ത്യാഗസ്മരണകളോടെ ബലി പെരുന്നാൾ
text_fieldsഅൽവക്റ ഈദ് ഗാഹിൽനിന്ന്
ദോഹ: തക്ബീർ മുഴക്കി ഈദ്ഗാഹുകളിലെത്തി, നമസ്കാരത്തിൽ പങ്കുചേർന്നും സൗഹൃദം പങ്കുവെച്ചും ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 5.05നായിരുന്നു രാജ്യത്തിന്റെ എല്ലായിടങ്ങളിലും ബലിപെരുന്നാൾ നമസ്കാരം നടന്നത്. പള്ളികളും, ഈദ്ഗാഹുകളുമായി 588 കേന്ദ്രങ്ങളിൽ നമസ്കാരം സൗകര്യം ഒരുക്കിയിരുന്നു. വിശ്വാസികൾ അതിരാവിലെ തന്നെ നമസ്കാര സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തി. പുത്തനുടുപ്പണിഞ്ഞും, സുഗന്ധം പൂശിയും സൂര്യനുദിച്ചുയരും മുമ്പേ പള്ളികളിലും ഈദ്ഗാഹിലും ഇടംപിടിച്ചു.
പകൽ 40-43 ഡിഗ്രി വരെ ഉയരുന്ന ചൂടായതിനാൽ ആഘോഷങ്ങൾ രാത്രിയിലും വൈകുന്നേരങ്ങളിലുമായിരുന്നു. പെരുന്നാളിനെ വരവേറ്റുകൊണ്ട് വെള്ളിയാഴ്ച രാത്രി പുലരുവോളം തന്നെ തെരുവുകളും നഗരങ്ങളും ഷോപ്പിങ് മാളുകളും സജീവമായി. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും നമസ്കാര കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിരുന്നു. അറബ്, ഇസ്ലാമിക ലോകത്തിനും മാനവരാശിക്കും നന്മകൾക്കായി പ്രാർഥിച്ചും, ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകൾ പുതുക്കിയും ഹജ്ജിന്റെ സന്ദേശം പകർന്നും ഇമാമുമാർ ഖുതുബയിൽ ഉദ്ബോധിപ്പിച്ചു.
നമസ്കാര ശേഷം, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം കൂടിച്ചേരലിനും ഓർമ പുതുക്കലിനുമെല്ലാം ഈദ് നമസ്കാര വേദികൾ സാക്ഷിയായി. ഈദ് അവധിയോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് വരും ദിനങ്ങളിൽ ഒരുക്കിയത്. മലയാളികളുടെ പ്രിയ ഗായകർ എത്തുന്ന ഗാനസന്ധ്യകൾ ഉൾപ്പെടെ ഈദ് പരിപാടികൾക്ക് ഞായർ, തിങ്കൾ ദിവസങ്ങളിൽ ദോഹ വേദിയാവുന്നുണ്ട്. പുറത്ത് ശക്തമായ ചൂടായതിനാൽ അകത്തളങ്ങളിലാണ് പരിപാടികളെല്ലാം ക്രമീകരിച്ചിരിക്കുന്നത്.
