വേനൽക്കാലത്ത് കുളിരേകാൻ ‘സ്കൂപ് ബൈ ദ സീ’
text_fieldsദോഹ: ചൂട് കടുത്തതോടെ ഖത്തറിൽ വേനൽക്കാല വിനോദ പരിപാടികളും ധാരാളമുണ്ട്. ഇപ്പോഴിതാ ഐസ്ക്രീം പ്രേമികൾക്കായി പ്രത്യേക വിനോദ പരിപാടിയുമായി എത്തിയിരിക്കുകയാണ് വിസിറ്റ് ഖത്തർ. അവധിക്കാലത്തെ പ്രത്യേക വിനോദ പരിപാടിയായ സ്കൂപ് ബൈ ദ സീ ആഗസ്റ്റ് 13 വരെ ദോഹ വെസ്റ്റ് ബേ നോർത്ത് ബീച്ചിൽ നടക്കും. പരിപാടിയിലൂടെ വെസ്റ്റ് ബേ നോർത്ത് ബീച്ചിൽ കുടുംബത്തോടൊപ്പം വേനൽക്കാലം ആഘോഷിക്കാൻ അവസരമൊരുങ്ങും.
പ്രധാനമായും ഐസ്ക്രീം പ്രേമികൾക്കായാണ് പരിപാടി നടത്തുന്നെതെങ്കിലും മറ്റു കായിക, വിനോദ പ്രവർത്തനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് പരിപാടികൾ. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. സൂര്യോദയ വ്യായാമങ്ങൾ മുതൽ സൂര്യാസ്തമയ ഷോകളും ആരോഗ്യ, കായിക പ്രേമികൾക്കായി ക്രോസ് ഫിറ്റ്, പൈലേറ്റ്സ്, ബോക്സിങ്, യോഗ, നൃത്തം, സൂംബ, വോളിബാൾ, ബാസ്കറ്റ്ബാൾ തുടങ്ങിയ പരിപാടികളുമുണ്ട്.
കുട്ടികൾക്കായി കരകൗശലം, ഫേസ് പെയിന്റിങ്, മാജിക് ഷോ, മൈം ഷോ, വിഡിയോ ഗെയിമിങ്, ഇൻഫ്ലറ്റബ്ൾ പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. അൽ സഫ് ലിയ ദ്വീപിലേക്കുള്ള യാത്ര, പാരാമോട്ടോർ ഷോ, സ്റ്റിൽറ്റ് വാക്കറുകൾ, ലൈവ് ഡി.ജെ, ലൈവ് മ്യൂസിക് പ്രകടനങ്ങൾ തുടങ്ങിയ വിനോദ പരിപാടികളാണ് മറ്റ് ആകർഷണങ്ങൾ. കൂടാതെ, സന്ദർശകർക്ക് വൈവിധ്യമാർന്ന ഭക്ഷണപാനീയങ്ങളും ആസ്വദിക്കാം. പ്രവേശന ടിക്കറ്റ് നേരിട്ടെത്തി വാങ്ങാവുന്നതാണ്. മുതിർന്നവർക്ക് പ്രവൃത്തിദിവസങ്ങളിൽ 35 രിയാലും വാരാന്ത്യങ്ങളിൽ 50 രിയാലുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

