രൂപയുടെ മൂല്യം കൂപ്പുകുത്തി; ഖത്തർ റിയാലിന് നേട്ടം
text_fieldsദോഹ: രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ റിയാലിന്റെ വിനിമയനിരക്കിൽ വീണ്ടും നേട്ടം. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് 24.30 രൂപയിലധികമാണ് കാണിച്ചത്. അവരയക്കുന്ന തുകക്ക് കൂടുതൽ മൂല്യം കിട്ടുന്നു എന്നതാണ് കാരണം. നാട്ടിലെ പല ബാധ്യതകളും വേഗത്തിൽ തീർക്കാൻ ഇതു സഹായിക്കും. വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. ഏതാനും ദിവസങ്ങളായി റിയാൽ രൂപക്കെതിരെ കുതിപ്പു നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം യു.എസ് ഡോളറുമായിട്ടുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂപ്പുകുത്തുകയായിരുന്നു. വ്യാപാരം തുടങ്ങുമ്പോൾ 88.41 ആയിരുന്ന രൂപ 88.79 വരെ പോകുകയും അവസാനം 88.7550 എന്ന നിരക്കിൽ ക്ലോസ് ചെയ്യുകയും ചെയ്തു. അമേരിക്ക എച്ച് വൺ ബി വിസ നിരക്ക് കുത്തനെ കൂട്ടിയത് രൂപ ഇടിയാൻ കാരണമായിട്ടുണ്ട്. നിലവിലെ 50 ശതമാനം തീരുവ, രാജ്യങ്ങൾ തമ്മിലുള്ള ആസ്വാരസ്യങ്ങൾ എന്നീ പ്രശ്നങ്ങളും നിലവിലുണ്ട്. അതിന്റെ കൂടെ ഈ പ്രഖ്യാപനം ദൂരവ്യാപകമായ വിപരീത ഫലം ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉണ്ടാക്കുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. നേരത്തേ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന മൂല്യം സെപ്റ്റംബർ 11ന് 88.47 ആയിരുന്നു. കഴിഞ്ഞ വർഷത്തെ 88.28ൽ നിന്ന് 88.41ൽ എത്തിയെങ്കിലും കൂടുതൽ മൂല്യ നഷ്ടം ഉണ്ടായി. 88.76 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ക്ലോസിങ്ങിനേക്കാൾ 48 പൈസയുടെ കുത്തനെയുള്ള ഇടിവാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയാണ് രൂപയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

