സൗദിയും ഖത്തറും നയതന്ത്രബന്ധം ശക്തമാക്കുന്നു
text_fieldsജി.സി.സി ഉച്ചകോടിക്ക് ശേഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ ചിത്രം)
ദോഹ: മൂന്നര വർഷത്തിലധികമായി തുടർന്ന പിണക്കം മാറിയതോടെ ഖത്തറും സൗദിയും ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നുന്നു. ഖത്തർ ഉപരോധം അവസാനിപ്പിച്ച സുപ്രധാന തീരുമാനമെടുത്ത 41ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചതിനെ തുടർന്നാണിത്.
ഉച്ചകോടിക്ക് ശേഷം അന്നു തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇൗ ചർച്ചയിൽ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ നീക്കങ്ങളെ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗവും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദവും നയതന്ത്ര ബന്ധവും ഊഷ്മളമാക്കാൻ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി സൗദി ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഉച്ചകോടി തീരുമാനിച്ച വിവിധ ഗൾഫ് സംയുക്ത പദ്ധതികളും ചർച്ചയായി.
കൂടിക്കാഴ്ചയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി ഡോ. മുസാഇദ് അൽ ഐബാൻ, ഖത്തർ ഉപ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആ ൽ ഥാനി, ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഥാനി എന്നിവരും പങ്കെടുത്തു.
കൂടിക്കാഴ്ചക്ക് ശേഷം അൽ ഉലയിലെ ചരിത്രപ്രധാന കേന്ദ്രങ്ങളിലേക്ക് സൗദി കിരീടാവകാശി ഇവരെ കൂട്ടിക്കൊണ്ടു പോയിരുന്നു.
ഉച്ചകോടിക്ക് ശേഷം ഇവരെ യാത്രയാക്കാനും നേതൃത്വം നൽകിയത് സൗദി കിരീടാവകാശി തന്നെ. ഖത്തർ അമീറിനെ തെൻറ വാഹനത്തിൽ കയറ്റി സൗദി കിരീടാവകാശി അൽ ഉല ചുറ്റിക്കാണിച്ചിരുന്നു. ഏറെ കൗതുകത്തോടെയാണ് ഈ ചിത്രവും ദൃശ്യവുമടക്കം ലോകം കണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.