മാളുകളിലും കതാറയിലും പെരുന്നാൾ ആഘോഷം
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു കീഴിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പെരുന്നാൾ ആഘോഷം
ദോഹ: പെരുന്നാൾ അവധിയിൽ ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കുമായി കാത്തിരിക്കുന്നത് ഒരുപിടി ആഘോഷപരിപാടികൾ. ചൂട് കാരണം പുറത്തെ പൊതുചടങ്ങുകൾ ഒഴിവാക്കപ്പെട്ടപ്പോൾ ഇൻഡോർ, മാളുകൾ എന്നിവ കേന്ദ്രീകരിച്ചായി പെരുന്നാൾ ആഘോഷം. ജൂലൈ 14 വരെയാണ് രാജ്യത്ത് ഔദ്യോഗിക അവധി. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 17ന് ഞായറാഴ്ച മാത്രമേ അടുത്ത പ്രവൃത്തിദിനം ആരംഭിക്കൂ. സ്കൂൾ വേനലവധികൂടിയെത്തിയതോടെ പെരുന്നാളിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ കീഴിൽ വൈവിധ്യമാർന്ന ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
ആൾത്തിരക്ക് കൂടുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ മാസ്ക് അണിഞ്ഞ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പങ്കെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. കതാറ കൾചറൽ വില്ലേജിൽ പെരുന്നാൾ പരിപാടികൾ വെള്ളിയാഴ്ചതന്നെ ആരംഭിച്ചു. ജൂലൈ 19 വരെ നീണ്ടു നിൽക്കും. കതാറയിലെ 18ാം നമ്പർ കെട്ടിടത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന ഈദ് ആഘോഷം മൂന്നാം പെരുന്നാൾ വരെ തുടരും. ഉച്ച കഴിഞ്ഞ് മൂന്നു മുതൽ രാത്രി ഒമ്പതു വരെയാണ് പരിപാടികൾ. ചിൽഡ്രൻസ് തിയറ്ററിൽ കുട്ടികൾക്കായി ഫെയ്സ് പെയിന്റിങ്, വിവിധ മാതൃകയിലുള്ള ബലൂൺ പ്രദർശനം, പെയിന്റിങ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
അൽ തുറായ പ്ലാനറ്റേറിയത്തിൽ ദ്വിമാന-ത്രിമാന ചലച്ചിത്രപ്രദർശനം ഞായർ, തിങ്കൾ ദിനങ്ങളിൽ നടക്കും. കതാറ ഡ്രാമ തിയറ്ററിൽ 'കരിം ചലഞ്ചസ് ദി ലീഡർ' ഷോ 12 വരെ തുടരും. കതാറ ബീച്ചിൽ വൈകീട്ട് മൂന്നു മുതൽ പ്രവേശനം അനുവദിക്കും. രാജ്യത്തെ വിവിധ മാളുകളിലും കുട്ടികൾക്ക് ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്. അൽഖോർ, ഹയാത് പ്ലാസ, മാൾഓഫ് ഖത്തർ, ഗൾഫ് മാൾ, റോയൽ പ്ലാസ മാൾ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന ഈദ് ആഘോഷ പരിപാടികളാണ് സജ്ജീകരിച്ചത്. ഹെന്ന ഡിസൈൻ, ആർട്ട് ഫാക്ടറി, മാജിക്ഷോ, കാർട്ടൂൺ കാരക്ടർ ഷോ എന്നിവയുമായി കുട്ടികളെയും കുടുംബങ്ങളെയും വരവേൽക്കുന്നു. ഇതിനു പുറമെ, ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിൽ വിവിധ ആഘോഷപരിപാടികൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. വിവിധ കമ്യൂണിറ്റി സംഘടനകളുടെ ആഘോഷം കൂടിയാവുന്നതോടെ പെരുന്നാൾ ഇരട്ടി കളറായി മാറും.
മ്യൂസിയം ഇന്ന് തുറക്കും
ദോഹ: പെരുന്നാൾ അവധിയിൽ സന്ദർശകരെ സ്വാഗതം ചെയ്ത് ഖത്തർ മ്യൂസിയം. പെരുന്നാൾ ദിനമായ ശനിയാഴ്ചത്തെ അവധിയും കഴിഞ്ഞ് ഞായറാഴ്ച പതിവുപോലെതന്നെ മ്യൂസിയത്തിനു കീഴിലെ മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴു വരെയാണ് സാധാരണ പ്രവൃത്തിദിനം. വെള്ളിയാഴ്ച ഇത് ഉച്ച 1.30 മുതൽ രാത്രി ഏഴു വരെയുമാണ്.
നാഷനൽ മ്യൂസിയം ഓഫ് ഖത്തർ, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവയാണ് ഖത്തർ മ്യൂസിയംസിനു കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

