സ്കൂളുകളുടെ അവധിക്കാലം: ആശയക്കുഴപ്പവുമായി പുതിയ ഉത്തരവ്
text_fieldsദോഹ: സ്വകാര്യ സ്കൂളുകളുടെ അവധിക്കാലം സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ് രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. 2018 ജൂലൈ–ആഗസ്റ്റ് മാസത്തിലെ വേനൽ അവധി സംബന്ധിച്ച വിവരങ്ങൾ സ്കൂളുകൾ ജനുവരിയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇതുപ്രകാരം സെപ്റ്റംബർ ആദ്യവാരത്തിലാണ് സ്കൂളുകൾ തുറക്കേണ്ടത്. എന്നാൽ ഇതിന് വിപരീതമായാണ് മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ്. സ്കൂളുകൾ അവധി കഴിഞ്ഞ് ആഗസ്റ്റ് 29ന് തുറക്കണമെന്ന പുതിയ ഉത്തരവാണ് പുറത്തിറങ്ങിയത്.
ഇത് അധ്യാപകരെയും വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കി. പുതിയ ഉത്തരവ് പ്രകാരം സ്വകാര്യസ്കൂളുകളുടെ അക്കാദമിക് കലണ്ടർ 2018 ആഗസ്റ്റ് 29നാണ് ആരംഭിക്കുക. സ്പ്രിങ് അവധി ഏപ്രിൽ ഏഴിനും പതിനൊന്നിനും ഇടയിൽ ആരംഭിക്കും. എന്നാൽ ഏപ്രിൽ 11 വ്യാഴാഴ്ചയാണ്. പിറ്റേന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും വിദ്യാലയങ്ങൾക്ക് പൊതുഅവധി ദിനങ്ങളുമാണ്. ഇതിനാൽ ഏപ്രിൽ 14നാണ് സ്കൂളുകൾക്ക് തുറക്കാനാകുക. എന്നാൽ സ്കൂളുകൾ നേരത്തേ തന്നെ അറിയിച്ചിരുന്ന അവധിദിനങ്ങൾ അനുസരിച്ച് പല കുടുംബങ്ങളും നാട്ടിലേക്കുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഇത്തരക്കാർക്ക് മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ് തിരിച്ചടിയായി. ജൂലൈ–ആഗസ്റ്റ് മാസങ്ങളിൽ വിമാനടിക്കറ്റുകൾക്ക് വൻനിരക്കാണ് വിമാനകമ്പനികൾ ഇൗടാക്കുന്നത്.
ഇതോടെ വിമാനടിക്കറ്റുകൾ കാൻസൽ ചെയ്യേണ്ട സ്ഥിതിയിലാണ് ഇത്തരക്കാർ.
അധ്യയന ദിനങ്ങൾ നഷ്ടപ്പെടാൻ രക്ഷിതാക്കൾ ആഗ്രഹിക്കാത്തതിനാൽ ഇത്തരക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഖത്തറിലെ മിക്ക സ്വകാര്യസ്കൂളുകളുടെയും സ്പ്രിങ് അവധിക്കാലം മാർച്ച് 14 മുതൽ ഏപ്രിൽ നാല് വരെയാണ്. വേനലവധി ജൂലൈ ആറിന് തുടങ്ങി സെപ്റ്റംബർ ആറ് വരെയുള്ള രണ്ട് മാസക്കാലവുമാണ്. മാർച്ച് മാസത്തിൽ സ്പ്രിങ് അവധി നിലവിൽ തന്നെ നൽകിക്കഴിഞ്ഞ സ്കൂളുകൾ പുതിയ ഉത്തരവ് പ്രകാരം വീണ്ടും ഏപ്രിൽ മാസത്തിൽ അവധി നൽകേണ്ടി വരും. ഇത് തീർത്തും അപ്രായോഗികമാണ്. ഇതിനാൽ പല സ്കൂളുകളും ഇന്ത്യൻ എംബസി വഴി വിദ്യാഭ്യാസമന്ത്രാലയവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. പരാതികൾ പരിഗണിക്കുമെന്നാണ് കിട്ടിയ മറുപടി. ദിവസങ്ങൾക്കകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്കൂളുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.