ഖത്തറിൽ സ്കൂൾ വാക്സിനേഷൻ കാമ്പയിൻ സെപ്റ്റംബർ 20 മുതൽ
text_fieldsദോഹ: രാജ്യത്തെ സ്കൂൾ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിനിൽ ഹ്യൂമൻ പാപ്പിലോമാവൈറസ് (എച്ച്.പി.വി) വാക്സിൻ ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം. വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ദേശീയ സ്കൂൾ വാക്സിനേഷൻ കാമ്പയിൻ നടപ്പാക്കുന്നത്.
ദേശീയ പ്രതിരോധ കുത്തിവയ്പ് പദ്ധതിയിൽ എച്ച്.പി.വി വാക്സിൻ ഉൾപ്പെടുത്തിയത് വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന പ്രതിരോധ നടപടിയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഉയർന്ന അപകടസാധ്യതയുള്ള രോഗങ്ങൾക്കെതിരെ നേരത്തെയുള്ള പ്രതിരോധം ഉറപ്പാക്കുകയും ഭാവിയിൽ വൈറസുമായി ബന്ധപ്പെട്ട രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും കുറക്കുകയുമാണ് ലക്ഷ്യം. കാമ്പയിനിൽ 301 സ്കൂളുകളിലായി 8, 9, 10 ക്ലാസുകളിലെ 75,000ത്തിലധികം വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകും. ആദ്യഘട്ടം സെപ്റ്റംബർ 20ന് ആരംഭിച്ച് നവംബർ 18 വരെ തുടരും. രണ്ടാംഘട്ടം 2027 ഏപ്രിൽ 25 മുതൽ മേയ് 16 വരെ നടപ്പാക്കും.
ലോകാരോഗ്യ സംഘടനയും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അംഗീകരിച്ച വാക്സിനാണിതെന്നും ലോകമെമ്പാടും നൂറുകണക്കിന് ദശലക്ഷം ഡോസുകൾ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നൽകിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന്റെ ഫലപ്രാപ്തി 90 ശതമാനത്തിലധികമാണെന്നും 11 മുതൽ 14 വയസ്സുവരെയുള്ള പ്രായത്തിൽ നൽകുമ്പോൾ മുതിർന്ന പ്രായവിഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന പ്രതിരോധ പ്രതികരണം ലഭിക്കുമെന്നും വ്യക്തമാക്കി.
വാക്സിനേഷൻ നിർബന്ധമല്ല. രക്ഷിതാവിന്റെയോ നിയമപരമായ രക്ഷാകർത്താവിന്റെയോ മുൻകൂർ സമ്മതം ലഭിച്ചതിന് ശേഷമാണ് വിദ്യാർഥികൾക്ക് വാക്സിൻ നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

