ആകാശനിരീക്ഷണം കിറുകൃത്യം; ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എസ് ബാൻഡ് റഡാർ സ്ഥാപിച്ചു
text_fieldsഹമദ് വിമാനത്താവളത്തിലെ എസ് ബാൻഡ് റഡാർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിമാനങ്ങളുടെ കൃത്യവും വേഗത്തിലുള്ളതുമായ ട്രാക്കിങ് സാധ്യമാക്കുന്ന എസ് ബാൻഡ് റഡാർ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി ഉദ്ഘാടനംചെയ്തു. ദീർഘദൂരശേഷിയുള്ള എൽ ബാൻഡ് റഡാർ സ്ഥാപിച്ചതിന് പിന്നാലെയാണ് പുതിയ എസ് ബാൻഡ് റഡാറും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
നൂതന സാങ്കേതിക വിദ്യയും, കൃത്യതയുമുള്ള റഡാർ സംവിധാനം ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയുമായി സഹകരിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. വിമാനങ്ങളുടെ തത്സമയ ട്രാക്കിങ് കൃത്യമായും വേഗത്തിലും സാധ്യമാക്കുന്ന എസ് ബാൻഡ് റഡാർ, വ്യോമാതിർത്തി നിരീക്ഷണത്തിന്റെ നട്ടെല്ലായി മാറും.
എയർ ട്രാഫിക് കൺട്രോളർമാർക്കും പൈലറ്റുമാർക്കും ഏവിയേഷൻ അധികാരികൾക്കും കൃത്യമായ വിവരങ്ങൾ നൽകുന്നതിലൂടെ, റഡാർ സംവിധാനം സാഹചര്യ അവബോധം ഗണ്യമായി വർധിപ്പിക്കുകയും എയർ ട്രാഫിക് മാനേജ്മെന്റ് കാര്യക്ഷമമാക്കുകയും ചെയ്യും.
ഹമദ് വിമാനത്താവളത്തിലെ റഡാർ ലൊക്കേഷനിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ ഗതാഗത മന്ത്രിയെക്കൂടാതെ ഇറ്റാലിയൻ അംബാസഡർ പൗളോ ടോഷി, ലിയോനാർഡോ ഇലക്ട്രോണിക്സ് സീനിയർ വൈസ് പ്രസിഡന്റ് ഡേവിഡ് ഫാസിയോ, ഗതാഗത മന്ത്രാലയത്തിലെയും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എസ് ബാൻഡ് റഡാറിന്റെ ലോഞ്ചിങ്ങിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ വ്യോമയാന മേഖലയിലെ നാം കൈവരിച്ച പുരോഗതിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിൽ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു.ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെയും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വ്യോമഗതാഗതത്തിന്റെ എണ്ണം ഉയർത്തേണ്ടതിനൊപ്പം തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വിന്യാസം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്തിന്റെ സ്ഥാനം, ഉയരം, വേഗത, ഹെഡിങ് എന്നിവ തത്സമയം കൃത്യമായി ട്രാക്ക് ചെയ്യാൻ കൺട്രോളർമാരെ എസ് ബാൻഡ് റഡാർ സഹായിക്കും. വിമാനങ്ങൾക്കിടയിൽ നിർദേശങ്ങൾ നൽകാനും സുരക്ഷിതവും കാര്യക്ഷമവുമായ വ്യോമഗതാഗതം ഉറപ്പാക്കാനും ഈ വിവരങ്ങൾ കൺട്രോളർമാരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
200 മൈൽ ദൂരപരിധിയും 45,000 അടി ഉയരവുമാണ് എസ് ബാൻഡ് റഡാറിന്റെ ശേഷി. സുഗമവും സുരക്ഷിതവുമായ വ്യോമഗതാഗതത്തിനായി ഇത് ലോങ്-റാങ് എൽ ബാൻഡ് റഡാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവഴി ഓരോ അഞ്ച് സെക്കൻഡിലും ൈഫ്ലറ്റ് ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യാനും ഉയർന്ന കൃത്യതയോടെ വിമാനങ്ങളുടെ സ്ഥാനം നിർണയിക്കാനും സാധിക്കും.
ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ മൂന്ന് ടാർ മാർക്കുകൾ ഉപയോഗിച്ച് ഒരേസമയം മൂന്ന് വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും പ്രാപ്തമാക്കുന്ന രീതിയിൽ ലാൻഡിങ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ എയർ ട്രാഫിക് കൺട്രോളർമാരെ സഹായിക്കാനും ഇതിന് കഴിയും. മിഡിലീസ്റ്റിൽ തന്നെ ആദ്യമായി ഖത്തറിലാണ് എസ് ബാൻഡ് റഡാർ സംവിധാനം സ്ഥാപിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
- എസ് ബാൻഡ് റഡാർ സഥാപിച്ചത് ഹമദ് വിമാനത്താവളത്തിൽ
- ഓരോ അഞ്ച് സെക്കൻഡിലും വിമാനങ്ങളുടെ ലൊക്കേഷൻ അടയാളപ്പെടുത്തുന്നു. ഏറ്റവും കൃത്യതയാർന്ന സംവിധാനം
- ഭൗമോപരിതലത്തിൽ 200 മൈൽ ചുറ്റളവിലും 45,000 അടി ഉയരത്തിലുമുള്ള വിവരശേഖരണം
- ഏറ്റവും ആധുനിക സാങ്കേതിക വിദ്യകൾ. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച റഡാർ സംവിധാനം
- ഹമദ്, ദോഹ വിമാനത്താവളങ്ങളിലെ മൂന്ന് റൺവേകളിൽനിന്നും ഒരേസമയം മൂന്ന് വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും സഹായിക്കുന്നു. മണിക്കൂറിൽ 100 വിമാനങ്ങൾ പറന്നിറങ്ങാനും ഉയരാനുമുള്ള ശേഷിയിലേക്ക് വർധിപ്പിക്കും.
- എയർ കൺട്രോൾ വിഭാഗത്തിന് വിമാനങ്ങൾ തമ്മിൽ ആവശ്യമായ ദൂരവ്യത്യാസം നിർണയിക്കാനും കണ്ടെത്താനും റഡാർ സഹായിക്കും. ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ കൈമാറാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

