വിദ്യാർഥികളെ വരവേൽക്കാൻ ഒരുങ്ങി സ്കൂളുകൾ; സജീവമായി സ്കൂൾ വിപണി
text_fieldsസജീവമായ ഖത്തറിലെ ബാക്ക് ടു സ്കൂൾ വിപണിയിൽനിന്ന്
ദോഹ: വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഈ മാസം അവസാനത്തോടെ തുറക്കാനിരിക്കെ, സ്കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുകയാണ്. രാജ്യത്തുടനീളമുള്ള 3,65,000ത്തിലധികം വിദ്യാർഥികളാണ് ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തുന്നത്. സർക്കാർ സ്കൂളുകളും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങളുമെല്ലാം വിദ്യാർഥികളെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബാക്ക് ടു സ്കൂൾ പരിപാടിയോടനുബന്ധിച്ച് അബ്ദുല്ല അൽഹിലാബി അവതരിപ്പിക്കുന്ന രസകരമായ ക്വിസ് മത്സരവും മറ്റു വർക്ക്ഷോപ്പുകളും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്.
അതിന് മുമ്പായി, കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ബാഗും യൂനിഫോമുകളുമെല്ലാം ഒരുക്കിയാണ് വിപണി സജീവമാവുന്നത്. കുട്ടികൾക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും ഒരുക്കി ‘ബാക്ക് ടു സ്കൂൾ’ ഓഫറുകൾ പ്രഖ്യാപിച്ചാണ് ഖത്തറിലെ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും വിപണി സജീവമാക്കുന്നത്.വിദ്യാർഥികള്‍ക്ക് സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാമഗ്രികളും വിപണിയിലുണ്ട്.
വിവിധ വലുപ്പത്തിലും ഡിസൈനുകളിലുമുള്ള ബാഗുകള്‍, കുടകള്‍, നോട്ട്ബുക്കുകൾ, പേനകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങി സ്കൂള്‍ സ്റ്റേഷനറി കിറ്റുകള്‍ വരെ ലഭ്യം. ലഞ്ച് ബോക്സ്, സ്പോർട്സ് ബോട്ടിൽ, സ്റ്റേഷനറി സെറ്റ് എന്നിവ മുതൽ ലാപ്ടോപ്, ടാബ്, പ്രിന്റർ തുടങ്ങിയവും ബാക്ക് ടു സ്കൂൾ വിപണിയിൽ കുറഞ്ഞ വിലകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ പ്രവാസി കുടുംബങ്ങൾ അവധി കഴിഞ്ഞ് തിരികെയെത്തുന്ന സീസണുമാണിപ്പോൾ. അതുകൊണ്ടുതന്നെ സ്കൂൾ വിപണിയിലെ തിരക്കേറുകയാണ്.
ലുലു ഹൈപ്പർമാർക്കറ്റ്, സഫാരി, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, മാർക്ക് അൻഡ് സേവ്, ഫാമിലി ഫുഡ് സെന്റർ, അൻസാർ ഗാലറി തുടങ്ങി ഖത്തറിലെ മുൻനിര ഹൈപ്പർമാർക്കറ്റുകളിലെല്ലാം ‘ബാക്ക് ടു സ്കൂൾ’ വിപണി ആരംഭിച്ചു കഴിഞ്ഞു. വൈറ്റ് ബോർഡ്, സ്റ്റഡി ടേബ്ൾ, ടിഫിൻ ബോക്സ്, നോട്ട്ബുക്കുകൾ മുതൽ കുട്ടികൾക്കുള്ള ഭക്ഷ്യവിഭവങ്ങളും കളിപ്പാട്ടങ്ങളുംവരെ ലഭ്യമാണ്. വലിയ വിലക്കുറവിന്റെ ഓഫറുകൾ പ്രഖ്യാപിച്ചാണ് ഓരോ സ്ഥാപനവും സീസണിലെ കച്ചവടം പൊടിപൊടിക്കാൻ ഒരുങ്ങുന്നത്.
വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വർധിച്ച ആവശ്യമാണ് ഇപ്പോൾ വിപണിയിലെ ട്രെൻഡായി മാറുന്നത്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്, ടാബ് തുടങ്ങിയ ഉപകരണങ്ങൾ പഠനത്തിൽ നിർണായക സാന്നിധ്യമായി മാറിയത് ഷോപ്പിങ് വിപണിയിലും പ്രതിഫലിക്കുന്നു. ഈ സെഷനിൽ വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വിലക്കുറവോടെയാണ് ഹൈപ്പർമാർക്കറ്റുകൾ ലഭ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

