ജി.സി.സി െഎക്യം നിലനിർത്തി വേണം ചർച്ച–റഷ്യ
text_fieldsദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ജി.സി.സി ഐക്യം നഷ്ടപ്പെടാത്ത രീതിയിൽ അംഗ രാജ്യങ്ങൾക്കടിയിൽ ചർച്ച നടക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അഭ്യർഥിച്ചു. നേരിട്ടുള്ള ചർച്ചയാണ് നടക്കേണ്ടത്. അത് മാത്രമാണ് പരിഹാരത്തിനുള്ള മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിദ്ദയിൽ സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കുവൈത്തും അമേരിക്കയും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ റഷ്യ പിന്തുണക്കുന്നു. മേഖലയിൽ സമാധാനം പുലരാൻ ജി.സി.സി അംഗ രാജ്യങ്ങൾക്കിടയിൽ ഐക്യം നിലനിൽക്കണം.
എന്നാൽ ഖത്തറുമായി നിലനിൽക്കുന്ന ഭിന്നത അവസാനിക്കണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ ഖത്തർ അംഗീകരിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള നിലപാട് മാറ്റവും സൗദിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ല. പ്രതിസന്ധി തരണം ചെയ്യാൻ ഖത്തറാണ് നിലപാടിൽ മാറ്റം വരുത്തേണ്ടതെന്നും ആദിൽ ജുബൈർ അഭിപ്രായപ്പെട്ടു.
കുവൈത്ത് വഴി തങ്ങൾ നൽകിയ 13 ഉപാധികൾ അംഗീകരിക്കുന്നത് വരെ നിലവിലെ സാഹചര്യം തുടരുക തന്നെ ചെയ്യുമെന്ന മുന്നറിയിപ്പും ആദിൽ ജുബൈർ നൽകി. എന്നാൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന ചർച്ചയെ സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി വിശദീകരിച്ചില്ല.
റഷ്യൻ വിദേശകാര്യ മന്ത്രി സൗദി ഭരണാധികാരി സൽമാൻ രാജാവുമായും ജിദ്ദയിൽ ചർച്ച നടത്തി. കഴിഞ്ഞ ആഴ്ച ലാവ്റോവ് കുവൈത്ത്, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
