ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ; ഖത്തറിന് നന്ദി -അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ വിപുൽ
ദോഹ: ഖത്തറിന് നേരെയുള്ള ആക്രമണങ്ങളെയും നിലവിലെ സംഘർഷാവസ്ഥയെയും നേരിടുന്നതിൽ ഖത്തർ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ. സംഘർഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കീഴിൽ ഖത്തർ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഇന്ത്യൻ അംബാസഡർ വിപുൽ, ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതൽ, ഖത്തറിലെ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള മുഴുവൻ പ്രവാസികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രഥമ പരിഗണന നൽകിയുള്ള നടപടികളാണ് സ്വീകരിച്ചതെന്നും വിശദീകരിച്ചു.
ആക്രമണ സമയങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം കൃത്യമായ നിർദേശങ്ങൾ നൽകി. മൊബൈൽ ഫോണുകൾ വഴി ലഭിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ആശങ്കകൾ കുറക്കാനും സഹായിച്ചു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തറിലെ സൈനികർ നടത്തുന്ന ഇടപെടലുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംഘർഷത്തിന്റെ ആദ്യദിനം പരിക്കേറ്റ ഒരു ഇന്ത്യൻ പൗരന് പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയതിന് ആരോഗ്യ മന്ത്രാലയത്തോടും കടപ്പാട് അറിയിച്ചു.
വ്യോമഗതാഗതം താൽക്കാലികമായി നിർത്തിയതോടെ ദോഹയിലെ ഇന്ത്യൻ ട്രാൻസിറ്റ് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി ഖത്തർ എയർവേസ് നടത്തിയ ഇടപെടൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. അവരെ ഉടൻ തന്നെ ഹോട്ടലുകളിലേക്ക് മാറ്റുകയും, മാർച്ച് ഏഴിന് വിമാന സർവിസുകൾ ഭാഗികമായി പുനരാരംഭിക്കുന്നത് വരെ താമസമൊരുക്കുകയും ചെയ്തു. പ്രയാസകരമായ സാഹചര്യത്തിലും ഖത്തർ എയർവേസ് താൽക്കലിക സർവിസുകൾ നടത്തി, 3400ഓളം ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു. സംഘർഷം തുടരുകയാണെങ്കിലും രാജ്യത്ത് ഭക്ഷണം, മരുന്ന് തുടങ്ങി ഒന്നിനും ക്ഷാമം നേരിട്ടിട്ടില്ല. സൂപ്പർമാർക്കറ്റുകളിൽ ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമായത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. ഊർജം, ഭക്ഷ്യവസ്തുക്കൾ എന്നീ മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിൽ വലിയ ബന്ധമാണുള്ളത്. സാഹചര്യം അനുകൂലമാകുന്ന മുറക്ക് ഖത്തറിൽ നിന്നുള്ള ഊർജ വിതരണം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

