉരീദുവിെൻറ പദ്ധതിക്കാകും.
ഉരീദു ഗ്രൂപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി, മാലദ്വീപ് ആരോഗ്യമന്ത്രി അബ്ദുല്ല നാസിം ഇബ്റാഹീം, സാമ്പത്തിക വികസനകാര്യമന്ത്രി മുഹമ്മദ് സഈദ്, പ്രതിരോധ സഹമന്ത്രി മുഹമ്മദ് സുഹൈർ, ഉരീദു ഗ്രൂപ്പ് ഡെപ്യൂട്ടി സി ഇ ഒ വലീദ് മുഹമ്മദ് അൽ സഈദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് രോഗികൾക്ക് കിടക്കാൻ സൗകര്യമുള്ള 40 അടിയിലേറെ നീളമുള്ള മൂന്ന് ആംബുലൻസുകളാണ് കൈമാറിയിരിക്കുന്നത്. അത്യാധുനിക വാർത്താ വിനിയമ സംവിധാനങ്ങളും മറ്റും സീ ആംബുലൻസിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഓക്സിജൻ സിലിണ്ടറുകളും മറ്റു അവശ്യ സുരക്ഷാ സംവിധാനങ്ങളും ആംബുലൻസിലുണ്ട്.