ദോഹ: വ്യോമ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന് ഖത്തർ തയ്യാറെടുക്കുന്നു. ഇതിെൻറ ഭാഗമായി റഷ്യയിൽ നിന്നും അത്യാധുനിക വിമാനവേധ മിസൈലായ എസ്–400 സ്വന്തമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി റഷ്യയിലെ ഖത്തർ അംബാസഡർ പറഞ്ഞു.
റഷ്യയിൽ നിന്നും എസ്–400 മിസൈലുകൾ വാങ്ങുന്നത് സംബന്ധിച്ചുള്ള ടാസ് വാർത്താ ഏജൻസിയുടെ ചോദ്യത്തിനാണ് അംബാസഡർ ഫഹദ് ബിൻ മുഹമ്മദ് അൽ അതിയ്യ ചർച്ചകൾ പുരോഗമിക്കുകയാണെന്നുള്ള മറുപടി പറഞ്ഞത്. ഇരുരാജ്യങ്ങളും ഒക്ടോബറിൽ സൈനിക സാങ്കേതിക സഹകരണ കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇതിെൻറ ഭാഗമായി തന്നെ കൂടുതൽ സഹകരണത്തിനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ അൽ അതിയ്യ കൂട്ടിച്ചേർത്തു.
സൈനിക ഉപകരണങ്ങളുടെ വിതരണം, ഉദ്യോഗസ്ഥർക്കും സൈനികർക്കും സൈനികോപകരണങ്ങൾക്കുമുള്ള വിദഗ്ധ പരിശീലനം, പ്രത്യേക മേഖലകളിലെ സഹകരണം എന്നിവയെല്ലാം കരാറിെൻറ ഭാഗമായുള്ളതാണെന്നും ഇരുരാജ്യങ്ങളുടെയും എംബസികളിൽ മിലിട്ടറി അറ്റാഷെകളെ നിയമിച്ചിട്ടുണ്ടെന്നും റഷ്യയിലെ ഖത്തർ അംബാസഡർ പറഞ്ഞു.
കഴിഞ്ഞ വർഷം റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവിെൻറ ഖത്തർ സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലെ സൈനിക സാങ്കേതിക സഹകരണ കരാറിൽ ഒപ്പുവെക്കുന്നത്.
എന്താണ് എസ്–400 ?
ശത്രുവിമാനങ്ങളെയും മിസൈലുകളെയും േഡ്രാൺ വിമാനങ്ങളെയും 400 കിലോമീറ്റർ അകലെ നിന്നു പോലും തകർക്കാൻ ശേഷിയുള്ള അത്യാധുനിക വിമാനവേധ പ്രതിരോധ സംവിധാനമാണ് എസ്–400. ലോകത്തിലെ ഏറ്റവും മികച്ച ആകാശക്കാവലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എഫ്–35 പോലുള്ള പോർവിമാനങ്ങളെ പോലും തകർക്കുന്നതിന് ശേഷിയുള്ള ഈ മിസൈലിന് എട്ട് ലോഞ്ചറുകൾ, കൺേട്രാൾ സെൻറർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാൻ സാധിക്കുന്ന 16 മിസൈലുകൾ എന്നിവയാണ് പ്രധാന ഘടകങ്ങളായുള്ളത്. മണിക്കൂറിൽ 17000 കിലോമീറ്ററാണ് മിസൈലിെൻറ വേഗത. അഞ്ച് തരം മിസൈലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏക വ്യോമ പ്രതിരോധ സംവിധാനം കൂടിയാണ് എസ്–400.