പൊള്ളും ചൂട്; ഉച്ചപ്പണി നിയന്ത്രണം വരുന്നു
text_fieldsദോഹ: മേയ് മാസം പകുതിയോടെ തന്നെ ചൂട് കനത്തതോടെ ഖത്തറിലെ മധ്യാഹ്ന ഉച്ച വിശ്രമ നിയമവും ആരംഭിക്കുന്നു. പുറം ജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർബന്ധിത ഉച്ചവിശ്രമ നിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് പുറം തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സമയത്ത് വെയിൽ നേരിട്ട് പതിക്കുന്ന മേഖലകളിൽ ജോലി ചെയ്യാൻ പാടില്ല.
ഇതിന്റെ ഭാഗമായി, ജോലിസ്ഥലങ്ങളിലെ ഉഷ്ണത്തെ കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി തൊഴിൽ സുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും കാമ്പയിൻ നടത്തുന്നതായി മന്ത്രാലയം അറിയിച്ചു. എന്നുവരെ നിയമം തുടരുമെന്ന് നിലവിൽ അറിയിപ്പില്ല. എന്നാൽ, സാധാരണയായി ഇത് സെപ്റ്റംബർ പകുതിവരെ ബാധകമാണ്. മുൻ വർഷങ്ങളിൽ സെപ്റ്റംബർ 15 വരെയായിരുന്നു ഉച്ചവിശ്രമ നിയമം നിർബന്ധമാക്കിയത്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഖത്തറിലും ഇതര ഗൾഫ് മേഖലകളിലും ചൂട് ശക്തമാണ്. പുറം തൊഴിലും ഉച്ചവെയിൽ നേരിട്ട് പതിക്കും വിധമുള്ള യാത്രയും നടത്തവുമെല്ലാം ഈ സമയങ്ങളിൽ അപകടത്തിന് വഴിയൊരുക്കും. ചൂട് ശക്തമാവുന്ന സമയങ്ങളിൽ തണലും, വായുസഞ്ചാരവുമുള്ള ഇടങ്ങളിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം തൊഴിലുടമകൾ ഒരുക്കണമെന്നാണ് ചട്ടം. നിശ്ചിത സമയത്ത് തൊഴിലാളിക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി മന്ത്രാലയം നേതൃത്വത്തിൽ പരിശോധന നടത്തുകയും, ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. കഠിനമായ ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമ സ്ഥലം ഒരുക്കൽ ഉൾപ്പെടെ വിവിധ നിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്.
49 ഡിഗ്രി; ചൂട് ഉയരുന്നു
മേയ് മാസം അവസാന വാരത്തിലെത്തിയപ്പോഴേക്കും ഖത്തറിലെ ചൂടിന്റെ കാഠിന്യം കുതിച്ചുയരുന്നു.ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും കൂടിയ താപനില 49 ഡിഗ്രിയിലെത്തിക്കഴിഞ്ഞു. ജുമൈലിയയിലാണ് ചൊവ്വാഴ്ച ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെട്ടത്. മികൈനീസ്, ഷഹാനിയ, അൽ ഖോർ, ഗുവൈരിയ, കറാന എന്നിവിടങ്ങളിൽ ഇത് 47 ഡിഗ്രി വരെയെത്തി. ദോഹയിൽ കഴിഞ്ഞ ദിവസം 42-43 വരെ അനുഭവപ്പെട്ടു.വാരാന്ത്യം ഉൾപ്പെടെ ദിവസങ്ങളിൽ താപനില വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

