സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
text_fields1. ദോഹയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഭാരവാഹികൾ 2. ഫർസാന
പ്രഖ്യാപിക്കുന്നു
ദോഹ: പ്രവാസി എഴുത്തുകാർക്കായുള്ള സംസ്കൃതി ഖത്തർ 11ാമത് സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ചൈനയിൽനിന്നുള്ള മലയാളി എഴുത്തുകാരി ഫർസാനക്ക്. ‘ഇസ്തിഗ്ഫാർ’ എന്ന ചെറുകഥയാണ് 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരത്തിന് അർഹമായതെന്ന് സി.വി. ശ്രീരാമൻ പുരസ്കാര സമിതി ഭാരവാഹികൾ ദോഹയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2009 മുതൽ ചൈനയിൽ സ്ഥിരതാമസമാക്കിയ മലപ്പുറം വാഴക്കാട് സ്വദേശിനിയായ ഫർസാന ‘എൽമ’ നോവലും, ‘വേട്ടാള’ കഥാസമാഹാരവും, ‘ഖയാൽ’ എന്ന പേരിൽ ചൈനീസ് ഓർമക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ 22 വെള്ളിയാഴ്ച ദോഹയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത കവിയും നോവലിസ്റ്റും സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാവർമ ചെയർമാനും പ്രമുഖ കഥാകൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
പ്രവാസി എഴുത്തുകാർക്കായി ഗൾഫ് മേഖലയിൽനിന്നും ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരമാണ് 2014ൽ ആരംഭിച്ച സംസ്കൃതി സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം. ഗൾഫ് നാടുകൾ, ജപ്പാൻ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ലഭിച്ച 70ലധികം ചെറുകഥകളിൽനിന്നാണ് പുരസ്കാര നിർണയം നടത്തിയത്.
പ്രവാസം പ്രമേയമായി രചിച്ച സൃഷ്ടിയാണ് ഫർസാനയെ പുരസ്കാരത്തിന് അർഹയാക്കിയത്. സംസ്കൃതി 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇതുവരെ പുരസ്കാരം നേടിയ ചെറുകഥകളും മികച്ചവയും അടക്കം 25ഓളം കഥകൾ ഉൾപ്പെടുത്തി കഥാസമാഹാരം പ്രസിദ്ധീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അവാർഡ് സമർപ്പണ ചടങ്ങിൽ ആർദ്രനിലാവ് കവിതാലാപന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും അരങ്ങേറും.
പുരസ്കാര പ്രഖ്യാപന വാർത്തസമ്മേളനത്തിൽ സംസ്കൃതി ഖത്തർ പ്രസിഡന്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, സാഹിത്യ പുരസ്കാര സമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

