സൗദി കിരീടാവകാശി ഖത്തറിൽ
text_fieldsസൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമീറിൻെറ പേഴ്സണൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർക്കൊപ്പം
ദോഹ: സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിെൻറ ചരിത്രപ്രധാനമായ ഖത്തർ സന്ദർശനത്തിന് തുടക്കമായി. ഗൾഫ് പര്യടനത്തിെൻറ ഭാഗമായി ഒമാനിലെയും യു.എ.ഇയിലെയും സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെയാണ് മുഹമ്മദ് ബിൻ സൽമാൻ ദോഹയിലെത്തിയത്.
രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നതസംഘം സൗദി കിരീടാവകാശിയെ സ്വീകരിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അമീറിെൻറ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, സൗദിയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ, ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ്, ഖത്തറിലെ വിവിധ മന്ത്രിമാർ, ശൈഖുമാർ എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
2017 നാല് ഗൾഫ് രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഉപരോധത്തിനു ശേഷം സൗദി ഭരണകൂടത്തിൽനിന്ന് ഖത്തർ സന്ദർശനത്തിനെത്തുന്ന ഏറ്റവും ഉന്നത വ്യക്തിയാണ് മുഹമ്മദ് ബിൻ സൽമാൻ. 2021 ജനുവരിയിൽ സൗദിയുടെ കൂടി ഇടപെടലിലൂടെയാണ് അൽ ഉല ഉച്ചകോടിയിൽ ഉപരോധം പിൻവലിക്കപ്പെടുന്നത്.
ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള സന്ദർശനമായാണ് മുഹമ്മദ് ബിൻ സൽമാെൻറ വരവിനെ അറബ് ലോകം വിലയിരുത്തുന്നത്. വ്യാഴാഴ്ച അമീറുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തർ-സൗദി ഉഭയകക്ഷി-നയതന്ത്ര മേഖലകളിലെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളുമുണ്ടാവും. ഡിസംബറിൽ സൗദിയിൽ നടക്കുന്ന ജി.സി.സി സഹകരണ ഉച്ചകോടിയിൽ ഖത്തർ അമീറിനും ക്ഷണമുണ്ട്. മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനത്തിന് മുന്നോടിയായി ഖത്തർ -സൗദി സംയുക്ത സഹകരണ സമിതിയുടെ ആറാമത് യോഗം ചൊവ്വാഴ്ച ദോഹയിൽ ചേർന്നിരുന്നു. സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന് മുന്നോടിയായ ഖത്തർ ചേംബർ നേതൃത്വത്തിൽ ഇരുരാജ്യങ്ങളുടെയും വ്യാപാരപ്രമുഖരുടെ യോഗത്തിനും ബുധനാഴ്ച ദോഹ വേദിയായി. ഇരുരാജ്യങ്ങളിൽനിന്നുള്ള നിരവധി വ്യാപാര പ്രമുഖരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. വ്യാപാരമേഖലയിലെ ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ സാമ്പത്തിക സഹകരണവും മുന്നിൽ കണ്ടാണ് യോഗം ചേർന്നത്.
ഖത്തർ -സൗദി ബിസിനസ് കൗൺസിൽ സജീവമാക്കാൻ യോഗം തീരുമാനിച്ചു. വ്യാപാര മേഖലയിൽ സ്ഥിതിവിവരങ്ങൾ വിശകലനം നടത്തുകയും ചെയ്തു. കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ 386 ദശലക്ഷം റിയാലിെൻറ വ്യാപനം നടന്നതായി ഖത്തർ
ചേംബർ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ തവാർ അൽ കുവാരി പറഞ്ഞു.