റൺഎവേ ഫ്രം എയർ ഇന്ത്യ; പ്രിയ എയർ ഇന്ത്യേ... പാവം പ്രവാസികളോടെന്തിനീ ക്രൂരത
text_fieldsറഷീദും (വലത്തേ അറ്റം) സഹയാത്രികരും കണ്ണൂരിൽനിന്നും ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ
ദോഹ: രാവും പകലും നീണ്ട മാരത്തൺ ഓട്ടവും കഴിഞ്ഞ് ദോഹയിലെത്തിയതിന്റെ ആശ്വാസത്തിലാണ് കൊയിലാണ്ടി കീഴരിയൂർ സ്വദേശി മുഹമ്മദ് റഷീദ്. അതിരാവിലെ വീട്ടിൽനിന്നും പുറപ്പെട്ട് 60 കി.മീ അകലെയുള്ള കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ദോഹയിലേക്കുള്ള വിമാനം റദ്ദാക്കിയത് അറിയുന്നത്. കണ്ണൂരിൽനിന്നും വൈകുന്നേരമുള്ള എയർഇന്ത്യ എക്സ്പ്രസിൽ സീറ്റുണ്ടെന്ന് അറിയിച്ചതോടെ, കാറുമായി കിലോമീറ്ററുകൾ താണ്ടി നേരെ കണ്ണൂരിലേക്ക്. നാലു മണിക്കൂറിലേറെ നീണ്ട മാരത്തൺ യാത്രയും കഴിഞ്ഞ് വൈകുന്നേരത്തോടെ കണ്ണൂരിലെത്തി രാത്രിയുള്ള എയർ ഇന്ത്യയിൽ ദോഹയിലേക്ക് പറന്നു. ഖത്തർ സമയം രാത്രി പത്തുമണിയോടെ വിമാനം ദോഹയിലെത്തുേമ്പാൾ നാട്ടിൽ സമയം പുലർച്ചെ ഒരു മണിയോടടുത്തിരുന്നു.
ശരീരവും മനസ്സും മടുപ്പിച്ച ഈ യാത്രയെ റഷീദ് വിവരിക്കുന്നത് ഇങ്ങനെ... ‘‘മൂന്നു മാസത്തെ അവധിയും കഴിഞ്ഞ് മേയ് 16നുള്ള മടക്ക ടിക്കറ്റായിരുന്നു ബുക്ക് ചെയ്തത്. ജീവനക്കാരുടെ സമരത്തെ തുടർന്ന് ആ വിമാനങ്ങൾ നേരത്തേ റദ്ദായതിനാൽ, മേയ് 20 തിങ്കളാഴ്ചയിലേക്ക് പകരം ടിക്കറ്റ് നൽകി. അതുമായാണ് കഴിഞ്ഞ ദിവസം രാവിലെ 9.30ന് കോഴിക്കോട്ടുനിന്നും ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിനായി കൂട്ടുകാർക്കൊപ്പം വീട്ടിൽനിന്നും പുലർച്ചെ അഞ്ചുമണിക്ക് മുമ്പ് പുറപ്പെട്ടത്. കരിപ്പൂരിലെത്തി വിമാനത്താവളത്തിനകത്തേക്ക് കയറാനിരിക്കെ ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയ അറിയിപ്പെത്തി. വിമാനക്കമ്പനി അധികൃതരുടെ സന്ദേശമൊന്നും ലഭിക്കാത്തതിനാൽ, സർവിസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എയർപോർട്ടിലേക്ക് പുറപ്പെട്ടത്.
ഒരു തവണ മാറ്റിവെച്ച യാത്രയായതിനാൽ, എങ്ങനെയെങ്കിലും ഖത്തറിലെത്തണമെന്ന തീരുമാനത്തിലായിരുന്നു. അതിനിടെയാണ്, വിമാനക്കമ്പനി അധികൃതർ കണ്ണൂരിൽനിന്നും പുറപ്പെടുന്ന വിമാനത്തിൽ സീറ്റുണ്ടെന്ന് അറിയിപ്പ് നൽകുന്നത്. പ്രതിഷേധിച്ച ചില യാത്രികർ ടിക്കറ്റ് തുക തിരിച്ചുവാങ്ങി, അധിക നിരക്കിൽ മറ്റു വിമാനങ്ങളെ ആശ്രയിച്ച് യാത്ര പ്ലാൻ ചെയ്തു. ഞങ്ങൾ, കുറച്ചു പേർ കണ്ണൂരിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ചൊവ്വാഴ്ച വിസ കാലാവധി കഴിയുന്ന മലപ്പുറം സ്വദേശിയെയും വിമാനത്താവളത്തിൽവെച്ചു പരിചയപ്പെട്ടിരുന്നു. അദ്ദേഹം കോഴിക്കോട്ടെത്തി ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പുറപ്പെട്ടു. സന്ദർശക വിസയിൽ ഖത്തറിലേക്ക് പുറപ്പെട്ട പെരിന്തൽമണ്ണ സ്വദേശി ഇബ്രാഹിമും നാട്ടുകാരനായ മൊയ്തി എന്നിവരുമായി ഞങ്ങളും കണ്ണൂരിലേക്ക്. വന്ന വഴി തന്നെ മടങ്ങി, നാലുമണിക്കൂറിലേറെ നീണ്ട യാത്രക്കൊടുവിൽ കണ്ണൂരിലെത്തുേമ്പാഴേക്കും വൈകുന്നേരത്തോടടുത്തിരുന്നു. ശേഷം, രാത്രി 7.10ഓടെ എയർ ഇന്ത്യ വിമാനം പറന്നുയർന്നതോടെയാണ് ശ്വാസം നേരെ വീണത്...’ എയർ ഇന്ത്യ എക്സ്പ്രസിലെ ദുരിതയാത്രയുടെ മറ്റൊരു ഇരയായി റഷീദ് തന്റെ അനുഭവം പറഞ്ഞവസാനിപ്പിക്കുന്നു.
