കഠിനകഠോരം ഈ കായിക മത്സരം
text_fieldsഅൽ ഗാരിയ തീരത്ത് ആരംഭിച്ച സംല റേസിൽ നിന്ന്
ദോഹ: കടലും മരുഭൂമിയും മലമ്പാതകളും താണ്ടി കഠിനകഠോരമായ കായിക പോരാട്ടം. 42 കിലോമീറ്റർ ദൂരമുള്ള മാരത്തണും കിലോമീറ്ററുകൾ ദൈർഘ്യമുള്ള നീന്തൽ മത്സരങ്ങളുമെല്ലാം പരിചിതമാണെങ്കിലും കായികപ്രേമികളെപോലും അതിശയിപ്പിക്കുന്ന മത്സരത്തിന് തുടക്കമായിരിക്കയാണ് ഖത്തറിൽ. കരുത്തും തളരാത്ത പോരാട്ടവീര്യവും മനസ്സാന്നിധ്യവും ഉണ്ടെങ്കിൽ മാത്രം പൂർത്തിയാക്കാൻ കഴിയുന്ന ഒരു കായിക മത്സരം.
സംല റേസ് എന്നറിയപ്പെടുന്ന ഈ മത്സരത്തിൽ 200 കിലോമീറ്റർ ദൂരമാണ് പിന്നിടേണ്ടത്. വെറും ഓട്ടമല്ല, നീന്തലും കയാക്കിങ്ങും ഷൂട്ടിങ്ങും സൈക്ലിങ്ങും എല്ലാം ചേർന്ന 200 കിലോമീറ്റർ. ഖത്തറിന്റെ ഒരറ്റത്തു നിന്ന് തുടങ്ങി മരുഭൂമിയും കടലുമെല്ലാം പിന്നിട്ട് അബു സംറക്ക് അടുത്തായി ഫിനിഷ് ചെയ്യുമ്പോഴേക്കും മൂന്നുദിവസം പിന്നിടും.
സംല റേസിൽ പങ്കെടുക്കുന്ന അത്ലറ്റ്
വ്യാഴാഴ്ച ഖത്തറിന്റെ വടക്കൻ അതിർത്തിയിലെ അൽ ഗാരിയ തീരത്തു നിന്നാണ് ഈ വമ്പൻ മത്സരത്തിന് തുടക്കം കുറിച്ചത്. കടലിലൂടെ മൂന്ന് കിലോമീറ്റർ നീന്തി ഫുവൈരിതിൽ കരതൊട്ട് പോരാട്ടം ആരംഭിച്ചു. ശേഷം, ഫുവൈരിയതിൽനിന്ന് ഉമ്മു അൽ മാഇലേക്ക് ഓട്ടം. മരുഭൂമിയും ദുർഘടമായ പാതകളും പൂർത്തിയാക്കിയുള്ള ഈ ഓട്ടം പൂർത്തിയാക്കി ആദ്യ ദിനത്തിൽ താരങ്ങൾ ഇവിടെ വിശ്രമിക്കും. ശേഷം, ആറ് കിലോമീറ്റർ കയാക്കിങ്ങിലൂടെ തുടങ്ങും. കയാക്കിങ് പൂർത്തിയാക്കിയ ശേഷം 75 കിലോമീറ്റർ സൈക്ലിങ്ങും അത് ഫിനിഷ് ചെയ്തതിന് പിന്നാലെ ഷൂട്ടിങ്ങും 50 കിലോമീറ്റർ ഓട്ടവുമായാണ് 60 മണിക്കൂർ ദൈർഘ്യമുള്ള മത്സരം നടക്കുന്നത്. അൽ നസ്റാനിയ വഴി അബു സംറക്ക് അരികിലെ ഉം ബാബിലാണ് മൂന്നു ദിവസങ്ങളിലായി നീളുന്ന മത്സരത്തിന്റെ ഫിനിഷിങ് പോയന്റ്.
ഈ അതിസാഹസിക മത്സരത്തിൽ ഇത്തവണ 200ഓളം പേരാണ് പങ്കെടുക്കുന്നത്. കായിക താരങ്ങളുടെ ആരോഗ്യം നിരീക്ഷിക്കാനും അവശ്യഘട്ടങ്ങളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുമായി കുറ്റമറ്റ മെഡിക്കൽ സംഘവുമുണ്ട്. സാങ്കേതിക സംവിധാനങ്ങളും മറ്റും ഉപയോഗിച്ച് 200 കി.മീ ദൂരത്തിൽ ഉടനീളം സൂക്ഷ്മ നിരീക്ഷണവുമുണ്ട്. വഴിയോരങ്ങളിൽ അത്ലറ്റുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.
കഠിനമായ പോരാട്ടം കഴിഞ്ഞ് ഫിനിഷിങ് ലൈൻ തൊടുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്. ഒന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാൽ (1.16 കോടി രൂപ) സമ്മാനം. രണ്ടാം സമ്മാനം മൂന്ന് ലക്ഷം റിയാൽ (69 ലക്ഷം രൂപ), മൂന്നാം സമ്മാനം രണ്ടു ലക്ഷം റിയാൽ (54 ലക്ഷം രൂപ) എന്നിങ്ങനെയാണ് സമ്മാനം. സ്വർണം, വെള്ളി വെങ്കല മെഡലുകളും സമ്മാനിക്കും. നാല് മുതൽ 10 വരെ സ്ഥാനക്കാർക്ക് 75,000 റിയാലും 11 മുതൽ നിശ്ചിത സമയത്തിനുള്ളിൽ മത്സരം പൂർത്തിയാക്കുന്ന എല്ലാവർക്കും 10,000 റിയാൽ വീതവുമാണ് സമ്മാനം. 18 വയസ്സ് പൂർത്തിയായ ഖത്തരി പൗരന്മാർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

