ഖത്തർ മധ്യസ്ഥത; റഷ്യ, യുക്രെയ്ൻ കുടുംബങ്ങൾ ഒന്നായി
text_fieldsറഷ്യ-യുക്രെയ്ൻ സംഘർഷ ഭൂമിയിൽനിന്നുള്ള കുട്ടികൾക്കൊപ്പം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്ത് അല്‍ മിസ്നദ്
ദോഹ: മൂന്നു വർഷം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ഒറ്റപ്പെട്ട കുടുംബങ്ങളുടെ സംഗമത്തിന് വീണ്ടും വേദിയൊരുക്കി ഖത്തർ. ഇത്തവണ സംഘർഷ മേഖലയിൽനിന്നുള്ള 19 കുടുംബങ്ങളാണ് ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഉറ്റവരുമായി ചേർന്ന് ഒന്നായത്.
റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന കുടുംബങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി ഖത്തർ ആസൂത്രണം ചെയ്ത ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ തുടർച്ചയായാണ് സംഗമം. ഇരു രാജ്യങ്ങളുമായി സഹകരിച്ച് നടത്തുന്ന പ്രോഗ്രാമിന്റെ ഭാഗമായി 19 കുടുംബങ്ങൾ ഈ മാസം 14ന് ദോഹയിലെത്തി. ഒരാഴ്ച ഖത്തറിൽ കഴിഞ്ഞ ശേഷം ഇവർ കുടുംബങ്ങളിലേക്ക് മടങ്ങും.
32 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പുവരുത്തി ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിതം പുനർനിർമിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്ത് അല്‍ മിസ്നദ് പറഞ്ഞു.
അതോടൊപ്പംതന്നെ സമാധാനപരമായി പ്രശ്നപരിഹാരത്തിനും ശ്രമം നടത്തുന്നുവെന്നും അവർ പറഞ്ഞു. ദോഹയിലെ കേന്ദ്രത്തിൽ കഴിയുന്ന കുട്ടികളെയും കുടുംബാംഗങ്ങളെയും കാണാൻ മന്ത്രി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

