റയ്യാൻ സ്റ്റേഡിയം ഉദ്ഘാടനം കെങ്കേമമാകും
text_fieldsഡിസംബർ 18ന് ഉദ്ഘാടനം ചെയ്യുന്ന അൽറയ്യാൻ സ്റ്റേഡിയം
ദോഹ: ഈ വർഷത്തെ അമീർ കപ്പ് കലാശപ്പോരാട്ടവും ലോകകപ്പിനുള്ള അൽ റയ്യാൻ സ്റ്റേഡിയം ഉദ്ഘാടനവും ചരിത്രത്തിലിടം പിടിക്കും. ലോകത്തെ പിടിച്ചുലച്ച കോവിഡ്-19 പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഇടയിൽ കടുത്ത ആരോഗ്യ സുരക്ഷ േപ്രാട്ടോകോളുകൾ പാലിച്ച് 20,000 കാണികളാണ് സ്റ്റേഡിയം ഉദ്ഘാടനത്തിനും കലാശപ്പോരാട്ടം കാണുന്നതിനുമായി സ്റ്റേഡിയത്തിലെത്തുക. ഇതിൽ പകുതി സീറ്റും കോവിഡ് രോഗത്തിൽനിന്ന് മുക്തരായവർക്കാണ് സംഘാടകർ നീക്കിവെച്ചിരിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് മുമ്പു തന്നെ ലോകകപ്പിനായുള്ള നാലാമത് സ്റ്റേഡിയവും ദേശീയദിനമായ ഡിസംബർ 18ന് മിഴി തുറക്കും.
കോവിഡ്-19 സാഹചര്യത്തിൽ ഒരാൾക്ക് ഒരു ടിക്കറ്റ് എന്നടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. സ്റ്റേഡിയത്തിലെത്തുന്ന വ്യക്തിയുടെ ഖത്തർ ഐ.ഡിയുമായി ഈ ടിക്കറ്റ് ലിങ്ക് ചെയ്യുകയും ചെയ്യും. ടിക്കറ്റ് പരസ്പരം കൈമാറാൻ ഒരിക്കലും അനുവാദമുണ്ടാകുകയില്ല. അതോടൊപ്പം സാമൂഹിക അകലം, മാസ്ക് ധരിക്കുക, ഇഹ്തിറാസ് ആപ്പിലെ പച്ച നിറം എന്നിവ നിർബന്ധമായും സ്റ്റേഡിയത്തിലെത്തുന്നവർ പാലിച്ചിരിക്കണം.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വക്റ അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് അൽ റയ്യാൻ സ്റ്റേഡിയത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കി ലോകത്തിന് സമർപ്പിച്ച മറ്റു വേദികൾ. ഡിസംബർ 18ന് ദേശീയദിനത്തോടനുബന്ധിച്ച് വൈകീട്ട് ഏഴിന് അൽറയ്യാൻ സ്റ്റേഡിയം ഉദ്ഘാടനം നടക്കും. തുടർന്ന് അൽ സദ്ദ്-അൽ അറബി ക്ലബുകൾ ഏറ്റുമുട്ടുന്ന അമീർ കപ്പ് കലാശപ്പോരാട്ടത്തിനും സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഖത്തർ ഫുട്ബാൾ അസോസിയേഷനും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായി സഹകരിച്ചാണ് സ് റ്റേഡിയത്തിലേക്കുള്ള കാണികളുടെ പ്രവേശനം നിയന്ത്രിക്കുന്നത്. ടിക്കറ്റെടുക്കുന്നവർ നിർബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമായി നെഗറ്റിവ് റിസൾട്ട് കൈവശം വെച്ചിരിക്കണം.
സ്റ്റേഡിയം, ഫാൻസോൺ, ഗതാഗത സംവിധാനം എന്നിവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിച്ചിരിക്കണം. വൈകീട്ട് 4 മുതൽ 6 വരെയാണ് ഫാൻസോൺ പ്രവർത്തനസമയം. പിന്നീട് രാത്രി 9ന് ആരംഭിക്കും. മത്സരത്തിനുശേഷം കളിേപ്രമികൾക്ക് ഫാൻസോണിലേക്കും സമീപത്തു തന്നെയുള്ള മാൾ ഓഫ് ഖത്തറിലേക്കും പോയി ഒഴിവ് സമയം ചെലവഴിക്കാം.
രാജ്യത്ത് കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ആരോഗ്യ പ്രവർത്തകർക്ക് ടിക്കറ്റ് വിൽപനയിൽ പ്രത്യേക പരിഗണന ഉണ്ടാകും. ടിക്കറ്റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് tickets.qfa.qa വെബ്സൈറ്റ് സന്ദർശിക്കുക.
അതേസമയം, ഈ വർഷത്തെ അമീർ കപ്പ് കലാശപ്പോരിന് യോഗ്യത നേടിയ അൽ സദ്ദ്, അൽ അറബി ക്ലബുകളെ ക്യു എഫ് എ മാർക്കറ്റിങ്-കമ്യൂണിക്കേഷൻ മേധാവി ഖാലിദ് അൽ കുവാരി അഭിനന്ദിച്ചു. ഡിസംബർ 18ന് ലോകകപ്പിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിടുമെന്നും ഏറ്റവും മികച്ച അന്തരീക്ഷമായിരിക്കും റയ്യാൻ സ്റ്റേഡിയം നൽകുകയെന്നും വാർത്തസമ്മേളനത്തിൽ അൽ കുവാരി പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന വ്യവസ്ഥകളാണ് ഇത്തവണ മുന്നോട്ട് വെച്ചിരിക്കുന്നത്. ടിക്കറ്റ് നടപടികളിൽ പുതിയ മാർഗങ്ങൾ സ്വീകരിച്ചതായും സ് റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എല്ലാവരും കോവിഡ്-19 പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം വിശദീകരിച്ചു. നിരവധി ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റഴിഞ്ഞതായും ദേശീയദിനത്തോടനുബന്ധിച്ച് നടക്കുന്ന സുവർണ മുഹൂർത്തത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

