ഖത്തറിൽ സ്കൂളുകൾ തുറന്നു; 3.65 ലക്ഷം വിദ്യാർഥികളെ വരവേറ്റ് വിദ്യാലയങ്ങൾ
text_fieldsദോഹ: വേനലവധിക്കാലത്തിനുശേഷം പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരെയും വീണ്ടും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ. രണ്ടു മാസത്തെ വേനലവധിയും കഴിഞ്ഞ് ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്കൂളുകളും ഞായറാഴ്ചയോടെ പഠനത്തിരക്കുകളിലേക്ക് സജീവമായി. പുതിയ ആധ്യായന വർഷത്തെിനായി ഒരുങ്ങുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾ, അധ്യാപകർ, ലൈസൻസ് ഉടമകൾ എന്നിവരെയും മന്ത്രാലയം അഭിനന്ദനിച്ചു. അധ്യായന വർഷാംരംഭത്തിനു മുന്നോടിയായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആഴ്ചകളോളം നീണ്ട ആസൂത്രണങ്ങളും തയാറെടുപ്പുകളും നടത്തിയിരുന്നു.
സ്കൂളുകളും കിൻഡർ ഗാർഡനുകളും ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലേക്ക് 3.65 ലക്ഷം വിദ്യാർഥികളാണ് തിരികെയെത്തിയത്. സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കമായിരുന്നു ഞായറാഴ്ചയെങ്കിൽ, ഇന്ത്യൻ സ്കൂളുകളിൽ അധ്യയന വർഷത്തിനിടയിലാണ് അവധിയും കഴിഞ്ഞ് ക്ലാസുകൾ ആരംഭിച്ചത്. എങ്കിലും, ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാതെ സ്കൂളുകൾ വിദ്യാർഥികളെ വരവേറ്റു. സമ്മാനങ്ങളും മധുരവും കളികളുമായി അധ്യാപകരും, സ്കൂൾ ജീവനക്കാരും വിദ്യാർഥികളെ സ്വാഗതം ചെയ്തു.
കനത്ത ചൂടിന്റെ വെല്ലുവിളിയിൽ എല്ലാ സ്കൂളുകളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സെപ്റ്റംബർ പിറന്നതോടെ വരും ദിവസങ്ങളിൽ ചൂട് കുറഞ്ഞു തുടങ്ങുമെന്ന ആശ്വാസത്തിലാണ് വിദ്യാലയങ്ങൾ.കിൻഡർ ഗാർട്ടനുകൾ ഉൾപ്പെടെ രാജ്യത്ത് 629 വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 278 ഗവണ്മെന്റ് സ്കൂളുകളും 351 സ്വകാര്യ സ്കൂളുകളുമുണ്ട്. വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 1.37 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്.
സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 2.28 ലക്ഷമാണ്. ഈ വർഷം പൊതുമേഖലയിൽ പത്ത് പുതിയ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ 6,000 കൂട്ടികൾക്ക് പഠിക്കാനുള്ള അവരമൊരുങ്ങും. കൂടാതെ 1,124 പുതിയ അധ്യാപകരെയും നിയമിച്ചു. പുതിയ 11 സ്കൂളുകളുടെ നിർമാണം, 35 സ്കൂളുകളിൽ ക്ലാസ് മുറികൾ, 16 സ്കൂളുകളുടെ നവീകരണം, ഖത്തർ പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മന്ത്രാലയത്തിന്റെ ഭാവി പദ്ധതികളാണ്.
സ്കൂൾ ആരംഭത്തിനുമുന്നോടിയായി കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ക്ലാസ് മുറികൾ, എയർ കണ്ടീഷനിങ്, കാഫ്റ്റീരിയകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തി ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയിരുന്നു. സ്കൂൾ അഡ്മിനിസ്ട്രേഷൻ വിഭാഗം പഠന സമയക്രമം, വിദ്യാർഥികളെ ക്ലാസ് മുറികളിലേക്ക് വിന്യസിക്കൽ, പാഠപുസ്തകങ്ങളുടെയും മറ്റു സാധനങ്ങളുടെയും വിതരണം എന്നിവ ഉറപ്പാക്കി. 2,510 സ്കൂൾ ബസുകൾ കുട്ടികൾക്കായി തയാറാക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി 190 മിനി ബസുകളും തുടങ്ങി, ബസുകളുടെ എണ്ണം 2,750 ആയി വികസിപ്പിക്കാനും പദ്ധതിയുണ്ട്.ആരോഗ്യകരവും സുരക്ഷിതവുമായ സ്കൂൾ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ് ഈ തയാറെടുപ്പുകളെന്ന് വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മഹാ സയീദ് അൽ ഖാഖ അൽ റുവൈലി പറഞ്ഞുഇസ്ലാമിക വിദ്യാഭ്യാസം, അറബി എന്നിവയിൽ പരിഷ്കരണങ്ങൾ വരുത്തിയും ശാസ്ത്രവിഷയങ്ങൾ ആധുനികവത്കരിച്ചും, സ്റ്റെം രീതികൾ സമന്വയിപ്പിച്ചും ദേശീയ സ്വത്വത്തെ ശക്തിപ്പെടുത്തുന്നതിന് പ്രാധാനം നൽകിയുമാണ് ഈ വർഷത്തെ പാഠ്യപദ്ധതി കരിക്കുലം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു. ക്യ.എൻ.സി.സിയിൽ നടന്ന ബാക്ക് ടു സ്കൂൾ പരിപാടിയോടെയാണ് മന്ത്രാലയം തങ്ങളുടെ തയാറെടുപ്പുകൾക്ക് സമാപനം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

