സ്കൂൾ ബസ് യാത്ര ഇനി ടെൻഷൻ ഫ്രീ
text_fieldsദോഹ: ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളുടെ യാത്ര സംബന്ധിച്ച് ഇനി രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സെൻറർ ഫോർ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (സി.ജി.ഐ.എസ്) വഴി ഇനി രക്ഷിതാക്കൾക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്ന ബസുകളെ ട്രാക്ക് ചെയ്യാനാകുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുന്നു. വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്ന ബസുകളുടെ യാത്രയെ കുറിച്ച് വിവരശേഖരണം നടത്തുന്ന സംവിധാനം ആരംഭിച്ചതായി സി.ജി.ഐ.എസ് അസി. ഡയറക്ടർ ആമിർ മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു.
ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബസുകളുടെ സഞ്ചാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് തിരിച്ചറിഞ്ഞതായും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അൽ ഹുമൈദി വ്യക്തമാക്കി. ജി.ഐ.എസിന്റെ പിൻബലത്തോടെ ബസുക്കളുടെ സഞ്ചാരപാത പുനഃക്രമീകരിച്ചതായും മികച്ച ഫലം ലഭിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി അംഗീകാരത്തിനായി ഗതാഗത മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. രക്ഷിതാക്കൾക്ക് തങ്ങളുടെ വിദ്യാർഥികൾ സഞ്ചരിക്കുന്ന ബസുകളെ ഇതുവഴി ട്രാക്ക് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ബസ് സ്കൂളിൽ നിന്നും പുറപ്പെട്ടോ, വീട്ടിലെത്താൻ എത്ര സമയമെടുക്കും, ഏത് വഴിയാണ് സഞ്ചരിക്കുന്നത്, വീട്ടിൽ നിന്നും പുറപ്പെട്ട വിദ്യാർഥി സ്കൂളിലെത്തിയോ തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. അതോടൊപ്പം ജി.ഐ.എസ് ഉപേയോഗിച്ച് സ്കൂൾ കൺേട്രാൾ റൂമിനും സ്കൂൾ ബസുകളുടെ സഞ്ചാരപാത നിരീക്ഷിക്കാൻ സാധിക്കുമെന്നും അൽഹുമൈദി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലായി സ്കൂളുകൾ സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയം സ്ഥലം അനുവദിക്കുന്നുണ്ട്. എന്നാൽ ജി.ഐ.എസ് വഴി ഖത്തർ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ സഹായത്തോടെ സ്കൂൾ അനുവദിക്കാനിരിക്കുന്ന സ്ഥലത്ത് എത്ര വിദ്യാർഥികളുണ്ടെന്നും പുതിയ കുട്ടികളെത്രയെന്നും മന്ത്രാലയത്തിന് അറിയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