നാട്ടിൽനിന്നും ഖത്തറിലേക്ക് വന്നവരുടെ മാത്രമല്ല, ദോഹയിൽനിന്നും കോഴിക്കോട്ടേക്ക് പുറപ്പെടാൻ ഇരുന്നവരുടെ അവസ്ഥയും ഇതുതന്നെ. മാതാവിന്റെ ഹജ്ജ് യാത്രയയപ്പിൽ പങ്കെടുക്കാനായി നാട്ടിലേക്ക് ടിക്കറ്റെടുത്ത കോഴിക്കോട് സ്വദേശി ആസിഫ് തിങ്കളാഴ്ച പുറപ്പെടാനിരിക്കെയാണ് വിമാനം വൈകുന്നേരത്തേക്ക് മാറ്റിയതായി അറിയിപ്പ് ലഭിക്കുന്നത്. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ അതും റദ്ദാക്കിയ വിവരമെത്തി. പകരം പറന്നിറങ്ങിയതാവട്ടെ കണ്ണൂരിലും. അടിയന്തര സാഹചര്യത്തിൽ നാട്ടിലേക്ക് പുറപ്പെടുന്നവർ എയർ ഇന്ത്യ ഒഴിവാക്കി മറ്റു വിമാനക്കമ്പനികളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന ഉപദേശവും ആസിഫ് നൽകുന്നു.
യാത്രാ മുടക്കത്തിന് ഒടുക്കമില്ല; പ്രവാസികൾ പെരുവഴിയിൽ

ദോഹ: മേയ് എട്ട്, ഒമ്പത് ദിവസങ്ങളിലായി നടന്ന ജീവനക്കാരുടെ സമരം അവസാനിച്ച് രണ്ടാഴ്ചയായിട്ടും എയർ ഇന്ത്യ എക്സ്പ്രസ് തീർക്കുന്ന യാത്രാദുരിതം അവസാനിക്കുന്നില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിലെ വിവിധ നഗരങ്ങളിൽനിന്നുള്ള നാല് സർവിസുകൾ മുടങ്ങിയത് ദോഹയിലേക്കുള്ള നിരവധി യാത്രക്കാരെയാണ് പെരുവഴിയിലായത്. തിങ്കളാഴ്ച വൈകീട്ട് 6.40ഓടെ കൊച്ചിയിൽനിന്നും ദോഹയിലേക്കുള്ള ഐ.എക്സ് 475 എയർ ഇന്ത്യ എക്സ്പ്രസും, രാവിലെ 9.35നുള്ള ഐ.എക്സ് 375 വിമാനവും റദ്ദാക്കി. തിരികെ ദോഹയിൽനിന്നും നാട്ടിലേക്കുള്ള സർവിസും ഇതോടെ മുടങ്ങി.
ചൊവ്വാഴ്ചയും ഇതു തന്നെയായിരുന്നു ദോഹയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ബുക്ക് ചെയ്ത യാത്രക്കാരെ കാത്തിരുന്നത്. കോഴിക്കോട്നിന്നുള്ള വിമാനം നേരത്തേ തന്നെ റദ്ദാക്കിയപ്പോൾ, ഷെഡ്യൂൾ ചെയ്ത കണ്ണൂർ-ദോഹ വിമാനവും ഉച്ചയോടെ മുടങ്ങി. അവധി കഴിഞ്ഞ് ഖത്തറിലേക്ക് പുറപ്പെടാനിരുന്നവരെയും, ഖത്തറിൽനിന്നും അവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങിയവരും ഉൾപ്പെടെ ആയിരത്തോളം യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിലെ അനാസ്ഥയെ തുടർന്ന് പെരുവഴിയിലായത്.
മേയ് രണ്ടാം വാരത്തിലെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയതിനെ തുടർന്ന് ടിക്കറ്റ് മാറ്റിയെടുത്ത് പുറപ്പെടുന്നവരും ഈ ദുരിതത്തിന് വീണ്ടും ഇരയാവുന്നു. അതേസമയം, കേരളം ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ അനിശ്ചിതത്വം മറ്റു ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിദേശ എയർ ലൈൻസുകൾക്കുമാണ് കൊയ്ത്തുകാലമായി മാറുന്നത്. ബുധനാഴ്ച ദോഹയിൽനിന്നും കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് 1200ലേറെയായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

