ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനോത്സവം
text_fieldsദോഹ: വാർഷിക പരീക്ഷയുടെ ചൂടും, പെരുന്നാൾ അവധിയും കഴിഞ്ഞ് ഖത്തറിലെ 18ഓളം ഇന്ത്യൻ സ്കൂളുകൾ ഇന്നു മുതൽ പുതിയ അധ്യയന വർഷത്തിലേക്ക്. മാർച്ച് അവസാന വാരത്തോടെ വാർഷിക പരീക്ഷകളും, പത്ത്, 12 സി.ബി.എസ്.ഇ പൊതുപരീക്ഷകളും പൂർത്തിയാക്കിയാണ് ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളും ഏപ്രിൽ എട്ടു മുതൽ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. പത്തു ദിവസം വരെ നീണ്ട അവധി ആഘോഷിച്ച് വീണ്ടും പഠനത്തിരക്കിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. ഇത്തവണ അവധിയും കഴിഞ്ഞ് സ്ഥാനക്കയറ്റം നേടിയ ക്ലാസുകളിലേക്കാവും വിദ്യാർഥികളുടെ വരവ് എന്ന സവിശേഷതയുമുണ്ട്.
ജൂൺ അവസാന വാരത്തിൽ വേനലവധിക്ക് പിരിയും മുമ്പേ പുതിയ അധ്യയന വർഷത്തിലെ ആദ്യ ഭാഗങ്ങൾ പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ. രണ്ടര മാസത്തിലേറെ ക്ലാസുകൾക്ക് സമയമുള്ളതിനാൽ, പാഠഭാഗങ്ങളിൽ നാലിൽ ഒന്ന് പൂർത്തിയാക്കാനും കഴിയും. പത്ത്, 12 പരീക്ഷ ഫലം മേയ് അവസാന വാരത്തിൽ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും, 11ാം ക്ലാസുകൾ ഫലത്തിന് കാത്തിരിക്കാതെ തന്നെ സ്കൂളുകളിൽ ആരംഭിക്കും.
പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ തയാറെടുത്തതായി നോബിൾ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് പറഞ്ഞു.
അൽ മെഷാഫ്, അൽ ഹിലാൽ, ഐൻ ഖാലിദ് അൽ വുകൈർ കാമ്പസുകളിൽ എട്ട് മുതൽ 10 വരെ തീയതികളായി ക്ലാസ് ആരംഭിക്കും. കെ.ജി ക്ലാസുകളിലേക്ക് പ്രവേശനം നേടിയ സ്കൂളുകളിലെത്തുന്ന വിദ്യാർഥികളെ വരേവൽക്കാനും വിപുലമായ പരിപാടികളാണ് സ്കൂളുകളിൽ ഒരുങ്ങുന്നത്. സമ്മാനങ്ങളും മിഠായികളുമായി വെൽക്കം കിറ്റ് ഒരുക്കിയും സ്വാഗതം ചെയ്തുകൊണ്ടുള്ള അലങ്കാരങ്ങളുമായാണ് പുതിയ കൂട്ടുകാരെ പഠനലോകത്തേക്ക് വരവേൽക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം അവസാനത്തിൽ വിദ്യാർഥികളുടെ സ്കൂൾ സീറ്റ് പരിമിതി പ്രശ്നം പരിഹരിക്കുന്നതിനായി അനുവദിച്ച ഈവനിങ് ക്ലാസുകൾ ഇത്തവണയും തുടരുന്നുണ്ട്. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പ്രവേശനം ഏപ്രിൽ 10 വരെ തുടരുന്നതായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എം.ഇ.എസ്, ഐഡിയൽ ഇന്ത്യൻ സ്കൂൾ, ഡി.എം.ഐ.എസ് ഉൾപ്പെടെ സ്കൂളുകളിലാണ് കഴിഞ്ഞ വർഷം സായാഹ്ന ബാച്ചുകൾ അനുവദിച്ചത്.
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമാക്കുന്നതിനായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുസ്തക കൈമാറ്റ മേളയും ഇത്തവണ സജീവമായിരുന്നു.
ഉപയോഗിച്ചു കഴിഞ്ഞ പാഠപുസ്തകങ്ങൾ ആവശ്യക്കാരായ വിദ്യാർഥികൾക്ക് കൈമാറുന്നതിലൂടെ രക്ഷിതാക്കൾക്ക് പഠനചെലവ് കുറക്കാനുള്ള ഉപാധികൂടിയാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

